Thursday, June 18, 2009

ISS സ്പേസ് അഖില്‍

ISS സ്പേസ് അഖില്‍
ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു കണ്ടു ശരത് പറയുന്ന സംഗതികള്‍ മനസ്സിലാക്കണം എന്നുള്ള ചിന്ദ വന്നിട്ട് കാലം കുറച്ചു ആയി എന്ന് പറയാം. അത് മാത്രം അല്ല.. ഈ ഇടക്ക് രാഗഭാവം എന്ന ഒരു പരിപാടി കൂടി അവര്‍ തുടങ്ങി.. രണ്ടു പാട്ട് പാടിയിട്ട്.. അത് രണ്ടും ഒരേ രാഗം ആണെന്ന് പറയുന്നത് ഇത് വരെ എനിക്ക് അങ്ങോട്ട്‌ ദഹിച്ചിട്ടില്ല.. അത് ദഹിപ്പിക്കണം അതാരുന്നു പ്രധാനമായ ആവശ്യം.. പിന്നെ ഉള്ള ആഗ്രഹം 2030 എങ്ങിലും ആകുംബം ISS സ്പേസ് അഖില്‍ എന്ന് ഏഷ്യാനെറ്റില്‍ കൂടി പറയണം.. പക്ഷെ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം.. പെണ്ണ് കെട്ടുമ്പം പാട്ടും ഡാന്‍സും ഒക്കെ അറിയാവുന്ന ഒരു കലാകാരിയെ കെട്ടണം എന്ന ഒരു ആഗ്രഹം ഉണ്ടാരുന്നു. അത് കിട്ടില്ല എന്ന് ബോധ്യം ആയപ്പം എന്നാല്‍ പിന്നെ ഇതെല്ലം ഞാന്‍ തന്നെ അങ്ങ് പഠിച്ചേക്കാം എന്ന് അങ്ങട് തീരുമാനിച്ചു. അങ്ങന പലരോടും ചോദിച്ചു ചോദിച്ചു.. അവസാനം ഇന്ദിരാനഗര്‍ സംഗീത സഭ എന്നൊരു സ്ഥാപനം ഉണ്ടെന്നു കണ്ടു പിടിച്ചു. വിളിച്ചു ചോദിച്ചപ്പം ജൂണില്‍ ആണ് അവിടെ പഠനം ആരംഭിക്കുന്നത് എന്നും അറിഞ്ഞു.


അങ്ങനെ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി. ഞാന്‍ രാവിലെ തന്നെ കുളിച്ചു കുട്ടപ്പന്‍ ആയി.. നല്ല ഒരു ഭാഗവതരുടെ വേഷം ഒക്കെ എടുത്തിട്ട് ഒരുങ്ങി ഇറങ്ങി. പോരുന്നതിനു മുന്നേ ആറാം തമ്പുരാന്‍ ഒന്ന് കൂടി എടുത്തിട്ട് കണ്ടു.. സംഗീതം പഠിക്കണം എന്ന മോഹവുമായി എന്ന ഡയലോഗ് കാണാതെ വീണ്ടും വീണ്ടും പഠിച്ചു. ഞാന്‍ ഈ സിനിമ കണ്ടത് പോലെ അവിടുത്തെ ഗുരുവും കണ്ടു കാണും എന്നുള്ള പ്രതീക്ഷയില്‍.. സിംഹത്തിന്റെ മടയില്‍ ചെല്ലുമ്പം അദ്ദേഹം ഗുരു ദക്ഷിണ വെക്കാന്‍ പറയും എന്ന ഉറപ്പിന്മേല്‍.. ഞാന്‍ സാധകം ചെയ്തു സംഗതികള്‍ ശെരിയാക്കി തേച്ചു മിനുക്കി വെച്ചേക്കുന്ന എന്റെ മാസ്റ്റര്‍ പീസ് ഒന്ന് കൂടി പാടി നോക്കി... ഹരിമുരളീരവം..
രാധേ നിന്നേഏഏഏഎ തേടി ഈഇ ഈ ഈ ഈ ഈ ഈ എന്നുള്ള സസ്ട്ടൈന്‍ നോട്ട് ഒക്കെ ഒന്ന് കൂടി ചങ്കില്‍ കൈ വെച്ച് പാടി നോക്കി. എല്ലാം ഓക്കേ.
ഇന്ദിര നഗര്‍ സംഗീത സഭയില്‍ ചേര്‍ന്നാല്‍ അവിടെയും ISS എന്ന് പറയാം. പിന്നെ എന്റെ സുഹൃത്തുക്കള്‍ എല്ലാം തന്നെ ഒന്നുകില്‍ MS എടുക്കാന്‍ പോയി.. അല്ലെങ്കില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നു.. അങ്ങനെ ഞാന്‍ കണ്ടു പിടിച്ച എന്റെ MS ആരുന്നു... ഈ Music Studying. അങ്ങനെ ഞാന്‍ ISS ന്റെ പടിവാതിലിലേക്ക് കയറി... ആകെ മൊത്തം ഒരു പന്തികേട്‌ തോന്നി തുടങ്ങി.. ഒരു നേഴ്സറിയില്‍ ചെന്ന ഒരു അവസ്ഥ.. ഒരു മാതിരി.. പിച്ച വെച്ച് നടക്കാന്‍ പഠിക്കുന്ന പ്രായത്തില്‍ ഉള്ള കുറെ കുരുന്നു പിള്ളേര്‍.
അവിടെ വെച്ച് ആദ്യത്തെ ബോര്‍ഡ്‌ കണ്ണില്‍ പെട്ടു.. മാതാ പിതാക്കളുടെ ശ്രദ്ധയ്ക്ക്‌.. കാവിലമ്മേ.. കാത്തോളണേ!!! അവിടെ ഉണ്ടാരുന്ന എല്ലാ ബോര്‍ഡില്‍ കൂടിയും കണ്ണ് പാഞ്ഞു നടന്നു.. ഒരെണ്ണം പോലും കണ്ടില്ല... വിദ്യാര്‍ത്തികളുടെ ശ്രദ്ധയ്ക്ക്‌ എന്നും പറഞ്ഞു.. ചുരുക്കം പറഞ്ഞാല്‍ അവിടെ ചേരണം എങ്കില്‍ മാതാ പിതാക്കളുടെ കൂടെ ചെല്ലണം എന്ന് സാരം.. ഞാന്‍ പതുക്കെ അകത്തു കയറി.. എന്റെ വരവ് കണ്ടിട്ട് എന്തോ പന്തികേട്‌ ഉള്ള മാതിരി അവിടെ ഇരുന്ന മനുഷ്യന്‍ എന്റെ രണ്ടു വശത്തേക്കും നോക്കി.. അവര്‍ ഞാന്‍ ചേര്‍ക്കാന്‍ കൊണ്ട് ചെന്ന കുട്ടിയെ തപ്പിയതാണെന്ന് ഞാന്‍ അല്പം കഴിഞ്ഞാണ് മനസ്സിലാക്കിയത്.. ഞാന്‍ പറഞ്ഞു നോക്കി.. ശരീരം കുറെ വളര്‍ന്നു എന്നെ ഉള്ളൂ... ബുദ്ധി ആ കുട്ടികളുടെത് മാതിരി തന്നെ ആണെന്ന്... ഞാന്‍ അവിടെ ഇരുന്ന സമയത്ത് വേറെ ഒരു കുട്ടിയെ ചേര്‍ക്കാന്‍ അതിന്റെ അമ്മ കൊണ്ട് വന്നു. അമ്മക്ക് എന്റെ പ്രായം ഇല്ല.. കൊച്ചിന് ഏകദേശം.. അച്ഛാ അമ്മാ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ഒരു പ്രായം.. നടപ്പ് ഒന്നും അങ്ങോട്ട്‌ ഉറച്ചിട്ടില്ല.. പുള്ളിക്കാരിക്ക് ചോക്ലേറ്റ് വേണം എന്നും പറഞ്ഞു കരയുന്നു.. ഞാന്‍ രണ്ടു മൂന്നു മാസം കഴിഞ്ഞുള്ള അവിടുത്തെ അവസ്ഥ ഒന്ന് മനസ്സില്‍ കണക്കു കൂട്ടി.. ആ കൊച്ചു കുട്ടി എന്നെ നോക്കി ഗുരുവിനോട് പറയുന്നു.. ഈ കുട്ടിടെ ശ്രുതി തെറ്റി.. ടെമ്പോ പോരാരുന്നു... ഷഡ്ജം പഞ്ചമം പോലെ ആയി പോയി... ദൈവമേ.. ഈ കിളുന്തു പിള്ളേരുടെ ഇടക്ക് ഞാന്‍.. അയ്യേ.. ആട്ടിന്‍ കൂട്ടത്തിന്റെ ഇടക്ക് ആനയെ കൊണ്ട് കെട്ടി എന്നും പറഞ്ഞു ഏതേലും കുട്ടിടെ അച്ഛന്‍ വന്നു എനിക്കിട്ടു തല്ലും.. അന്നേരം എനിക്ക് ഒരു പഴംചൊല്ല് ഓര്‍മ വന്നു.. കതിരില്‍ കൊണ്ട് വന്നു വലം വെച്ചിട്ട് കാര്യം ഇല്ല.. ഇതൊക്കെ ആയ കാലത്തെ ചിന്ദിക്കണം ആരുന്നൂ..

അങ്ങനെ ഹരിമുരളീരവം പാടാന്‍ പോയ ഞാന്‍ അവിടെ ചെന്ന് ബാ ബാ ബ്ലാക്ക്‌ ഷീപ്‌ പാടണ്ടി വന്നേനെ... പിന്നെ ദാസേട്ടന്റെ ഒരു മലയാളം പാട്ട് തന്നെ പാടണം എന്നുള്ളത് കാരണം.. ഞാന്‍ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് രണ്ടും കല്‍പ്പിച്ചു പല്ലവിയും അനുപല്ലവിയും കഴിഞ്ഞുള്ള വരികള്‍ അങ്ങ് പാടി..
"കുഞ്ഞികണ്ണ് ചിമ്മി ചിമ്മി ഏതോ പൈതല്‍ ... കുഞ്ഞി കാലു പിച്ച പിച്ച വെക്കും കാലം!!" പാടി മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല.. അവിടെ ഉള്ള പിള്ളേര്‍ മൊത്തം ഫ്ലാറ്റ്..എല്ലാരും ചല പില ചല പില കരച്ചില്‍.. പിന്നെ അടുത്തുള്ള കടയില്‍ പോയി കുറെ ചോക്ലേറ്റ് വാങ്ങി കൊടുത്തു യാത്ര തുടര്‍ന്ന്.. ഇനിയും തീരാത്ത യാത്ര.. അങ്ങനെ എന്റെ MS പഠിത്തം കോഞ്ഞാട്ട ആയല്ലോ എന്ന സമാധാനത്തോടെ അടുത്ത MS ഇലേക്ക് തിരിയാന്‍ നോക്കി.. ഹോ എന്തൊക്കെ ആരുന്നു.. ഷഡ്ജം, വലിയ നിഷാദം.. ചെറിയ നിഷാദം.. പഞ്ചമം..ISS, SMS, FLAT, തേങ്ങാക്കൊല...

ഇനി അടുത്ത MS.. Musle Sheriyakkal.. അതിനു വേണ്ടി അടുത്തുള്ള ജിമില്‍ പോയി ചേര്‍ന്നു.. ചെന്ന പാടെ അവിടുത്തെ മാഷ് എന്നോട് ചോദിക്കുവാ.. ഞാന്‍ സ്ഥിരം ആയി.. ബോഡി ബില്ടിംഗ് മത്സരത്തിനു പോകാറുണ്ടോ എന്ന്..ഞാന്‍ പിന്നെ ഓക്കേ എന്ന് പറഞ്ഞു... അത് കഴിഞ്ഞിട്ട് കുറച്ചു വെയിറ്റ് ഒക്കെ എടുക്കാന്‍ പറഞ്ഞു.. അത് എടുത്തു കഴിഞ്ഞപ്പം..മാഷ്‌ ചോദിക്കുവാ... അവിടെ ട്രെയിനര്‍ ആയി നില്‍ക്കാവോ എന്ന്.. ഞാന്‍ അതും ഓക്കേ എന്ന് പറഞ്ഞു.. നമ്മള്‍ ആയിട്ട് എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നെ.. ആഹ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം...

യദാര്‍ത്ഥത്തില്‍ സംഭവിച്ചത്.. എന്താന്ന് വെച്ചാ..ഞാന്‍ അവിടെ ചെന്ന പാടെ മാഷ് എന്നോട് ചോദിച്ചൂ..
Muscle Sheriyakkan അല്ലല്ലോ..ഈ പോണ്ണത്തടി കുറക്കാന്‍ അല്ലെന്നു..? ഞാന്‍ പറഞ്ഞു.. അല്ല MS നും കൂടി ആണെന്ന്.. എന്നിട്ട് എന്നോട് പറഞ്ഞു... 10 മിനിറ്റ്‌ ആ ട്രെട്മില്ലില്‍ കിടന്നു ഓടാന്‍..5 മിനിറ്റ്‌ ആയപ്പോഴേക്കും എന്റെ പരിപ്പ് ഇളകി.. ഞാന്‍ അവിടെ ഇരുന്നു റസ്റ്റ്‌ എടുക്കാന്‍ തുടങ്ങി.. പുള്ളി വന്നു ഇരിക്കരുത് പതുക്കെ നടക്കാന്‍ പറഞ്ഞു... വൃത്തികെട്ടവന്‍... എന്റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ...പിന്നെ പുള്ളിക്കാരന്‍ എന്ത് വന്നു പറഞ്ഞാലും.. ഞാന്‍ പകുതി ചെയ്തതിനു ശേഷം.. റസ്റ്റ്‌ എടുക്കല്‍ ആണ്.. പകുതി സമയം ഞാന്‍ റസ്റ്റ്‌ എടുത്തു തന്നെ തീര്‍ത്തു.. അവസാനം.. ഫോര്‍ ആമിന് ഉള്ള ഒരു എക്സര്‍സൈസ് കഴിഞ്ഞപ്പം എന്റെ മസില്‍ എല്ലാം കൂടി പിടിചിരുന്നിട്ടു ഒരു മാതിരി കൊച്ചിന്‍ ഹനീഫയെ പോലെ ആയി.. കന്നഡ മാത്രം സംസാരിക്കുന്ന ആ മാഷ്‌ എന്നോട് വന്നു ചോദിക്കുവാ... "എന്‍ ആയിതു" എന്ന്.. ഹോ എന്നാലും എന്നോട് അങ്ങനെ ചോദിച്ചു കളഞ്ഞല്ലോ... ഛീ.. ഞാന്‍ പിന്നെ അറിയാവുന്ന കന്നടയില്‍ വെച്ച് കാച്ചി.. "ഓ അങ്ങനെ ആയിതു ഒന്നും ഇല്ല..പിന്നെ ഭയങ്കര പെയിന്‍ ആയിതൂ.. ഞാന്‍ ഇപ്പം കൊച്ചിന്‍ ഹനീഫ ആയിതൂ.. മസില്‍ ഇറക്കി മാടി ബേകൂ.." ഈ കന്നഡ പറയുമ്പം എല്ലാത്തിന്റെം അവസാനം ഒരു മാടി ബേക്കൂ പറഞ്ഞാല്‍ ഒരു പ്രത്യേക സുഖം.. പുള്ളി വന്നു അത് തിരുമ്മി ഇറക്കി.. എന്നിട്ട് പോക്കൊള്ളന്‍ പറഞ്ഞു... അങ്ങനെ രണ്ടാമത്തെ MS ഉം പൊളിച്ചു അടുക്കി.. ഇതാണ് മാഷ്‌ മലയാളം പറയാത്ത ജിമിലേക്ക് ഞാന്‍ ഇല്ലാന്ന് പറയുന്നത്.. ഞങ്ങള്‍ ഇല്ലാന്ന് പറ..!!
MS പഠിത്തം ഒരു വഴിക്കായ സ്ഥിതിക്ക് ഇനി ISS ന്റെ ഫുള്‍ ഫോം ഒന്ന് മാറ്റി പിടിക്കാം.. Ini Sangathi Sheriyaavilla..

എല്ലാവരും എനിക്ക് ദയവായി വോട്ട് ചെയ്യണം.. വോട്ട് ചെയ്യണ്ട ഫോര്‍മാറ്റ്‌ "ISS സ്പേസ് അഖില്‍"