Friday, April 2, 2010

അങ്കമാലിയിലെ വിശ്വസ്ത സ്ഥാപനം

പതിവ് പോലെ ഒരു പണിയും ചെയ്യാതെ ചുമ്മാ സമയം കൊല്ലാന്‍ ആയിട്ട് കിട്ടിയ ഒരു ഞായര്‍ ആഴ്ച.. രാവിലെ എഴുന്നേറ്റു പതിവ് പരിപാടിയായ മനോരമയും ചായയും ആയിട്ട് സ്പോര്‍ട്സ് പേജും ആയിട്ടുള്ള മല്‍പ്പിടുത്തം നടന്നു കൊണ്ടിരിക്കുന്നൂ.. മനോഹരമായ വാര്‍ത്തകള്‍.. ഗുല്‍മോഹര്‍ പൂത്തു!!! തലക്കെട്ട്‌ കണ്ടപ്പം ഓര്‍ത്തത്‌ ഏതോ പ്രകൃതി സ്നേഹി വാക മരത്തെ കുറിച്ച് എഴുതിയത് ആണെന്നാ.. വായിച്ചപ്പം മനസ്സിലായി.. ഉമര്‍ ഗുല്‍ എന്നാ പാകിസ്ഥാന്‍ കളിക്കാരന്‍ നന്നായി കളിച്ചതിനെ പറ്റി ആണ് വാര്‍ത്ത‍ എന്ന്..മനോരമ എന്നും ആ കൂതറ സ്വഭാവം കാണിക്കാറുണ്ട്..പണ്ട് ഒരെണ്ണം വന്നത്:- സച്ചിന്‍ കസറി ഇന്ത്യ പതറി..  സ്പോര്‍ട്സ് പേജും സിനിമ പരസ്യങ്ങളും അല്ലാതെ അതില്‍ പേജ് ഉണ്ടെന്നു കാണുന്നത് വല്ലപ്പോഴും ആണ്.. അങ്ങനെ ഒരു വാര്‍ത്ത‍ കണ്ണില്‍ പെട്ടു. എയര്‍ ഏഷ്യ എന്നൊരു കമ്പനി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വളരെ തുച്ഛമായ ചിലവില്‍ മലേഷ്യക്ക് വിമാനങ്ങള്‍ പറപ്പിക്കാന്‍ തുടങ്ങുന്നു എന്ന്.. ഇങ്ങനെ പണ്ടു സിങ്കപ്പൂറിലേക്ക്  ഒരു കമ്പനി തുടങ്ങിയതാ.. നമ്മള്‍ കുറെ എണ്ണം വലിഞ്ഞു കേറി പോയി മൂന്നാം മാസം കമ്പനി പൂട്ടി.. ആ ഒരു ഓര്‍മ ഉള്ളത് കാരണം എത്രയും നേരത്തെ ഇതിനു പോണം എന്ന് തോന്നി.. ഉടനെ തന്നെ ഏതു തല്ലിപ്പൊളി പരിപാടി ആണേലും പോകാന്‍ റെഡി ആയിട്ടുള്ള സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു.. 



ഇനി അവന്മാരെ എല്ലാം ഒന്ന് പരിചയപ്പെടാം.. അലക്സണ്‍ അലക്സ് :- ഇദ്ദേഹം ഒരു "frequent flier, party animal" എന്ന ശ്രേണിയില്‍ ഉള്ള ഒരു മനുഷ്യന്‍ ആണ്.. ഹുഅവെ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ആത്മാവും മജ്ജയും മാംസവും എല്ലാം ഇദ്ദേഹം ആണെന്ന് ആണ് അവന്‍ അവനോടു തന്നെ പറയുന്നത്.. ഇന്ത്യക്ക് അകത്തു ഉള്ള ഒരു ട്രിപ്പിനും അവനു അവധി കിട്ടില്ല.. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും അവധി എടുത്താലെ വീട്ടില്‍ ഇരിക്കാന്‍ പറ്റുള്ളൂ എന്ന് വിശ്വസിക്കുന്ന മഹാ മനസ്സിന്‍റെ ഉടമ. ഇന്ത്യക്ക് പുറത്തേക്കു ഉള്ള ടൂര്‍ ആണേല്‍ അവനോടു സമ്മതം ചോദിക്കണ്ട ആവശ്യം പോലും ഇല്ല.. എന്നാലും സാമാന്യ മര്യാദക്ക് ചോദിച്ചു വാങ്ങിച്ചു.. രാത്രി മൂന്നു മണി വരെ ഓഫീസില്‍ ഇരുന്നു പണിതിട്ട് ക്ഷീണിച്ചു വന്നു കേറി ഒരു ബിയര്‍ കുടിച്ചിട്ട് ഹോ ഇത് ഇല്ലാരുന്നേല്‍ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയേനെ!! എന്ന് പറയുന്ന ഒരു തൊടുഫുഷക്കാരന്‍. ഇവനെ സ്നേഹത്തിന്‍റെ പുറത്ത് എല്ലാരും തരകന്‍ എന്ന് വിളിക്കും.. മത്തായി മാത്രം അവനെ തതകന്‍ എന്നും വിളിച്ചു പോന്നു.

രണ്ടാമത്തവന്‍ ബിബിന്‍ :- ഇന്‍ഫോസിസ് എന്ന ഭീകരന്‍റെ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വര്‍ഷങ്ങള്‍ ആയി വാങ്ങുന്നവന്‍.. കൊല്ലം കുറെ ആയി ഈ പുരസ്കാരങ്ങള്‍ എല്ലാം വാങ്ങുന്നുണ്ടെങ്കിലും കക്ഷി ഇത് വരെ ഒരു പ്ലേനില്‍ കേറിയിട്ടില്ല.. ഇത് പോലെ ഒരു ട്രിപ്പ്‌ ഏറ്റവും അധികം താല്പര്യം ഉള്ളതും അത് കൊണ്ട് അവനു തന്നെ ആരുന്നു. ജീവിതത്തില്‍ തിന്നുക, ഫുട്ബോള്‍ കളിക്കുക എന്നത് മാത്രം ആണ് ലക്‌ഷ്യം എന്ന് വിശ്വസിക്കുന്നവന്‍.. ആഹാരം എവിടെ എലും ഇരിക്കുന്നത് കണ്ടാല്‍ അത് തീരുന്നത് വരെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒരു പാവം. ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രോപോസ് ചെയ്യാന്‍ പോയിട്ട് ഞാന്‍ ഒറ്റ ഇരുപ്പില്‍ 20 ഇഡലി തിന്നും.. നന്നായി ബോള്‍ ചെയ്യും എന്നൊക്കെ പറഞ്ഞു അലംബ് ആക്കിയവന്‍ .. മറ്റൊരു തൊടുഫുഴക്കാരന്‍. ഈ തീറ്റ കാരണം ഇവനെ എല്ലാരും വയറന്‍ എന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.. 

മൂന്നാമന്‍ സോണി :- UPS ഉണ്ടാക്കുന്ന APC എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന.. അല്ല അങ്ങനെ പറയാന്‍ പറ്റില്ല.. കാരണം ഒരു പണിയും അവന്‍ അവിടെ ചെയ്യുന്നതായിട്ട്‌ അവനു പോലും അറിവില്ല.. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇന്‍റര്‍നെറ്റില്‍ നിന്ന് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു ഹാര്‍ഡ് ഡിസ്കുകള്‍ നിറക്കുക എന്നതാണ് പരിപാടി. കണ്ട സിനിമകള്‍ ആണേല്‍ പോലും കുറച്ചു കൂടി നല്ല ക്ലാരിറ്റി ഉള്ള പ്രിന്‍റ് വന്നാല്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.. കുറെ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങിക്കുക.. ഇതൊക്കെ ആണ് മെയിന്‍ പരുപാടികള്‍. പിന്നെ ഒരു പരിപാടി:- എന്തേലും ഒരു വാചകം പറയും.. തൊട്ടു അടുത്ത വാചകം മുന്നേ പറഞ്ഞതിന്റെ നേരെ വിപരീതം ആരിക്കും.. ഇവനോട് ഞാന്‍ പല തവണ ചോദിക്കാറുണ്ട്.. "നിനക്ക് ശെരിക്കും വട്ടാണോ അതോ വട്ടു അഭിനയിക്കുന്നതാണോ എന്ന്?" വീണ്ടും തൊടുഫുഴ, ഇവനെ എല്ലാരും ശിതാവ് എന്നൊക്കെ ആണ് വിളിക്കുന്നത്‌.. എന്ത് കൊണ്ട് ആണെന്നൊന്നും എനിക്കോര്‍മയില്ല.. ഇങ്ങനെ പല പേരുകള്‍ക്കും എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല.. അത് ഉടനെ മനസ്സിലാകും..

പിന്നെ നാലാമത്തെ ആള്‍ ഞാന്‍ തന്നെ :- ഞാന്‍ എന്നെ കുറിച്ച് ഇപ്പം എന്ത് പറയാനാ? ബാക്കി ഉള്ളവര്‍ എല്ലാം പറയുന്ന പോലെ മൊത്തത്തില്‍ ഒരു കിടിലന്‍ ഐറ്റം. വൃത്തികെട്ട ചളു കോമഡികള്‍ പറയാതെ ജീവിതത്തെ നല്ലവണ്ണം സീരിയസ് ആയി കാണാന്‍ ശ്രമിക്കുന്ന ഒരു തത്ത്വജ്ഞാനി. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര സംഭവം. ഇപ്പം ഇങ്ങനെ ഒക്കെയേ എഴുതാന്‍ പറ്റൂ.. പണ്ടത്തെ പോലെ അല്ല.. ഞാന്‍ കെട്ടാന്‍ പോകുവാ.. ഭാര്യ ഇതെല്ലാം കണ്ടാല്‍ എന്നെ കുറിച്ച അഥവാ എന്തേലും ഒരു ഇമ്പ്രഷന്‍ ഉണ്ടേല്‍ അത് കൂടി പോകും.. ഇവനെ എല്ലാരും സ്നേഹത്തോടെ തൊലി എന്ന് വിളിച്ചു.. ഹോ ഇത്രയും അലമ്പ് ആയിട്ടുള്ള ഒരു പേര് ഞാന്‍ എന്‍റെ ജീവിതത്തില്‍ കേട്ടിട്ടില്ല.. ഇതിനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. ചുമ്മാ അങ്ങനെ അങ്ങ് വിളിക്കുന്നു.. :) ആ വൃത്തികെട്ട സായിപ്പിനെ എന്‍റെ കയില്‍ കിട്ടിയാല്‍ വലിച്ചു കീറി വല്ല പട്ടിക്കും ഇട്ടു കൊടുക്കാന്‍ ഉള്ള ദേഷ്യം തോന്നാറുണ്ട് ഈ പേര് കേക്കുംബം. ആ അലവലാതി ആണ് നമുക്ക് എല്ലാവര്ക്കും ഓരോ വൃത്തികെട്ട പേര് സമ്മാനിച്ചത്‌..  തനി കോട്ടയം കാരന്‍.. "ഭ" എന്നൊരു അക്ഷരം ഉണ്ടെന്നു മുകളില്‍ പരിചയപ്പെട്ട തൊടുഫുഴക്കാര്‍ക്ക് പറഞ്ഞു കൊടുത്തവന്‍. 

അങ്ങനെ എയര്‍ ഏഷ്യയില്‍ കേറി തരകന്‍റെ കാര്‍ഡ്‌ ഉപയോഗിച്ച് എല്ലാവര്‍ക്കും ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. ഒരാള്‍ക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും കൂടെ ചിലവായത് ഏകദേശം ഒരു 6500 രൂപ. വളരെ ബുദ്ധി കൂടുതല്‍ പ്രയോഗിച്ചത് കാരണം ആണ് ഈ രൂപയ്ക്കു കിട്ടിയത് എന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പം മനസ്സിലായി. നമ്മുടെ ഒരു സുഹൃത്തിന്‍റെ അളിയനും കുടുംബവും പോകാന്‍ ആയിട്ട് ടിക്കറ്റ്‌ കിട്ടിയത് 3000 രൂപയ്ക്കു ആണത്രേ.. മൊത്തം 4 ദിവസം മലേഷ്യയില്‍.. അതാണ്‌ പ്ലാന്‍. പിന്നെ നല്ല ചൂട് കൂടി ഇരിക്കുന്ന സമയത്ത് തന്നെ ബുക്ക്‌ ചെയ്യാന്‍ ഞങ്ങളെ കൊണ്ട് സാദിച്ചു..അത് കൊണ്ട് അവിടെ ചെന്നാലും പുറത്തു ഇറങ്ങണ്ട.. റൂമില്‍ തന്നെ ഇരിക്കാം. 

ഇനി അവിടെ ചെന്നാല്‍ കാണണ്ട സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം, ആകെ കുറെ നാള്‍ അന്വേഷിച്ചിട്ടും ആകെ കിട്ടിയത് ഒരു പെട്രോണാസ് ടവര്‍ മാത്രം. എന്തൊക്കെ കണ്ടില്ലേലും അതില്‍ വലിഞ്ഞു കേറി ഇരിക്കും എന്നുള്ള ഒരു ഉറപ്പു ഞങ്ങള്‍ എടുത്തു. പിന്നെ അവിടെ ചെന്നാല്‍ താമസിക്കാന്‍ ഉള്ള സെറ്റപ്പ്. അത് പോകുന്നതിന്‍റെ  രണ്ടു ദിവസം മുന്നേ ആയിട്ടും ആരും ഒന്നും ശെരി ആക്കീട്ടില്ല. അങ്ങനെ ഇരിക്കുമ്പം 3000 രൂപയ്ക്കു ടിക്കറ്റ്‌ കിട്ടി എന്ന് മുന്നേ പറഞ്ഞ അളിയന്‍ വഴി അവിടെ ഉള്ള കുറെ ഹോടെലുകളുടെ അഡ്രസ്സും ചാര്‍ജും എല്ലാം കിട്ടി. ആകെ എല്ലാത്തില്‍ നിന്നും റേറ്റ് മാത്രം നോക്കി, ഉള്ളതില്‍ ഏറ്റവും പിച്ച എന്ന് തോന്നിയത് തപ്പി പിടിച്ചു.. ഹോട്ടല്‍ ചൈന ടൌണ്‍ (2). എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ അങ്ങനെ ഒരു പേര് ഞാന്‍ കേട്ടിട്ടില്ല.. വാല് പോലെ ഒരു അക്കം അതും ഒരു ബ്രാക്കറ്റില്‍.. സംഭവം കേറി നോക്കിയപ്പം സൈറ്റ് ഒക്കെ ഉണ്ട്.. സൈറ്റ് ഉള്ളതിലെ ഏറ്റവും തൊട്ടി സെറ്റപ്പ് ഇവന്മാരുടെ ആണെന്ന് തോന്നി.. ഒരാള്‍ക്ക് 4 ദിവസത്തേക്ക് താമസിക്കാന്‍ 2000 രൂപ ഏകദേശം ചെലവ്. ഹോ ഞാന്‍ പണ്ട് അമേരിക്കയില്‍ പോയപ്പം താമസിച്ച ഹോട്ടലില്‍ ഒരു ദിവസത്തിന് 4500 രൂപ ആരുന്നു വാടക. അന്ന് അത് കമ്പനി കൊടുത്തു.. ഇന്നിത് നമ്മള്‍ തന്നെ കൊടുക്കണം.. അത് കൊണ്ടും അതില്‍ കുറവുള്ളത് കണ്ടു പിടിക്കാന്‍ സമയം അനുവദിക്കാത്തത് കൊണ്ടും അത് കേറി ബുക്ക്‌ ചെയ്തു. 

അങ്ങനെ പെട്രോണാസ് എങ്കിലും കാണണം എന്നുള്ള മോഹവും ആയി ഞങ്ങള്‍ ഒരു വെള്ളിയാഴ്ച രാത്രി കൊച്ചിയിലേക്ക് പുറപ്പെടാം എന്ന് തീരുമാനിച്ചു.. യാത്ര നമ്മുടെ കാറില്‍ ആയതു കൊണ്ട് രാത്രി 2 മണി ഒക്കെ ആകുംബം പോകാം എന്നുള്ള തീരുമാനത്തില്‍ എത്തി ചേര്‍ന്നു. പാതി രാത്രി കഴിഞ്ഞു യാത്ര തുടങ്ങുന്നത് കാരണം അതിനു മുന്നേ മര്യാദക്ക് കിടന്നു ഉറങ്ങാം എന്ന് വിചാരിച്ചു അന്ന് പതിവിലും നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങി. വന്നു ഞാന്‍ എന്‍റെ പാക്കിംഗ് എല്ലാം കഴിഞ്ഞു റെഡി ആയി. പാക്കിംഗ് എന്ന് പറയുമ്പം തെറ്റിദ്ധരിക്കണ്ട.. ആകെ ഒരു ജീന്‍സും 2 ടീ ഷര്‍ട്ടും. ബാക്കി എല്ലാം അവിടെ ചെന്നിട്ടു വാങ്ങിച്ചിട്ട് ഇടുക.. അല്ലെങ്കില്‍ ബാക്കി ഉള്ളവന്മാരുടെ കയില്‍ നിന്നും അടിച്ചു മാറ്റുക.. പക്ഷെ എന്‍റെ ഇതേ ചിന്താഗതി കൂട്ടത്തില്‍ ശിതാവിനും ഉണ്ടാരുന്നു എന്ന് അവിടെ ലാന്‍ഡ്‌ ചെയ്തപ്പം മാത്രം ആണ് എനിക്ക് മനസ്സിലായത്.. അവന്‍ കൊണ്ട് വന്നത് അവന്‍റെ ലാപ് ടോപും പിന്നെ ഒരു ടീ ഷര്‍ട്ടും മാത്രം.. പക്ഷെ അവന്‍റെ ടി ഷര്‍ട്ടുകള്‍ എല്ലാം ഒരു മാതിരി അവിഞ്ഞ സാധനങ്ങളാ.. അവന്‍ അതില്‍ കേറി നിന്നിട്ടാണോ അത് തൈച്ചത് എന്ന് തോന്നിപ്പിക്കും വിധം ഉള്ള ഐറ്റംസ്.. കുറെ മാംസം ഉരുണ്ടു കൂടി വൃത്തികെട് ആയിരിക്കുന്ന അവന്‍റെ ബൈസെപ്സ് ആണ് അവന്‍റെ ബെസ്റ്റ് ഫീച്ചര്‍ എന്ന്.. ഹോ അങ്ങനെ ആണ് അവസ്ഥ എങ്കില്‍ എന്‍റെ കവിളും വയറന്‍റെ വയറും പിന്നെ തരകന്‍റെ ദേഹം മുഴുവനും അവന്‍റെ ബെസ്റ്റ് ഫീച്ചര്‍ ആയേനെ.. നാണം ഇല്ലാത്തവന്‍റെ എങ്ങാണ്ട് ആലു കിളുത്താല്‍ അതും അവനു തണല് എന്ന് പറയുന്ന അവസ്ഥ ആണ് ശിതാവിന്‍റെ.

അങ്ങനെ ഞാന്‍ ഒരു 8 മണി ആയപ്പം കിടന്നു ഉറങ്ങാന്‍ ആയിട്ട്.. ശിതാവ് അവിടെ ഇരുന്നു 10-30 തവണ കണ്ട ഏതോ ഫിലിം വീണ്ടും ഡൌണ്‍ലോഡ് ചെയ്യുന്നു.. വയറന്‍ മടിവാള മുത്തശിയില്‍ പോയി പൊറോട്ടയും ബീഫും കഴിച്ചു a/c വണ്ടിയില്‍ ബാക്കി ഉള്ളവര്‍ക്ക് പണി തരും എന്നുള്ള വാശിയില്‍ ഇരുന്നു ഏതോ ഫുട്ബോള്‍ മത്സരം കാണുന്നു. എന്നിട്ട് കാറില്‍ വെച്ച് എന്തേലും സംഭവിച്ചു കഴിയുമ്പം 
"I didn't do that!!" എന്ന് പറയാന്‍. തരകന്‍ പതിവ് പോലെ ഓഫീസില്‍ നിന്ന് ഇറങ്ങീട്ടില്ല. അവന്‍ 1:55 ആകുംബം ഇറങ്ങാം അത്രേ.. എന്തായാലും നിങ്ങള്‍ 2 മണിക്കല്ലേ പോകുന്നുള്ളൂ എന്നാണു അവന്‍റെ ചോദ്യം.. ഉറങ്ങണം ഉറങ്ങണം എന്നുള്ള ചിന്ദ ആയിട്ട് കിടന്നാല്‍ ഉറങ്ങാന്‍ പറ്റില്ല.. അങ്ങനെ ഒരു അസുഖം എനിക്കുണ്ട്. അത് കാരണം എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. അത് തന്നെ അല്ല.. ഒരിക്കലും വിളിക്കാറില്ലാത്ത പലരും അന്ന് ഫോണും ചെയ്തു... അങ്ങനെ ഒരു 10 മണി ആയപ്പം ഞാന്‍ എഴുന്നേറ്റു കുളിച്ചു ഒരു കാപ്പിം ഉണ്ടാക്കി കുടിച്ചു മടിവാലക്ക് യാത്ര ആയി..തരകനെ തെറി വിളിച്ചു ഓഫീസില്‍ നിന്നും ഇറക്കി. എല്ലാരും അങ്ങനെ ഒരു 12 മണി ആയപ്പം യാത്ര തുടങ്ങി. വയറനോട്  ഞങ്ങള്‍ ആവുന്നത് പറഞ്ഞു.. പോയി അപ്പി ഇടാന്‍.. അവനു ജീവന്‍ ഉണ്ടേല്‍ അവന്‍ ചെയ്യില്ല.. പിന്നേ കാശ് കൊടുത്തു കഴിച്ച ബീഫ് കൊണ്ട് കളയണോ എന്നുള്ള ഭാവം. ഇന്ന് ആ a/c വണ്ടിയില്‍ ഇരുന്നു ഞങ്ങള്‍ മൂന്നു പേരും ശ്വാസം കിട്ടാതെ മരിക്കും.. 

പോകുന്ന വഴിക്ക് എല്ലാവരും മാറി മാറി കാര്‍ ഓടിക്കുന്നു.. ഒരു ബിയര്‍ പോലും അടിക്കാതെ ഇന്നത്തെ ദിവസം മൊത്തം വേസ്റ്റ് ആയിപോയല്ലോ എന്നോര്‍ത്ത് തരകന്‍ ഉറങ്ങി പോയി. വയറന്‍ ഉറങ്ങിയാല്‍ റിസ്ക്‌ ആണല്ലോ എന്നോര്‍ത്ത് ബാക്കി എല്ലാരും കൂടെ പറഞ്ഞു അവനാണ് വണ്ടി ഓടിക്കുന്നത്. അങ്ങനെ ഒരു ടോള്‍ പ്ലാസ എത്തി. അവിടെ കുറെ വണ്ടികള്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. അവിടെ നിര്‍ത്തി ഇട്ടിരുന്ന ഒരു കാറിന്‍റെയും  ഒരു ലോറിയുടെയും  ഇടയ്ക്കു കൂടി വയറന്‍ കുത്തി കേറ്റാന്‍ ഉള്ള ശ്രമം ആണ്. സൈഡില്‍ ഇരുന്ന ഞാന്‍ പറഞ്ഞു.. ഡാ നമുക്ക് യാതൊരു ധിറുതിയും ഇല്ല.. പതുക്കെ ചെന്നാല്‍ മതി.. 
വയറന്‍:- എനിക്ക് കുറച്ചു ധിറുതി ഉണ്ട്..
ഞാന്‍ :- ഡാ ഈ സൈഡ് പോകുന്ന കാര്യം സംശയം ആണ്..
വയറന്‍:- എന്‍റെ സൈഡില്‍ ഇഷ്ടം പോലെ ഇട ഉണ്ട്. 
ഞാന്‍ :- ഡാ ഇത് ഇടിക്കാറായി..
വയറന്‍:- ഡേയ് തൊലി പേടിപ്പിക്കാതെ.. ഒന്നാമതെ വയറില്‍ എന്തൊക്കെയോ പ്രശ്നം ഫീല്‍ ചെയ്തു തുടങ്ങി     
ഞാന്‍ :- അയ്യോ ഇനി അതും കൂടി സഹിക്കണോ.. വണ്ടി ഇടിച്ചാലും കുഴപ്പം ഇല്ല.. നീ നിന്‍റെ വയര്‍ പ്രക്ഷുബ്ദം ആകാതെ നോക്ക്.. 
വയറന്‍:- ഇത് വരെ ഓക്കേ അല്ലെ?
ഞാന്‍ :- അല്ലടാ ഇടിക്കാറായി അയ്യോ ഇപ്പം ഇടിക്കും... 
വയറന്‍:- ഡാ അലവലാതി മിണ്ടാതെ ഇരിയെടാ 
ഞാന്‍ :- ഇടിച്ചു .. ഹോ നീ സാധിച്ചു അളിയാ.. നീ സാധിച്ചു.. അല്ല അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നീ ഇത് എങ്ങോട്ട് ഓടിച്ചോണ്ട് പോയതാ ഇത്ര ധിറുതിയില്‍?
വയറന്‍:- അത് ഈ പ്ലാസ കഴിഞ്ഞ ഉടനെ ഒരു ടോയിലറ്റ് ഉണ്ട്.. അങ്ങോട്ട്‌ പോയതാ.. ആ ഇടി കഴിഞ്ഞതോടു കൂടി ഇറങ്ങി വന്നത് എല്ലാം കേറിപ്പോയെന്നാ തോന്നുന്നേ..
ഞാന്‍ :- അങ്ങനെ പറയരുത് പ്ലീസ്.. ഒരു കുറ്റി പുട്ട് എങ്കിലും അങ്ങ് കഴിക്കണം..ആ എന്തായാലും ഇറങ്ങി വാ, കാറില്‍ ഉള്ളവന്മാരുടെ തെറി കേട്ടിട്ട് കാശും കൊടുത്തിട്ട് പോരാം.. വാ..

വയറന്‍ വണ്ടി മുന്നില്‍ കൊണ്ട് പോയി പാര്‍ക്ക്‌ ചെയ്തിട്ട് തെറി കേക്കാന്‍ ആയി ഇറങ്ങി വരുന്നു.. ഞാന്‍ നേരത്തെ അതിനു റെഡി ആയി ഇറങ്ങി നിന്നു.. ഒരുത്തന്‍ മറ്റേ കാറില്‍ നിന്നും ഇറങ്ങി ഓടി വരുന്നു.. "ഡോ!! ഇത് എന്ത് കാണിക്കുവാ.. ഇയാള്‍ ഇത് ആരെ തോപ്പിക്കാന്‍ ഓടിക്കുവാ.. ഞാന്‍ അവിടെ ഹാന്‍ഡ്‌ ബ്രേയ്കും ഇട്ടു വെച്ചിരുന്ന എന്‍റെ വണ്ടിക്കിട്ടു ഇതെന്നാ കോപ്പാ ഈ കാണിച്ചത്‌?" ഞാന്‍ പറഞ്ഞു.. ചേട്ടാ ഞാന്‍ അല്ല വണ്ടി ഓടിച്ചത്.. ലോ ലവന്‍.. നമുക്ക് തന്നെ പാവം തോന്നിപോയി.. ഒരു തെറി പ്രതീക്ഷിച്ചിട്ടു മാന്യന്‍ ഒന്നും പറയുന്നില്ല.. നമ്മള്‍ നേരെ പറഞ്ഞു.. ചേട്ടാ.. നമ്മള്‍ അംഗീകരിക്കുന്നു നമ്മള്‍ ആണ് കുറ്റക്കാര്‍.. We are the sorry aliyaa.. ഞങ്ങള്‍ അങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നു.. എത്ര കാശു വേണം..നമ്മളോടാ കളി.. തരകന്‍ കൂടെ ഉള്ളടത്തോളം കാലം കാശു നമുക്ക് ഒരു പ്രശ്നമേ അല്ല.. പണം അത് മാത്രം ആണ് പ്രശ്നം.. പുള്ളി എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ചു എന്നിട്ട് പറഞ്ഞു.. ബാംഗ്ലൂരില്‍ തിരിച്ചു ചെന്നിട്ടു വണ്ടി പണിയാന്‍ കൊടുക്കും.. അന്നേരം എത്ര ആയാലും നിങ്ങള്‍ കൊടുത്തേക്കണം.. ഞാന്‍ ഓക്കേന്നു പറഞ്ഞു.. നമ്മുടെ കാറില്‍ നോക്കിയപ്പം ഡോറിന്‍റെ  സൈഡില്‍ കുറച്ചു ചുവപ്പ് പെയിന്റ്.. ശവം.. വല്ല നീല വണ്ടിക്കിട്ടും കൊണ്ടേ കേറ്റുവാരുന്നേല്‍.. അറിയത്തു പോലും ഇല്ലാരുന്നു..ഇത് ചുമ്മാ പുള്ളിടെ വണ്ടിയേല്‍ കുറച്ചു നീല നിറം നമ്മുടെ വണ്ടിയില്‍ കുറച്ചു ചുവപ്പ് നിറം. 
ഏതായാലും അതോടെ വയറന്‍റെ ധിറുതി തീര്‍ന്നു.. പ്രക്ഷുബ്ധമായ വയര്‍ എന്നുള്ളത് കാറ്റും കോളും ഒക്കെ മാറി നല്ല തെളിഞ്ഞ നീലാകാശം വന്ന അവസ്ഥ പോലെ ആയി.. നീലാകാശവും ആയിട്ട് വയറന്‍ പതിയെ പുറകില്‍ ഇറങ്ങി ഇരുന്നു... അതിനു ശേഷം എന്തൊക്കെ സംഭവിച്ചിട്ടും ഗോവിന്ദന്‍ കുട്ടീ, വയറന്‍ മിണ്ടുന്നില്ല..

അങ്ങനെ നമ്മള്‍ ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉള്ള ഒരു ഹോട്ടലില്‍ കേറി ഒന്ന് ഫ്രഷ്‌ ആകാം എന്ന് കരുതി.. റേറ്റ് ചോദിച്ചപ്പം 3 മണിക്കൂര്‍ നേരത്തേക്ക് 600 രൂപ.. അങ്കമാലി പോലെ ഉള്ള ഒരു തൊട്ടി സ്ഥലത്ത് 600 രൂപ. ഇപ്പം കോട്ടയം അല്ലേല്‍ മൂലേടം പോലെ ഉള്ള ഒരു മെട്രോയില്‍ ആരുന്നേല്‍ ഇതൊക്കെ മനസ്സിലക്കാരുന്നു, ഇത് ചുമ്മാ ഒരു മാതിരി.. ഹോ  എത്രയും പെട്ടെന്ന് ഒന്ന് മലേഷ്യ എത്തിയാല്‍ മതിയാരുന്നു.. അവിടെ ഒരു ദിവസത്തേക്ക് 500 രൂപയല്ലേ ഉള്ളൂ.. ഏതായാലും അവിടുന്ന് എല്ലാരും ഫ്രഷ്‌ ആയി, പ്രത്യേകിച്ചും വയറന്‍.. അവന്‍ അവിടുത്തെ ടോയിലെടിനു ഒരു നല്ല മലയാളം കണ്ടു പിടിച്ചു:- ജന കോടികളുടെ അസ്വസ്ഥത അകറ്റുന്ന വിശ്വസ്ത സ്ഥാപനം!!..അങ്ങനെ ഒരു 4 മണിയോടെ നമ്മള്‍ കൊച്ചി എത്തി...

ആദ്യം ഉണ്ടാരുന്ന സുരക്ഷാ പരിശോധനയില്‍ കൂടെ ഉണ്ടാരുന്ന അലവലാതികള്‍ മൂന്നു പേരും കേറി പോയി.. അവന്മാര്‍ എന്‍റെ ബാഗ്‌ പിടിച്ചു വെച്ച്.. കുറെ നേരം വെയിറ്റ് ചെയ്തു കഴിഞ്ഞപ്പം കാര്യം കണ്ടു പിടിച്ചു.. എന്‍റെ ക്യാമറയുടെ ബാറ്റെറി ആരുന്നത്രേ പ്രശ്നം.. അത് ആ ദരിദ്രവാസി പോലീസുകാരന്‍ എടുത്തോണ്ട് പോയി.. റീ ചാര്‍ജ് ചെയ്യാവുന്ന നല്ല ഒന്നാം തരാം നാല് ബാറ്റെറികള്‍..നരസിംഹം കണ്ടിട്ടുള്ള പോലീസ്കാരന്‍ ആരുന്നേല്‍ പോയി പറയാരുന്നു:- ദേ പോലീസുകാരാ, ഞാന്‍ ഈ ഇടക്ക് എന്‍റെ ജാതകം ഒന്ന് നോക്കിച്ചരുന്നു.. അതില്‍ ഞാന്‍ ഒരു പോലീസുകാരനെ കൊല്ലും എന്ന് പറഞ്ഞിട്ടുണ്ടെന്നു...അല്ലേല്‍ മൈ നെയിം ഈസ്‌ ഖാന്‍ കണ്ടിരുന്നേല്‍ പറയാരുന്നു:- മിസ്റ്റര്‍ പോലീസ് മൈ നെയിം ഈസ്‌ തൊലി, ആന്‍ഡ്‌ ഐ അം നോട് എ ടെററിസ്റ്റ് !! അങ്ങനെ നമ്മള്‍ എയര്‍ ഏഷ്യ എന്ന വിമാനത്തിനു ഉള്ളില്‍ പ്രവേശിച്ചു.. .ഒരു പുതിയ അനുഭവം..ഇത് വരെ കണ്ടു പരിച്ചയിച്ചതും കേട്ട് പരിച്ചയിച്ചതും ആയ വിമാന യാത്രകളില്‍ നിന്നൊക്കെ വിഭിന്നമായ ഒരു അനുഭൂതി.. മൊത്തം കണ്‍ട്രി മലയാളീസ്...ചല പില ചല പില എന്നുള്ള ബഹളം.. 

സാധാരണ ഒരു വിമാന യാത്രയില്‍ അടുത്തിരിക്കുന്നവര്‍ പോലും പരസ്പരം മിണ്ടാറില്ല.. എല്ലാവരും അവരവരുടെ സ്വന്തം ലോകത്തില്‍.. ഇവിടെ എല്ലാരും എഴുന്നേറ്റു നിന്ന് പുറകിലെ സീറ്റില്‍ ഉള്ളവരോടൊക്കെ ഭയങ്കര വര്‍ത്തമാനം. നമ്മള്‍ നാല് പേരും നാലായിട്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് കാരണം ആ ചെറിയ വിമാനത്തിന്റെ നാല് അറ്റങ്ങളില്‍ ആണ് സീറ്റ്‌ കിട്ടിയത്. അതില്‍ എന്റേത് ആരുന്നു ഏറ്റവും പുറകില്‍.. എന്‍റെ പുറകില്‍ ആകെ ഒരു റോ കൂടി ഉണ്ട്.. ദൈവം സഹായിച്ചു അതില്‍ ആരും ഇല്ല.. മൊത്തം ആറു സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.. ഏതായാലും വിമാനം പറന്നു തുടങ്ങീട്ടു എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു മാറിയിരിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ വിമാനം പൊങ്ങുന്നതിന് മുന്നേ ഉള്ള സാധാരണ ഡെമോ എല്ലാം അവര്‍ കാണിക്കുന്നു.. ഒക്സിജെന്‍ മാസ്ക് അവിടുന്ന് വരും..മറ്റേതു ഇവിടെ ഇരിപ്പുണ്ട്.. എന്നെല്ലാം.. വയറന്‍ എല്ലാം വളരെ സൂക്ഷ്മതയോടെ കേട്ടോണ്ട് ഇരിക്കുന്നു.. "frequent flier" കൊക്ക് എത്ര കുളം കണ്ടതാ എന്നുള്ള മനോഭാവത്തോടെ ഇരിക്കുന്നു.. അങ്ങനെ വിമാനം കൊച്ചിയില്‍ നിന്നും പറന്നു പൊങ്ങി.. മൊത്തത്തില്‍ ഒരു കുതിര സവാരിയുടെ അവസ്ഥ.. ഇടക്ക് കുറച്ചു ചാട്ടം.. പെട്ടെന്ന് ചെരിഞ്ഞു പോകുന്നു..പൈലറ്റ് കുറെ സമയം എടുത്തു ഈ സാധനം ഒന്ന് നേരെ പറത്താന്‍. അവസാനം ഇത് നേരെ പറന്നു തുടങ്ങി.. ഞാന്‍ കണ്ടതില്‍ സുന്ദരി എന്ന് തോന്നിയ എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചു ആ പുറകില്‍ പോയി ഞങ്ങള്‍ നാല് പേര്‍ക്ക് ഇരിക്കവല്ലോ അല്ലെന്നു.. അവള്‍ പറയുവാ.. ഹേ സുന്ദരക്കുട്ടാ ഞാന്‍ നിന്നെ ദത്തെടുത്തോട്ടെ എന്ന്.. ഞാന്‍ പിന്നെ ഓക്കേന്നു പറഞ്ഞു.. അങ്ങനെ ഞങ്ങള്‍ നാലാളും കൂടി ഏറ്റവും പുറകിലെ സീറ്റില്‍ വന്നു ഇരുന്നു.. 

വെല്യ താമസം ഇല്ലാതെ തന്നെ എല്ലാവര്‍ക്കും അവിടെ ഓരോരോ കമ്പനി ആയി.. എന്നെ തേടി എത്തിയത് രണ്ടു യുവ മിഥുനങ്ങള്‍ ആരുന്നു.. വാര്‍ധക്യ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങിയ ഒരു അങ്കിളും ആന്ടിയും. അവര്‍ അവരുടെ രണ്ടാം മധുവിധു ആണത്രേ.. ഇനി ഇപ്പം ഇടക്ക് ഇടക്ക് ഇങ്ങനെ എവിടേലും ഒക്കെ കറങ്ങി നടക്കാന്‍ ആണത്രേ പ്ലാന്‍. പിന്നെ മലേഷ്യയില്‍ പോയി കാണണ്ട സ്ഥലങ്ങള്‍, പിന്നെ ഇന്ത്യയില്‍ അവര്‍ പോയേക്കുന്ന സ്ഥലങ്ങള്‍ അങ്ങനെ എല്ലാം കുറെ പറഞ്ഞു..  കണ്ടാലെ  മനസ്സിലാകും നല്ല വിവരം ഉള്ള ഏതോ മനുഷ്യന്‍ ആരുന്നു എന്ന്.. ചോദിച്ചപ്പം ഏതോ ബാങ്കിലെ മാനേജര്‍ ആരുന്നു എന്ന് പറഞ്ഞു. പിന്നെ ഒരു ഹിന്ദി കോമഡി പറഞ്ഞു.. ഏതോ തമിഴന്‍ താജ് മഹല്‍ കാണാന്‍ പോയിട്ട് അവിടെ ഉള്ള ഏതോ ഒരു ഹിന്ദിക്കാരനോട് താജ് മഹല്‍ തെരിയുമാ? താജ് മഹല്‍ തെരിയുമാ? എന്ന് ചോദിച്ചു അത്രേ.. ഹിന്ദിക്കാരന്‍ കേക്കുന്നത്.. താജ് മഹല്‍ തേരി മാ എന്നാണെന്നും.. തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളില്‍ ഹിന്ദിക്കാരന്‍ കുത്തബ് മിനാര്‍ തേരി ബാപ് എന്നും പറഞ്ഞു അത്രേ.. ഞാന്‍ പിന്നെ കുറെ നേരം ഇരുന്നു ചിരിച്ചു കൊടുത്തു.. പാവം തരകന്‍.. അവനു എന്നെ പോലെ ഹിന്ദി അറിയില്ലല്ലോ...അത് കൊണ്ട് അവനു ചിരി വന്നില്ല.. കാര്യം മനസ്സിലാകാതെ വെറുതെ  എന്തിനാ ചിരിക്കുന്നെ.. അവന്‍റെ  ഈ ഇരിപ്പ് കണ്ടതോട് കൂടി അങ്കിള്‍ വര്‍ത്തമാനം നിര്‍ത്തി.. പിന്നെ യാതൊന്നും പറഞ്ഞില്ല.. 

ഇങ്ങനെ നമ്മള്‍ ഓരോരുത്തരും ഓരോ ആളുകളും ആയി കുശലപ്രശ്നങ്ങള്‍ നടത്തി പോരുന്നതിനു ഇടയില്‍.. വയറന്‍ എഴുന്നേറ്റു പോയി.. കൂട്ടത്തില്‍ കുറച്ചു ഉത്തരവാദിത്ത ബോധം അവനു ആണെന്ന് ഒരു ചിന്ത അവനു ഉണ്ട്.. അത് തെളിയിക്കാന്‍ ഉള്ള വ്യഗ്രത ആരുന്നു.. അവന്‍ നേരെ ഒരു എയര്‍ ഹോസ്റ്റെസ്സിനോട് ചെന്ന് പറഞ്ഞു... "Hello madam, excuse me.. " ഇവന്‍റെ ഈ അലവലാതി ലുക്ക്‌ കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി മലയാളി ആണെന്ന്.. അവള്‍ മറുപടി കൊടുത്തു.. "പറയൂ" വയറന്‍ ഞെട്ടി പോയി.. കാരണം അവള്‍ അത്രയും നേരം പറഞ്ഞോണ്ട് ഇരുന്ന ഭാഷ ഇംഗ്ലീഷ് പോലും ആയിരുന്നില്ല.. അത് മലേഷ്യയില്‍ സംസാരിക്കുന്ന  മലയ ഭാഷ ആരുന്നു.. ചോദിച്ചും പിടിച്ചും വന്നപ്പം ആണ് അറിയുന്നത്.. അവളുടെ അച്ഛനും അമ്മയും മലയാളികള്‍ ആണ്.പേര് രേവതി. പക്ഷെ ജനിച്ചതും വളര്‍ന്നതും എല്ലാം മലേഷ്യയില്‍ ആണെന്ന് മാത്രം.. അത് കാരണം കുരച്ചു കുരച്ചു മലയാളം അരിയാവുന്ന ഒരു ടൈപ്പ്..ഏഷ്യാനെറ്റിലെ രഞ്ജിനി ഹരിദാസിന് കിരണ്‍ ടിവിയിലെ നാഷിനു ഉണ്ടായ സന്താനം. കണ്ടാലും ഏതാണ്ട് അങ്ങനെ ഒക്കെ ഇരിക്കും.. ഒരു അവലക്ഷണം പിടിച്ച ലുക്ക്‌. വയറന്‍ മലേഷ്യയില്‍ ചെന്നാല്‍ കാണണ്ട സ്ഥലങ്ങള്‍, നൈറ്റ്‌ ലൈഫ്, "most happening places", ഇങ്ങനെ മലേഷ്യയില്‍ എന്തൊക്കെ ഉണ്ടോ.. അതിനെ കുറിച്ചൊക്കെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.. അവളുടെ മുഖം കണ്ടാലെ നമുക്ക് മനസ്സിലാകും.. ഇവന് ഒന്നും വേറെ യാതൊരു പണിയും ഇല്ലേ.. എന്നുള്ളത് ആണ് അവള്‍ ചിന്ദിക്കുന്നത് എന്ന്.. കുറെ നേരം കഴിഞ്ഞപ്പം 
രേവതി :- അല്പം തിരക്കുണ്ട്‌. 
വയറന്‍ :- എനിക്ക് തിരക്കില്ല... 
രേവതി :- അല്ല എനിക്ക് തിരക്ക് ഉണ്ടെന്നു 
വയറന്‍ :- ഓഹോ അവോയിഡ് ചെയ്യുവാണല്ലേ!!  
വയറന്‍ തിരിച്ചു നമ്മുടെ അടുത്ത് വന്നിട്ട് പറഞ്ഞു.. ഡേയ് അവളുടെ കൈ ഒക്കെ അപ്പിടി കറുത്തതാ..മുഖത്തിനും ഒരു ഐശ്വര്യം പോരാ. 
ഉടനെ ശിതാവ് :-അതിനു നീ അവളെ കെട്ടാന്‍ പോകുവോന്നും അല്ലല്ലോ.. പിന്നെന്താ..?
വയറന്‍ :- അല്ല .. എന്നാലും.. ആ പറഞ്ഞുവെന്നെ ഉള്ളൂ.. 
വയറന്‍റെ ആ ഇരിപ്പ് കണ്ടാലേ അറിയാം.. രേവതി തമ്പുരാട്ടി ഫ്രം ത്രിപ്പൂണിത്തറ കോവിലകത്തിന്‍റെ ആ പെരുമാറ്റം അവനെ മാനസികം ആയി തകര്‍ത്തു കളഞ്ഞു..ഞങ്ങള്‍ മൂന്നു പേരും ഏതായാലും ഹാപ്പി ആയി..

അങ്ങനെ കുറെ ഫുഡ്‌ ഒക്കെ അടിച്ചു നമ്മള്‍ മൂന്നു പേരും കൂടി വര്‍ത്തമാനം പറഞ്ഞു ഇരുന്നപ്പം ശിതാവിനെ കാണാനില്ല.. നോക്കിയപ്പം അവിടെ ഉള്ള മൂന്നു സീറ്റില്‍ പുള്ളി കാല്‍ ഒക്കെ മുകളില്‍ കേറ്റി വെച്ച് സപ്രമന്ജ്ജത്തില്‍ കിടക്കുന്ന പോലെ കിടന്നു ഉറങ്ങുന്നു...ആകെ മൂവായിരം രൂപ ആണ് ടിക്കറ്റ്‌.. അതും എടുത്തിട്ട് ഈ അലവലാതി അവിടെ മൂന്നു പേരുടെ സീറ്റും എടുത്തു കിടന്നു ഉറങ്ങുന്നു.. വയറന്‍ എങ്ങാനും ഇനീം കേറി മിണ്ടിയാലോ എന്ന് വെച്ച് രേവതി ഈ നയന ഭേദകമായ കാഴ്ച കണ്ടിട്ടും കാണാത്ത മട്ടില്‍ പോയി.. ഈ വിമാന യാത്ര കൊണ്ട് ഉണ്ടായ ഒരു ഗുണം.. മലേഷ്യയില്‍ ചെന്ന് കാണണ്ട ഒരു സ്ഥലം കൂടി പിടി കിട്ടി എന്നുള്ളത് മാത്രം ആണ്.. "ജെന്ടിംഗ് ഹൈ ലാന്ട്സ്". അങ്ങനെ പാതി രാത്രി ആകാറായപ്പം  നമ്മള്‍ മലേഷ്യയില്‍ കാലു കുത്തി.. 
അവിടുന്ന് നമ്മളുടെ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലമായ ചൈന ടൌണിലേക്ക് ഒരു ബസ്‌ കിട്ടി. അങ്ങനെ പാതി രാത്രി ഒരു നൈറ്റ്‌ സഫാരി ആസ്വദിച്ചു കൊണ്ട് നമ്മള്‍ ചൈന ടൌണിലേക്ക് തിരിച്ചു. ബസില്‍ കേറുന്നതിനു മുന്നേ തന്നെ തരകന്‍ അവിടെ ഉണ്ടാരുന്ന എല്ലാ മാപ്പും എടുത്തു ബാഗില്‍ കേറ്റി.. ബസില്‍ ഇരുന്നു അവന്‍ മാപ്പ് വെച്ച് നമ്മള്‍ ഇപ്പം ഏതു സ്റ്റോപ്പ്‌ ആണ്.. അടുത്തത് ഏതു സ്റ്റോപ്പ്‌ ആണ് എന്നൊക്കെ കണ്ടു പിടിച്ചു പറയാന്‍ തുടങ്ങി.. അങ്ങനെ നമുക്ക് ഒരു ഏകദേശ രൂപം കിട്ടി.. നമ്മുടെ സ്ഥലത്തെക്കുറിച്ച്. അങ്ങനെ നമ്മള്‍ ചൈന ടൌണില്‍ ചെന്ന് ഇറങ്ങി. ഒരു ഇടുങ്ങിയ വഴി, രണ്ടു സൈഡിലും കടകള്‍ കച്ചവടം കഴിഞ്ഞു പൂട്ടി കേറ്റി വെച്ചേക്കുന്നു. കുറെ ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു കഴിഞ്ഞപ്പം നമ്മുടെ ചൈന ടൌണ്‍ (2) എന്ന ഹോട്ടല്‍ കണ്ടു പിടിച്ചു. അവിടെ ചെന്ന് ചെക്കിന്‍ ചെയ്ത പാടെ അന്നത്തെ ദിവസം വേസ്റ്റ് ആക്കാതെ ഇരിക്കണം തരകന്.. നേരെ ഇറങ്ങി.. ഒരു തട്ടുകട പോലത്തെ സാധനം ഉണ്ടാരുന്നു.. എന്തൊക്കെയോ വൃത്തികെട്ട ചൈനീസ് സാധനങ്ങള്‍ ഒക്കെ വാങ്ങിച്ചു ഭയനഗര കഴിപ്പ്‌.. ബാക്കി ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അതങ്ങ് കഴിക്കാനേ തോന്നുന്നില്ല.. "frequent flier" ഉപദേശിച്ചു. എടാ പുറം നാട്ടില്‍ ഒക്കെ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഒരിക്കലും ഇന്ത്യന്‍ ഫുഡ്‌ കഴിക്കരുത്.. എവിടെ ആണോ പോകുന്നത്.. അവിടുത്തെ ഫുഡ്‌ വേണം തിന്നാന്‍.. വയറന്‍ ഈ ഉപദേശം ശ്രവിച്ചതിനു ശേഷം കുറെ എടുത്തു തിന്നാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷേം ഇല്ല.. വയറന്‍ ആയുധം വെച്ച് കീഴടങ്ങി. മഹാരഥന്‍ ആയ വയറന്‍ ആയുധം വെച്ച് കീഴടങ്ങിയ സ്ഥിതിക്ക് പിന്നെ നമ്മുടെ കാര്യം പറയാന്‍ ഉണ്ടോ? എല്ലാം നീ തന്നെ ഒറ്റയ്ക്ക് തിന്നോ എന്നും പറഞ്ഞു.. ബാക്കി എല്ലാരും കുടി മാത്രം ആയി സമയം കളഞ്ഞു.  

ഇനി ഉള്ള മൂന്നു നാല് ദിവസം നമ്മളെ ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍.. തെറ്റിദ്ധരിക്കരുത്.. ഈ വാക്ക് എവിടേലും ഒക്കെ ഒന്ന് പ്രയോഗിക്കണം ആഗ്രഹിച്ചു പോയി.. അത് കൊണ്ട് ചെയ്യുന്നതാ..ഇപ്പം തന്നെ ഇത് കുറെ ആയി.. അത് കൊണ്ട് ബാക്കി സംഭവങ്ങള്‍ പിന്നെ എന്നേലും എഴുതാം.. ഉടന്‍ വരുന്നൂ.. ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍


17 comments:

അഖില്‍ ചന്ദ്രന്‍ said...

ഒരു മലേഷ്യന്‍ ട്രിപ്പിനു ബാംഗ്ലൂര്‍ നിന്നും കൊച്ചിയിലേക്ക് ഉള്ള യാത്രാ വിവരണം ആണ് കവി ഉദ്ദേശിച്ചത്.. കൂടെ ഉണ്ടാരുന്നവന്മാരെ താറടിച്ചു കാണിക്കാന്‍ ഉള്ള ശ്രമം ആരുന്നെലും എഴുതി വന്നപ്പം തരകനും വായറനും ശിതാവും എല്ലാം സ്റ്റാര്‍ ആയിപോയോ എന്നൊരു സംശയം.. ഇതെല്ലാം ഉദ്ദേശിച്ചു വന്‍ പ്ലാനിംഗ് നടത്തി വന്ന ഞാന്‍ ആരായി? ആ പോട്ടെ.. ഇനി ഹഠാദാകര്‍ഷിച്ച മലേഷ്യയില്‍ ഞാന്‍ എന്നെ പറ്റി പുകഴ്ത്തി എഴുതി സ്റ്റാര്‍ ആകാന്‍ നോക്കാം..ഇവന് വേറെ പണി ഒന്നും ഇല്ലേ.. ഇനി ഇതിന്റെ സെക്കന്റ്‌ പാര്‍ട്ട്‌ കൂടി സഹിക്കണോ എന്നൊന്നും ചോദിക്കരുത്.. ഒത്തിരി പണി ഉണ്ട്.. ഭയങ്കര പ്രോടക്ടിവിടി ആയത് കൊണ്ട് പെട്ടെന്ന് പണി ചെയ്തു തീരുന്നതാ.
ഗണപതി പപ്പാ.. മോറിയാ

Unknown said...

ഏഷ്യാനെറ്റിലെ രഞ്ജിനി ഹരിദാസിന് കിരണ്‍ ടിവിയിലെ നാഷിനു ഉണ്ടായ സന്താനം. അതെനിക്ക് ഇഷ്ടപ്പെട്ടു
ആകെ മൊത്തം രസമുണ്ട്...ഇനി പോസ്റ്റുമ്പോള്‍ ആ ഫോണ്ട് ശകലം ചെറുതാക്കിയാല്‍ കൊള്ളാം...ഇതിനു വല്ലാത്ത മുഴുപ്പ്

Hermit said...

നീ അലംബാക്കും. "സച്ചിന്‍ കസറി, ഇന്ത്യ പതറി' അല്ലടാ. 'അസര്‍ കസറി, ഇന്ത്യ പതറി' !

arun said...

hi kochus,,,kalakkki...enne hadaathakarshichu.......

Soumya Jijo said...

ഹഠാദാകര്‍ഷിച്ച I didnt heard dat word b4 !!! Frm ur dictionary ??? Anywy nice one ... Whoevr it is who gave dat nick name to u , thy r gr8 !!!!

Just waiting for ഹഠാദാകര്‍ഷിച്ച മലേഷ്യ

അഖില്‍ ചന്ദ്രന്‍ said...

@Jiju:- നന്ദി.. ഫോണ്ട് സൈസ് ആദ്യം ചെറുതാരുന്നു.. പക്ഷെ വായിച്ചു നോക്കിയപ്പം കണ്ണിനു ഒക്കെ ഒരു വേദന പോലെ തോന്നി.. കൂടുതല്‍ സ്‌ട്രെസ് ചെയ്യുന്ന പോലെ.. അത് കൊണ്ട് കുറച്ചു കൂട്ടി പിടിച്ചതാ.. എന്തായാലും ഇനി പോസ്ടുംബം ശ്രദ്ധിക്കാം.

സായിപ്പ്:- ശരിയാട.. ഷോര്‍ട്ട് ടേം മെമ്മറി ലോസ്.. പല കാര്യങ്ങളും മറന്നു തുടങ്ങിയിരിക്കുന്നു.. ആ നിന്‍റെ ഓര്മ പഴയ പോലെ തന്നെ ഉണ്ടല്ലോ.. നന്നായി വരട്ടെ.. പിന്നെ പുണഹ കിട്ടി എന്ന് അറിഞ്ഞതില്‍ സന്തോഷം.. കൂടുതല്‍ പുണഹകള്‍ ഇനിയും നിന്‍റെ ജീവിതത്തെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു..

@ സൌമ്യ:- ഹഠാദാകര്‍ഷിച്ച എന്നാ വാക്ക് മായാവി സിനിമയില്‍ മമ്മൂട്ടി പറയുന്നതാ.. അത് കേട്ടപ്പം മുതല്‍ എവിടേലും ഒക്കെ ഇത് പ്രയോഗിക്കണം എന്ന് കരുതിയതാ.. ഇപ്പോഴാ ഒരു അവസരം ഒത്ത് വന്നത്..

@ കണ്ണന്‍:- നന്ദി മകനെ.. നന്ദി..

Aslam said...

എടേ അഖില്‍.... നീ വൈ.മു.ബ ക്ക് പഠിക്കുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്ടസ്ട്രി തകര്‍ന്നാലും നീ ജീവിക്കും!

Sony said...

kollam nannayitundu.........
pinne ithile kadhapathrangalku jeevichirikunnatho marichatho aya arumayittum oru bandhavum illa ennu koode cherkamayirunnu

Unknown said...

oru cinemakkulla items undalloda...
ninakkithoru script ezhuthi cinema akkikkude ?

kadha,thirakkadha,production,direction "Tholi "...

Pinne thodupuzhakkare malayalam padipikkan ninne poloru sayippine avasyam illa...

Ee Kavi ennulla prayogam arekkurichannu manasilayilla(Line number 1) ,athum nee thanne ano?

അഖില്‍ ചന്ദ്രന്‍ said...

@ Aslam:- വൈ.മു.ബ എത്ര ആലോചിച്ചിട്ടും എനിക്ക് സംഭവം എന്താണെന്ന് മനസ്സിലായില്ല.. പിന്നെ ഒരു ഗൂഗിള്‍ ബ്രെയിന്‍ ഡീകോഡ് ചെയ്യാന്‍ മാത്രം ഞാന്‍ ആളില്ലാത്തത് കൊണ്ട് കൂടുതല്‍ ശ്രമിച്ചില്ല.. ഇടക്ക് എപ്പോഴേലും ഞാന്‍ ഫോണ്‍ വിളിച്ചു സംശയ നിവാരണം നടത്തിക്കൊള്ളാം

@ശിതാവ്:- നന്ദി ഉണ്ടെടാ നന്ദി.. നീ പറഞ്ഞത് ഇപ്പൊ തന്നെ ചെയ്തേക്കാം.. മുകളില്‍ എഴുതിയിരിക്കുന്ന "കഥയിലെ" ആളുകള്‍ക്ക്.. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ യാതൊരു ആളുകളോടും സാമ്യത ഇല്ല.. അഥവാ ഉണ്ടെങ്കില്‍.. അത് തികച്ചും മനപ്പൂര്‍വം മാത്രം ആണ്..

@ വടി :- നീ എന്നെ ഇങ്ങനെ പോക്കിപ്പറയാതെ, ഞാന്‍ ഒരു അഹങ്കാരി ആയി പോവില്ലേ? ;) കഥ തിരക്കഥ മാത്രം അല്ല.. ഗാനങ്ങള്‍, സംഗീതം, ആലാപനം‌, നായക നടന്‍.. ഇത്രയും ഞാന്‍ തന്നെ ചെയ്യും.. അടുത്ത ബാലചന്ദ്ര മേനോന്‍ ആവണം എനിക്ക്.. പിന്നെ കവി എന്ന് ഉദേശിച്ചത്‌ എന്നെ തന്നെയാ.. ഞാന്‍ എന്നെ തന്നെ ഈ ഇടക്ക് ആയിട്ട് കവി എന്നാ വിളിക്കുന്നെ..

അഖില്‍ ചന്ദ്രന്‍ said...

@Aslam:- കിട്ടിപ്പോയി ഗൂഗിള്‍ ബ്രെയിന്‍ ഡീകോഡ് ചെയ്തു..വൈ.മു.ബ എന്ന് വെച്ചാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍..ഹോ എന്നെ സമ്മതിക്കണം...അടി അടി ആ

Shyju said...

kollam nalla yathra vivaranam :-). Ninte suhruthukalonnum(vayaran, tharakan, sheetav) ee yathraye vivarikathakondu nee rakshapettu, allel matu pala kadhakalum purathu varumayirunille.

jayanEvoor said...

തകർപ്പൻ വിവരണം!

ബാക്കി പോരട്ടെ!

(ഞാനും നടത്തി ഒരു ‘വീമാന’യാത്ര. അതിന്റെ വിവരണം എഴുതാമെന്നു വച്ചിരിക്കുവാ... അല്പം കഴിഞ്ഞെഴുതാം ഇനി!)

rajeev said...

hello mr.kochu ithinellam ennodu kadapettirianam.ithellam njan anashwaramakiya chila edukal mathram.ennalum ente oru kutti puttu athu kandappol njan njetti poyi

rajeev said...

hello mr.kochu ithinellam ennodu kadapettirianam.ithellam njan anashwaramakiya chila edukal mathram.ennalum ente oru kutti puttu athu kandappol njan njetti poyi

hariwaves said...

great aliya great.ninte yaathra vivaranam...nee aara mone S.K. POTTEKKAATTO... .. to be script writer...ninakku nalla oru bhaavi kannunnuu.... kollam

അഖില്‍ ചന്ദ്രന്‍ said...

@ഷൈജു:- അതെ അതെ.. അവന്‍മാര്‍ എല്ലാം കൂടി എഴുതുവാരുന്നേല്‍ ഇതേ സാധനത്തിന്‍റെ വേറെ ഒരു പതിപ്പ് കാണേണ്ടി വന്നേനെ. അതില്‍ ഞാന്‍ വെറും ഒരു അലവലാതി ആയിപോയേനെ.. ഇതില്‍ അങ്ങനെ ആയില്ല എന്ന് കരുതാം.. അത് പോട്ടെ.. ഈ മറ്റു പല കഥകള്‍ എന്നത് കൊണ്ട് നീ വേറെ ഒന്നും ഉദ്ദേശിച്ചില്ലല്ലോ അല്ലെ??
@ജയന്‍ :- നന്ദി മാഷേ..
@രാജീവ്‌:- അവസാനം നന്ദി എന്ന് എഴുതി കാണിക്കുന്ന കൂട്ടത്തില്‍ നിന്‍റെ പേര് കൂടി വെക്കാന്‍ ഞാന്‍ ഏര്‍പ്പാട് ഉണ്ടാക്കാം.. എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം
@ വല്യപ്പന്‍ :- ശോ നീ എന്നെ ഇങ്ങനെ പുകഴ്ത്താതെ... എനിക്ക് നാണം വരുന്നു.. എന്തായാലും നന്ദി..