Saturday, April 17, 2021

മേക്കഡാത്തു ട്രിപ്പ്

കൊറോണ മൂലം ഉണ്ടായ ലോക്ക് ഡൌൺ തുടങ്ങീട്ട് ഏകദേശം ഒരു വർഷം ആയി. എങ്ങോട്ടേലും ഒരു ട്രിപ്പ് ഒക്കെ പോയിട്ട് ഒരു വര്ഷം കഴിഞ്ഞു. മാർച്ച് തുടക്കത്തിൽ അപ്പാർട്മെന്റിലെ ഒരു സുഹൃത്ത് ചോദിച്ചു, നമുക്ക് എല്ലാവര്ക്കും കൂടെ ഒരു ഫാമിലി ട്രിപ്പ് പോയാലോ? അധികം ദൂരെ ഒന്നും അല്ലാത്ത ഒരു സ്ഥലത്തേക്കു ..ആലോചിച്ചു നോക്കിയപ്പം.. കൊറോണ കേസുകളിൽ കാര്യമായ കുറവുണ്ട്, ഇത് മുഴുവൻ കുറയുന്നത് നോക്കി ഇരുന്നാൽ എങ്ങും പോക്ക് ഉണ്ടാവില്ല. പിള്ളേരൊക്കെ മര്യാദക്ക് ഒന്ന് പുറത്തു ഇറങ്ങീട്ടു കുറെ കാലം ആയി.. ഒരു മാറ്റം എന്ത് കൊണ്ടും നല്ലതാ. അങ്ങനെ ആണേൽ പോയേക്കാം.. ഞങ്ങൾ റെഡി.. ഒരു വാട്സാപ് ഗ്രൂപ് തുടങ്ങി.. തല്പര കക്ഷികളെ ആഡ് ചെയ്തു. ഒരു ഹോട്ടൽ ലിങ്ക് അയച്ചു തന്നു .. ഏപ്രിൽ 3 - 4 ദിവസങ്ങളിൽ. ദുഃഖ വെള്ളിടെ ലീവ് കാരണം ലോങ്ങ് വീക്കെൻഡ് ആണ്..പിള്ളേരുടെ പരീക്ഷ കഴിഞ്ഞു അവരും ഫ്രീ ആണ്. എല്ലാം പെർഫെക്റ്റ്...

സ്ഥലം മേക്കഡാത്തു, നമ്മുടെ വീട്ടിൽ നിന്ന് ഒരു 100+ കിലോമീറ്റർ .. വെല്യ കുഴപ്പം ഇല്ല. സ്ഥലം സജസ്റ്റ് ചെയ്ത മച്ചാൻ പണ്ട് ഇവിടെ പോയിട്ടും ഉണ്ട്.. അപ്പം നല്ല സ്ഥലം ആയിരിക്കും. ആറു ഫാമിലി ഓക്കേ ആയി. എല്ലാരും മച്ചാൻ അയച്ചു തന്ന ലിങ്കിൽ കേറി ബുക്ക് ചെയ്തു.. വേറെ ഹോട്ടൽ ഒന്നും ആരും തപ്പിയില്ല. ബുക്കിംഗ് കഴിഞ്ഞു എല്ലാരും അതൊക്കെ മറന്നു.. പോകണ്ട സമയം ഏകദേശം ആകാറായി.. ഇന്ത്യ മൊത്തം കോവിഡ് കേസുകൾ കൂടി കൂടി വരുന്നു.. എന്തായാലും ബുക്ക് ചെയ്തതല്ലേ.. അത്യാവശ്യം സൂക്ഷിച്ചൊക്കെ അങ്ങ് പോകാം. 


രാവിലെ ഏഴു മണിക്ക് ഇവിടുന്നു ഇറങ്ങാം, കനക്പുര പരിസരത്തു ഒരു MTR ഉണ്ട് അവിടുന്ന് ബ്രേക്ഫാസ്റ് കഴിക്കാം അതാണ് പ്ലാൻ. MTR എന്ന് കേട്ടപ്പോഴേ എന്റെ മൂഡ് പോയി 


രാവിലെ തന്നെ കന്നഡ ഫുഡ്.. കുറച്ചു അക്രമം ആണ്.. ബാംഗ്ലൂർ വന്നിട്ട് 17 വര്ഷം ആയിട്ടും.. ഇവിടെ ഇഷ്ടപ്പെടാത്ത ഒരു സാധനം ഇവരുടെ ഫുഡ് ടേസ്റ്റ് ആണ്... മസാല ദോശ ഒക്കെ മൊത്തം എണ്ണയിൽ കുളിപ്പിച്ച് കരിച്ചു എടുത്തിട്ട്.. അകത്തു മുളക് പൊടി ഒക്കെ തേച്ചു മധുരം ഉള്ള സാമ്പാറും, കടല അരച്ച ചമ്മന്തിയും ..മൊത്തം ഒന്നാംതരം വെറുപ്പീരു ...ജീവിക്കുന്നത് തന്നെ ഫുഡ് അടിക്കാനാണ് എന്ന ഫിലോസഫി ആണ് നമ്മുടെ അതിനിടക്ക് MTR.. പോണ വഴിക്കു അഡയാർ ആനന്ദ ഭവൻ കണ്ടാൽ ഞാൻ കേറും എന്ന് ഞാൻ അവരോടു ഒന്ന് സൂചിപ്പിച്ചു വെച്ച്.. നല്ല ദോശ, പൂരി, കാപ്പി ഒക്കെ കിട്ടും.. രാവിലെ ഏഴു ആയപ്പം തന്നെ നമ്മൾ റെഡി ആയി പാർക്കിങ്ങിൽ എത്തി. രണ്ടു ഫാമിലി റെഡി ആരുന്നു.. ബാക്കി ഉള്ളവർ പതുക്കെ പതുക്കെ വന്നു.. ഏഴര ആയപ്പം കുറച്ചു പേര് വന്നിട്ടില്ല എന്നാലും നമ്മൾ പതുക്കെ ഇറങ്ങി ... പോയ വഴിക്കു നമുക്ക് അഡയാർ ആനന്ദ ഭവൻ കിട്ടി. നല്ല ഫുഡ് അടിച്ചു.. മനസ്സും വയറും നിറഞ്ഞു.

നമ്മൾ ഫുഡ് ഒക്കെ അടിച്ചു കഴിഞ്ഞു.. ഒരു 15 കിലോമീറ്റർ കൂടി കഴിഞ്ഞുള്ള MTR ലേക്ക് ചെന്നു.. ചിലരൊക്കെ കഴിക്കുന്നു.. ചിലർ ഓർഡർ ചെയ്യുന്നു.. നമ്മൾ എല്ലാവരും കുറെ സമയം അവിടെ ചിലവഴിച്ചു. 



അടുത്ത ഡെസ്റ്റിനേഷൻ - മേക്കഡാത്തു. 

കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം നമ്മൾ മേക്കഡാത്തു എത്താറായി.. പച്ചപ്പും ഹരിതാഭയും പ്രതീക്ഷിച്ചു ഇരുന്ന നമ്മുടെ മുന്നിൽ.. ഉണങ്ങി കരിഞ്ഞ മരങ്ങൾ...തരിശു ഭൂമി മുതലായവ കണ്ടു തുടങ്ങി.. വീണ്ടും 

നമ്മുടെ ഹോട്ടൽ എത്തി.. ആ നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കി.. അവിടെ ആകെ ഉള്ള ഒരേ ഒരു കെട്ടിടം.. ഈ ഹോട്ടൽ മാത്രമാണ്.. ബാക്കി എന്തേലും കാണണേൽ ഒരു 10-15 കിലോമീറ്റർ പുറകോട്ടു വന്ന വഴിക്കു പോണം. പിന്നെ ഫോൺ നു റേഞ്ച് ഇല്ല, അത് കൊണ്ട് ആരേം വിളിക്കണ്ട, ഇന്റർനെറ്റ് 2100 ഇൽ  അവിടെ എത്താൻ എലോൺ മസ്ക് വിചാരിക്കണം 

ഹോട്ടൽ ഇന്റെ പരിസരത്തു എങ്ങും ആരും ഇല്ല. അത് കൊണ്ട് പാർക്കിംഗ് എന്ന് എഴുതിയേക്കുന്ന വഴിക്കു പോയി പാർക്ക് ചെയ്തു. ഒരു പ്രായം ഉള്ള മനുഷ്യൻ ഓടി വന്നു കന്നടയിൽ ചായ വേണോന്നു ചോദിച്ചു.. 17 വര്ഷം ആയല്ലോ.. അത് കൊണ്ട് .. ഞാൻ കന്നടയിൽ മറുപടി കൊടുത്തു.. ബേഡപ്പ ...അടുത്ത് നിന്ന് രാധിക പതുക്കെ പറഞ്ഞു .. നിങ്ങളോടു ചായ വേണോന്നല്ല ചോദിച്ചത്.. അയാൾക്ക്‌ ചായ കുടിക്കാൻ കാശു കൊടുക്കാവോന്നാ ചോദിച്ചേ...ഇവിടെ പഴേ ലിപി ആരിക്കും.. എനിക്കറിയാവുന്ന കന്നഡ ഇങ്ങനെ അല്ല ..അവിടെ മുഴുവൻ കുരങ്ങുകൾ ഓടി നടന്നു അലമ്പ് ഉണ്ടാക്കുന്നു.. ഇങ്ങേർക്ക് പൈസ കൊടുത്തില്ലേൽ പുള്ളി തന്നെ കുറെ കുരങ്ങിനെ കാറിൽ കേറ്റി ഇരുത്തും 

കുറെ നേരം കാത്തു ഇരുന്നപ്പം ഹോട്ടലിലെ ജോലിക്കാരെ കണ്ടു.. ഐഡി കാർഡ് ഒന്നും വേണ്ട.. ചുമ്മാതെ എന്തേലും ഒക്കെ എഴുതി വെച്ചാ മതി..റൂം സാനിറ്റയ്സ് ചെയ്തു തരാവോ എന്ന് ചോദിച്ചപ്പം ഒരു ചെറിയ ഹാൻഡ് വാഷ് എടുത്തു കാണിച്ചു.. നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടി .. പിന്നെ നമ്മൾ തന്നെ കൊണ്ട് വന്ന സാനിടൈസർ ഒരു പമ്പ് ഒക്കെ വെച്ച് എല്ലാ മുറിയിലും അടിച്ചു...മൊത്തം സേഫ് ആക്കി.. ഇനി പതുക്കെ പോയി ഫുഡ് കഴിക്കാം എന്ന് നമ്മൾ വിചാരിച്ചപ്പം.. ബാക്കി ഉള്ള എല്ലാവരും നദിയിലേക്കു ചാടാൻ പോകുവാന്നു പറഞ്ഞു.. നട്ടുച്ച..ഒരു 39 ഡിഗ്രീ ചൂട്.. ഇതിപ്പം എനിക്കു വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ 

നമ്മൾ സാധാരണ എവിടെ പോയാലും അധികം സ്ഥലം കാണൽ ഒന്നും ഇല്ല.. മാക്സിമം സമയം റസ്റ്റ് എടുക്കൽ ഫുഡ് അടിക്കൽ അതാണ് പരുപാടി.. ഇപ്പം മനസ്സിലായി.. കുഴപ്പം എന്റെ ആണെന്ന്.
നമ്മൾ എന്തായാലും കഴിക്കാൻ തീരുമാനിച്ചു.. ആകെ ഒരു ഹോട്ടൽ.. ആ പരിസരത്തു വേറെ ഓപ്ഷൻ ഒന്നും ഇല്ല. ഫ്രൈഡ് റൈസ്, ഗോബി മഞ്ചൂരിയൻ , ലൈം ജ്യൂസ്, ലസ്സി ... മോശം പറയരുതല്ലോ.. ലൈം ജ്യൂസ്, ഫ്രൈഡ് റൈസ്..ഇത് രണ്ടും തരക്കേടില്ലാരുന്നു. ഗോബി മഞ്ചൂരിയൻ ഒരു മാതിരി പുളി വെള്ളം കലക്കിയ പോലത്തെ സാധനം..ലസ്സി ആരുന്നു ഹൈ ലൈറ്റ് - മോരും വെള്ളത്തിൽ പഞ്ചസാര കലക്കിയ ഒരു ഐറ്റം... അമ്മോ.. ഓർക്കുമ്പോഴേ വാളാകും ..ഇത്രയും മോശം ഫുഡ് കൊടുത്തു ഈ ഹോട്ടൽ എങ്ങനെ തുടരുന്നു എന്ന് നമ്മൾ ചിന്തിച്ചു...ഒന്ന് മൊണോപൊളി .. വേറെ ഓപ്‌ഷൻ അവിടില്ല..രണ്ടാമത്തേത്.. ഇവിടെ ഒരിക്കൽ വരുന്നവൻ വീണ്ടും വരാൻ ഉള്ള സാധ്യത ഞാൻ കാണുന്നില്ല .. ഒരു തവണ പറ്റിച്ചാൽ മതിയല്ലോ ..അന്നേരവും എനിക്ക് മനസ്സിലാവാത്തത്.. പണ്ട് ഇവിടെ വന്ന ഒരുത്തൻ എന്ത് കൊണ്ട് ഈ സ്ഥലം വീണ്ടും സജെസ്റ് ചെയ്തു എന്നുള്ളതാരുന്നു 

ഫുഡ് കഴിഞ്ഞു.. നമ്മൾ നേരെ നദിയിലേക്ക് ചെന്നു .. നേരത്തെ ഫുൾ സാനിടൈസ് ചെയ്‌തു നടന്ന ടീമ്സ് ഒക്കെ മാസ്കും ഇല്ല.. ഒന്നും ഇല്ല.. എല്ലാം വെള്ളത്തിൽ കിടപ്പുണ്ട്.. അധികം ആഴം ഒന്നും ഇല്ല.. ചെറിയ ഒഴുക്കും ഉണ്ട്..നോക്കിയപ്പം മൊത്തം ഒരു 50 പേര് കാണും ആ സ്ഥലത്തു.. കുറേപ്പേര് കുളിക്കുന്നു.. പിന്നെ പട്ടികളും കുരങ്ങും ഒക്കെ ഉണ്ട് വെള്ളത്തിൽ.. ഇവിടം സജെസ്റ് ചെയ്ത മച്ചാൻ വന്ന വഴിക്കു ഒരു ചൂണ്ട ഒക്കെ വാങ്ങിയാ വന്നത് .. അവിടുത്തെ ആളുകൾ പറഞ്ഞു.. ചൂണ്ട ഇടൽ ബാൻഡ് ആണെന്ന്.. അത് കൊണ്ട് പുള്ളി ചൂണ്ട ഇടാൻ കൊണ്ട് വന്ന ഇര ഒക്കെ എടുത്തു മീനിനു ഇട്ടു കൊടുത്തു.. ഹാപ്പി ആയിട്ടിരിക്കുന്നു. അവിടുത്തെ ആ ആൾക്കൂട്ടത്തിൽ ഒരാൾക്ക് അസുഖം ഉണ്ടാരുന്നേൽ മൊത്തത്തിൽ പടർന്നേനെ.. ഇതിപ്പം 2-3 ആഴ്ച ആയി.. ഇത് വരെ കുഴപ്പം ഒന്നും ഇല്ല..

തിരിച്ചു റൂമിൽ എത്തിയപ്പോൾ ആണ് കണ്ടത്.. നമ്മൾ എത്രത്തോളം പ്രകൃതിയോട് ഇണങ്ങി ആണ് ജീവിക്കുന്നത് എന്ന്. റൂമിന്റെ മുന്നിൽ ഒരു കടന്നാൽ കൂട് ..ഒരു സൈഡിൽ കൊറോണ, മറ്റേ സൈഡിൽ കടന്നൽ ..ബാക്കി നല്ല ചൂട്, അലമ്പ് ഫുഡ്.. മൊത്തത്തിൽ അടിപൊളി സെറ്റപ്പ്. ആകെ അവിടെ കാണാൻ ഉള്ള ഒരേ ഒരു സംഭവം ഒരു വെള്ളച്ചാട്ടം ആണ്.. ചുഞ്ചി ഫോൾസ് ..വൈകിട്ടു അത് കാണാൻ പോയി.. വണ്ടി എത്തുന്ന സ്ഥലം കഴിഞ്ഞു ഒരു 500 മീറ്റർ നടപ്പുണ്ട്.. മൊത്തം കേറ്റം, ചൂട്, കൊച്ചിനെ എടുക്കണം.. ആഹാ അന്തസ്സ് !!! നമ്മൾ എല്ലാരും നടന്നു കേറി ചെന്നു .. ചുറ്റും നോക്കീട്ടും ഒന്നും കാണുന്നില്ല. അവസാനം ഒരു പാറയുടെ മുകളിൽ വലിഞ്ഞു കേറിയപ്പം കാണാൻ പറ്റി ...താഴെ സൂക്ഷിച്ചു നോക്കിയാൽ കാണാം..അഭിമാന പുരസ്സരം കാഴ്ച വെക്കുന്നു..ചുഞ്ചി 
വീണ്ടും തിരിച്ചു വന്നു.. രാത്രിയിലെ ഫുഡ്.. ഉച്ചക്ക് പലരും കഴിച്ചതിൽ നിന്നും വെല്യ തരക്കേടില്ലാത്ത സാധനങ്ങൾ എല്ലാരും പറഞ്ഞു.. അങ്ങനെ വെല്യ കുഴപ്പം ഇല്ലാണ്ട് പോയി.. വാതിൽ തുറന്നാൽ ഒരു സെക്കൻഡ് കൊണ്ട് ഒരു 10 കടന്നൽ റൂമിനകത്തു കേറും..  റൂം ഏതായാലും a/c ആരുന്നു.. പതിവില്ലാതെ കുറെ നടന്നു.. വെയിലു കൊണ്ട് ക്ഷീണിച്ചു.. സൊ എല്ലാവരും നല്ലവണ്ണം ഉറങ്ങി.. 
രാവിലെ നോക്കിയപ്പം ഒരു കാറിന്റെ ടയർ പങ്ക്ച്ചർ ആയി.. ഏറ്റവും അടുത്ത പങ്ക്ച്ചർ ഒട്ടിക്കുന്ന കട - പതിനഞ്ചു കിലോമീറ്റർ ദൂരെയാണത്രെ.. രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ ചെന്നപ്പം ആകെ ഉള്ള ഓപ്‌ഷൻസ് - ലെമൺ റൈസ് , ഉപ്പുമാവ്, പിന്നെ ബ്രഡ് ഓംലെറ്റ് ... ബ്രഡ് ഓംലെറ്റ് ...ഉള്ളത് കൊണ്ട് മാത്രം മൂഡ് പോയില്ല.. അത് കഴിച്ചു ..നേരെ വിട്ടു തിരിച്ചു വീട്ടിലേക്കു.. വീട്ടിൽ കേറി.. ആഹഹ ജോൺസൺ മാസ്റ്ററിന്റെ പാട്ടും കേട്ട് ചെറിയൊരു മഴയും കണ്ടോണ്ടു ഒരു കാപ്പീം കുടിച്ചു ഇരിക്കുന്ന സുഖം.. പക്ഷെ എന്റെ സംശയം തീർന്നില്ല.. ഒരിക്കൽ പോയ ഈ അളിഞ്ഞ സ്ഥലത്തേക്ക് വീണ്ടും എങ്ങനെ പോകാൻ തോന്നി.. ഇത് സജെസ്റ് ചെയ്ത സുഹൃത്തിനു?