Saturday, March 20, 2010

എന്‍റെ ഇപ്പോഴത്തെ ജീവിതം..



ഒരു മനുഷ്യന്‍റെ ജീവിതം എത്രത്തോളം വിരസത നിറഞ്ഞത്‌ ആകാം എന്നുള്ളതിന്‍റെ ഒരു ഉത്തമ ഉദാഹരണം ആണ് ഇപ്പോഴത്തെ എന്‍റെ ജീവിതം.. ഓഫീസില്‍ പോയാല്‍ തന്ന പണി ചെയ്യാന്‍ നോക്കീട്ടു കുറെ കാലം ആയിട്ടും അത് ശരി ആകുന്നില്ല.. ഇപ്പം ചെയ്യുന്ന ബോര്‍ഡില്‍ ഇതിനു മുന്നേ പയറ്റി തെളിഞ്ഞു വെളിവ് ഉള്ളവന്മാരെ കൊണ്ട് കാണിച്ചു.. അവര്‍ നോക്കീട്ടും ഒന്നും മനസ്സിലാകുന്നില്ല.. ഇത്രക്കും ലോ ലെവല്‍ പണികള്‍ ചെയ്യാന്‍ ഒന്നാമത്തെ എനിക്ക് ശെരിക്കു അറിയില്ല.. പിന്നെ അതിനും മാത്രം പ്രഷര്‍ എന്‍റെ തലക്കു മുകളിലോട്ടു വരുന്നില്ല.. എന്നാലും എല്ലാ ദിവസവും അവിടെ പോയിട്ട് ഒരു ഔട്പുടും ഇല്ലാതെ തിരിച്ചു വരുന്നത് ആസ്വദിക്കാന്‍ മാത്രം ഉള്ള.. ഒരു മഹാ മനസ്സ് ഒന്നും ഇത് വരെ ആയിട്ടും ഇല്ല..

ഔദ്യോതിക ജീവിതം അല്ലാത്തത് എടുത്തു നോക്കിയാലും മൊത്തം ബോര്‍ അടി.. ഒരു രണ്ടു വര്‍ഷം മുന്നേ വരെ ഇവിടുത്തെ ജീവിതം ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. ഇഷ്ടം പോലെ സുഹൃത്തുക്കള്‍.. എവിടെ പോണം എങ്കിലും പോകാന്‍ റെഡി ആയിട്ടുള്ള ആളുകള്‍.. ഇപ്പോഴും സുഹൃത്തുക്കള്‍ ഉണ്ട് ഇവിടെ.. എന്നാലും ആ ക്രീം ഓഫ് ഫ്രണ്ട് അങ്ങ് പോയി.. ഇപ്പോള്‍ പലരും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍.. ചിലര്‍ പഠിക്കുന്നു.. മറ്റു ചിലര്‍ ജോലി ചെയ്യുന്നു.. വേറെ ആളുകള്‍ കല്യാണം കഴിഞ്ഞു അവരുടെ സ്വന്തം ജീവിതത്തിലേക്ക്.. ഒരു കല്യാണം കഴിഞ്ഞാല്‍ ആളുകള്‍ക്ക് എന്ത് മാത്രം മാറ്റം ആണ് ഉണ്ടാവുക.. അത്രയും നാളും എന്ത് പരിപാടിക്കും.. ഒരുമിച്ചു ഉണ്ടാരുന്നവര്‍ പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ ഒന്നിനും ഇല്ല.. ഞാന്‍ ഒരു ഫാമിലി മാന്‍ ആണ്.. ഞാന്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും ചെയ്തു കൂടാ എന്നൊരു ലൈന്‍.. ഒരു പക്ഷെ ഞാനും ഇങ്ങനെ ഒക്കെ മാറുമാരിക്കാം.. പക്ഷെ എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഇപ്പോഴത്തെ ഒരു അവസ്ഥ വെച്ച് ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നില്ല...ഒരു കല്യാണം ഒക്കെ കഴിച്ചു എന്ന് കരുതി ഞാന്‍ എന്‍റെ ബേസിക് കാരക്ടര്‍ ഒന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം അതൊക്കെ മാറ്റിയാല്‍ പിന്നെ അത് ഞാന്‍ അല്ല.. "I cannot live my life, just for the sake of it.."

വിവാഹം കഴിഞ്ഞാല്‍ പിന്നെ കുറെ അധികം കാര്യങ്ങള്‍ക്കു കോമ്പ്രമൈസ് ചെയ്യേണ്ടി വരും.. ഇതൊക്കെ എന്തിനാ ഇപ്പോഴേ വലിച്ചു വാരി തലയില്‍ വെക്കുന്നത് എന്ന് ഇപ്പം തോന്നുന്നു.. ഇപ്പോള്‍ ഉള്ള ഈ ഒരു ജീവിതം കൊണ്ട് ഒരു രീതിയിലും മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് തോന്നുമ്പം മതിയാരുന്നു.. അടുത്ത പടിയായി വിവാഹ ജീവിതം. ഞാന്‍ എന്‍റെ ജീവിതത്തില്‍ കുറച്ചു ഡിസിഷന്‍സ് ഒത്തിരി ആലോചിക്കാതെ പെട്ടെന്ന് എടുത്തു എന്നൊരു തോന്നല്‍ വരുന്നു ഈ ഇടയ്ക്കു ആയിട്ട്..

കുറച്ചു നാളു മുന്നേ ഞാന്‍ വിചാരിച്ചിരുന്നു.. ബാംഗ്ലൂര്‍ ഞാന്‍ ഒരിക്കലും മടുക്കില്ല എന്ന്.. ഇത് പറയുന്നത് ഞാന്‍ ഒരു പാര്‍ട്ടി അനിമല്‍ ശ്രേണിയില്‍ ഉള്ള ആള്‍ ആയതു കൊണ്ട് ഒന്നും അല്ല.. പക്ഷെ ഞാന്‍ എന്‍റെ സുഹൃത്തുക്കളുടെ കൂടെ ഉള്ള ജീവിതം ശരിക്കും ആസ്വദിച്ചിരുന്നു.. ഇപ്പോള്‍ ആകെ ഇവിടെ ഉള്ളത് മൂന്നോ നാലോ പേരാണ്.. അതില്‍ നിന്നും ആളുകള്‍ ഉടന്‍ പോകും.. ഞാനും പോകും.. ഞാനും വിവാഹിതന്‍ ആകാന്‍ പോകുന്നു.. അത് കഴിഞ്ഞു വന്നാല്‍ ഉടനെ ഞാന്‍ വേറെ എങ്ങോട്ടെങ്ങിലും മാറാന്‍ നോക്കണം.. പുറത്തേക്കു പോകാന്‍ പറ്റി ഇല്ലെങ്കില്‍.. ഇപ്പോള്‍ ഉള്ള കമ്പനി എങ്കിലും മാറണം..
ഇവിടെ എനിക്ക് നല്ല സുഹൃത്തുക്കള്‍ കുറവാണ്.. കാണുമ്പം ഉള്ള "ഹൈ!! ബൈ!!" ബന്ധങ്ങള്‍ ആണ് ഉള്ളതില്‍ കൂടുതലും.. തന്നെയും അല്ല.. കൂടെ ജോലി ചെയ്തോണ്ട് ഇരിക്കുന്ന ഒന്ന് രണ്ടു പേരെ അവിടുന്ന് പുറത്താക്കാന്‍ ഉള്ള പരിപാടികളും നടക്കുന്നു.. ഇനി അധികം താമസിയാതെ എന്‍റെ പ്രൊജക്റ്റ്‌ മുഴുവന്‍ ഒരു കമ്പനിയില്‍ നിന്നുള്ള ആളുകളെ കൊണ്ട് നിറയും... പക്ഷെ കുറ്റം പറയാന്‍ പറ്റില്ല.. അവിടുന്ന് വന്ന പയ്യന്മാര്‍ എല്ലാം നല്ല മിടുക്കരാ..എല്ലാവരും ഒരു കമ്പനിയില്‍ നിന്ന് തന്നെ ആയാല്‍ പിന്നെ ഇവിടെ തന്നെ തുടര്‍ന്നുള്ള ജീവിതം ബുദ്ധിമുട്ടാകും.. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. വര്‍ഷങ്ങള്‍ ആയിട്ട് കൂടെ ഉള്ളവര്‍ക്ക് ഒരു പ്രാമുഖ്യം ഞാന്‍ ആയാലും കാണിക്കും..

കുറച്ചു നാള്‍ നാട്ടിലോ അല്ലെങ്കില്‍ വേറെ എവിടെലുമോ പോയി.. ഒറ്റയ്ക്ക് നിക്കണം... ഇ മെയിലും ഇന്‍റെര്‍നെറ്റും ഒന്നും ഇല്ലാത്ത ഒരു ജീവിതം.. എല്ലാം കഴിഞ്ഞു പുനര്‍ജനിയില്‍ കൂടെ കയറി ഇറങ്ങി വന്ന ഒരു അവസ്ഥയില്‍.. ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കണം..

“One who has control over the mind is tranquil in heat and cold, in pleasure and pain, and in honor and dishonor; and is ever steadfast with the Supreme Self.”

The above quote is from Bhagavat Gita, And I am lacking this quality of control over my mind.. I know, what ever I wrote above is not worth mentioning.. And I will be coming out of this situation in 1-2 days.. But, currently I am feeling like penning this down..

Thursday, March 11, 2010

താളിയോലയില്‍ ഉള്ള കല്യാണക്കുറി



എന്തായാലും കുറെ പ്രായം ഒക്കെ ആയില്ലേ.. ഇനി ഏതായാലും ഞാന്‍ പത്നീ സമേധന്‍ ആകാന്‍ ഉള്ള തീരുമാനം കൈ കൊണ്ടു. കുറച്ചു കൂടി പക്വത വന്നിട്ട് അഗ്നിസാക്ഷിയായി ഒരു വേളി കഴിക്കാം എന്ന് വിചാരിച്ചു ഇരുന്നിട്ട് ഈ പക്വത വരുന്ന ലക്ഷണം ഒന്നും ഞാന്‍ കണ്ടില്ല.. പ്രത്യേകിച്ച് എന്റെ വീട്ടുകാര്‍ കണ്ടില്ല.. എനിക്ക് ബോധം ഇല്ലേലും വീട്ടുകാര്‍ക്ക് അത് കാണാതെ വരില്ലല്ലോ.. അങ്ങനെ എന്റെ കല്യാണം തീരുമാനിച്ചു.. ഈ വരുന്ന മെയ്‌ മാസം ഇരുപത്തി മൂന്നാം തീയതി നെടുംകുന്നം ദേവി ക്ഷേത്രത്തില്‍ വെച്ച് ആണ്.. ആ മഹാ സംഭവം അരങ്ങേറുന്നത്.. വസരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം..
സ്വാഗതം കൃഷ്ണാ ശരണാന്ഗതം കൃഷ്ണാ ....(ഇതിപ്പം ഇവിടെ എഴുതിയത് എന്തിനാണെന്ന് ചോദിച്ചാ ഇന്ന് രാവിലെ മുതല്‍ ദാസേട്ടന്റെ ഈ പാട്ട് ആണ് എന്റെ ചെവിയില്‍ മുഴുവന്‍ സമയവും)
കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ ഏറ്റവും ആദ്യം ചെയ്യുന്ന പരിപാടി കല്യാണക്കുറി ആണല്ലോ.. ഞാനും ആ പതിവ് തെറ്റിച്ചില്ല.. അല്ലേലും ഞാന്‍ അങ്ങനെ പതിവ് തെറ്റിക്കുന്ന കൂട്ടത്തില്‍ അല്ല.. കുറച്ചു കാലം മുന്നേ ഒരു ബ്ലോഗ്‌ വായിച്ചപ്പം തുടങ്ങിയ ആഗ്രഹം ആരുന്നു.. കല്യാണക്കുറി താളിയോല പോലെ ഒരു സാധനത്തില്‍ അച്ചടിച്ച്‌ ഇറക്കണം എന്ന്.. എന്തായാലും കെട്ടാന്‍ തീരുമാനിച്ചു ഇറങ്ങി തിരിച്ചു.. ഇനി ഇപ്പം അങ്ങ് കുളിച്ചു കേറുക തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.. ഈ കാര്യം പറഞ്ഞവര്‍ എല്ലാം എന്നെ പതിവ് പോലെ പുച്ചിച്ചു തള്ളി.. പിന്നെ അത് ഒരു പുതിയ അനുഭവം അല്ലാത്തത് കാരണം എനിക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തോന്നിയില്ല.. ഇനി അവന്മാരൊക്കെ പുച്ചിച്ചില്ലാരുന്നേല്‍ ഒരു പക്ഷെ ഞാന്‍ എങ്ങനെ റിആക്റ്റ് ചെയ്തേനെ എന്ന് എനിക്ക് ഇപ്പം പറയാന്‍ കഴിയില്ല.. കാരണം അങ്ങനെ ഒരു അവസരം എന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല.. എന്നും പുച്ഛം.. വീട്ടുകാരും.. നാട്ടുകാരും എല്ലാരും..

അങ്ങനെ ഒരു നല്ല ഞായര്‍ ആഴ്ച രാവിലെ ഞാനും വയറനും ആയി ബംഗ്ലൂരിലെ മജെസ്ടികിനു അടുത്തുള്ള സുല്‍ത്താന്‍ പെട്ട് എന്ന സ്ഥലം ലക്‌ഷ്യം ആക്കി നീങ്ങി.. അവിടെ ഒരു വിധത്തില്‍ എത്തി ചേര്‍ന്നു. ഇതിനു മുന്നേ മക്കയിലെ ഹജ് പരിപാടി ടിവിയില്‍ കാണിക്കുംബം മാത്രമേ ഇതിനെക്കാളും തിരക്ക് ഞാന്‍ കണ്ടിട്ടുള്ളൂ.. ആളുകള്‍ക്ക് നടന്നു പോകാന്‍ പോലും ഇടയില്ല.. അതിനിടയില്‍ അകപ്പെട്ടു പോയ ലോറി പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കുറച്ചു ആളുകള്‍.. കിളിയിടെ പരിപാടി മുന്നേ നടന്നു ലോറിക്ക് ഉള്ള വഴി ഒരുക്കുക എന്നതാണ്.. പാര്‍ക്ക്‌ ചെയ്തു വെച്ചിരിക്കുന്ന ഓരോ വണ്ടിയും എടുത്തു പൊക്കി മാറ്റിയും.. തള്ളിയിട്ടും ഒക്കെ വഴി ഉണ്ടാക്കി മുന്നോട്ടു പോകുന്നു.. അവിടുന്നും ഇവിടുന്നും ഒക്കെ അടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റഴിക്കുന്ന ഒരു തെരുവ്.. മൊത്തം ഒരു അലമ്പ് സെറ്റപ്പ്. കുടുംബാങ്ങഗളും ആയി ഒരു ഒഴിവു ദിവസം ചിലവഴിക്കാന്‍ പറ്റിയ സ്ഥലം.. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ഒരു കല്യാണക്കുറി വില്‍ക്കുന്ന കടയില്‍ ചെന്ന് കേറി.

കേറി ചെന്ന പാടെ അവിടുത്തെ പയ്യന്‍ വന്നു ചിരിച്ചു കാണിച്ചു.. എന്നിട്ട് കന്നടയില്‍ എന്തൊക്കെയോ മൊഴിഞ്ഞു.. കന്നഡ നല്ല സ്ട്രോങ്ങ്‌ ആയതു കാരണം നമ്മുടെ ഭാഗത്ത് നിന്ന് ഒരു "ഗൊത്തില്ല" പോലും വന്നില്ല.. നിരാശന്‍ ആയ പയ്യന്‍ അടുത്ത സാധനം എടുത്തിട്ട്.. ഹിന്ദി.. എവിടുന്നു... നമ്മള്‍ ഇവന്‍ ഇതു ഏതു ഭാഷയാ പറയുന്നത് എന്നുള്ള ഭാവത്തില്‍ നോക്കി.. അതില്‍ പിന്നെ അവന്‍ കന്നഡ അല്ലാതെ വേറെ ഒന്നും മൊഴിഞ്ഞില്ല. നമ്മള്‍ തിരിച്ചു കൂടുതല്‍ സമയവും മലയാളത്തില്‍ തന്നെ മൊഴിഞ്ഞു.. ഏകദേശം ഒരു ഊഹം വെച്ചാണ് രണ്ടു കൂട്ടരുടെയും പോക്ക്..
അവന്‍ ചോദിച്ചു എന്ന് ഞങ്ങള്‍ക്ക് തോന്നിയത് മാത്രം ആണ് താഴെ കൊടുത്തിരിക്കുന്നത്‌
പയ്യന്‍ :- ഏതു ടൈപ്പ് കാര്‍ഡ്‌ ആണ് നിങ്ങള്‍ ഉദേശിക്കുന്നത്??
വയറന്‍ :- ആ.. മാഷേ ചുമ്മാതെ കാണിക്കു.. ഇങ്ങനെ ഒക്കെ അല്ലെ.. നമ്മളും പരിചയപ്പെടുന്നെ..
ഞാന്‍:- ഡേയ് അലമ്പ് ഉണ്ടാക്കാതെ.. ഞാന്‍ ഡീല്‍ ചെയ്തോളാം.. ഒരു പെണ്ണ് കെട്ടാന്‍ ഉള്ള പക്വത ആയെങ്കില്‍ പിന്നെ ഒരു കാര്‍ഡ്‌ നോക്കാന്‍ ആണോ അറിയാന്‍ മേലാത്തെ?
ഡേയ് പയ്യന്‍.. നമ്മള്‍ ഒരു താളിയോല ടൈപ്പ് സാധനം ആണ് നോക്കുന്നത്..
പയ്യന്‍:- ഭഗവാനെ.. അങ്ങനെ ഒരു സാധനം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല സാറേ!!
ഞാന്‍:- ഓ ഇവന്‍ ഇത്ര മണ്ടന്‍ ആയി പോയല്ലോ.. ഡേയ് ഈ നാരായം ഒക്കെ വെച്ച് എഴുതില്ലേ ഒരു ഇല പോലത്തെ ഐറ്റം.. എവിടുന്നു.. ഇത് ഒരു വഴിക്ക് പോകില്ലാ... ആ പണ്ട് മുതലേ "dumb charades" നു സമ്മാനം അടിച്ചോണ്ട് ഇരുന്നത് വെറുതെ ആണോ.. അതായത്.. ഇത് വരെ പറഞ്ഞത് എല്ലാം മറന്നേക്കു..ഞാന്‍ ആംഗ്യം കാണിച്ചു തുടങ്ങി.. ഒരു കൈ വിടര്‍ത്തി പിടിച്ചു മറ്റേ കൈ കൊണ്ടു അവിടെ എല്ലാം എഴുതി കാണിച്ചു..
പയ്യന്‍:- ഓ ഇതാരുന്നോ കാര്യം.. പേന വേണം അല്ലെ.. ഇന്നാ..
ഞാന്‍ :- ഡാ അലവലാതി.. ഞാന്‍ ഈ പാട് പെട്ട് കാണിക്കുന്നത് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കെടാ..
കുറച്ചു നേരം ഞാന്‍ എന്റെ ഈ കലാപരിപാടി തുടര്‍ന്നപ്പം.. പയ്യന്‍ ഇധി കര്‍ത്താവ്യതാ മൂഡന്‍ ആയി കാണപ്പെട്ടു.. ഇതില്‍ മനസ്സ് നൊന്താണെന്ന് തോന്നുന്നു വയറന്‍ ചാടി കേറി പറഞ്ഞു.. ഡാ നമുക്ക് ഇംഗ്ലീഷില്‍ പറഞ്ഞു മനസ്സിലാക്കാം..
ഞാന്‍:- ആ ശെരിയാ.. മാതൃ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത സാധനം.. ഇനി ഇംഗ്ലീഷില്‍.. കൊള്ളാം.. നല്ല കോണ്ഫിടെന്‍സ്.. ഇത്രയും കോണ്ഫിടെന്‍സ് ഇതിനു മുന്നേ ഞാന്‍ പാമ്പിനു മാത്രമേ കണ്ടിട്ടുള്ളൂ.. അവന്‍ അത് കാരണം വര്‍ഷങ്ങള്‍ ആയി യൂടുബില്‍ ജോലി ചെയ്യുന്നു.. ഭഗവാനെ... അവനു നല്ലത് മാത്രം വരുത്തണേ..
എന്തായാലും വയറന്‍ പറഞ്ഞതല്ലേ.. ഒന്ന് ശ്രമിച്ചു നോക്കാം.. ഞാന്‍ ആലോചിച്ചു നോക്കി.. താളിയോല.. അതിന്റെ ഇംഗ്ലീഷ്...??? ഉപ്പുമാവ് പോലത്തെ വല്ല സാധനവും ആരുന്നേല്‍ ലാലേട്ടന്‍ പണ്ട് ചെയ്ത പോലെ ഒന്ന് രണ്ടാക്കി പറഞ്ഞു നോക്കാരുന്നു.. ഇതിപ്പം അതിനു പോയാല്‍ താളി എന്നതിന്റെ ഒക്കെ ഇംഗ്ലീഷ് .. എന്റെ ഷേക്ക്‌സ്പിയര്‍ ഭഗവാനെ... ഞാന്‍ കൂട്ടാന്‍ നോക്കിയാല്‍ കൂടില്ല..
കുറെ നേരം ആലോചിച്ചിട്ടും.. ഒരു രക്ഷയും ഇല്ല.. കൂടെ ഉണ്ടാരുന്ന സായിപ്പ് ആര്‍ക്കെയും.. മദാമ്മ രമ്യയും അമേരിക്കയില്‍ ആയി പോയത് ഒരു നഷ്ടബോധം തോന്നിയ ആദ്യത്ത നിമിഷം.. പിന്നെ ഉള്ളത് മത്തായി ആണ്.. അവനെ വിളിച്ചു ചോദിച്ചാല്‍.. ഉണ്ടാകുന്ന അനുഭവം ഓര്‍ത്തപ്പം ആത്മഹത്യയെ കുറിച്ചാണ് ഓര്‍മ വന്നത്.. വിളിച്ചു ചോദിച്ചാല്‍ ഒന്നും കിട്ടത്തും ഇല്ല.. എന്നാല്‍ തള്ളിനു ഒരു കുറവും കാണില്ല.. എന്തേലും ഒക്കെ പറഞ്ഞ കാര്യങ്ങള്‍ തന്നേം പിന്നേം പറഞ്ഞു കൊണ്ടു ഇരിക്കും.. എന്നാല്‍ അറിയില്ല എന്ന് സമ്മതിക്കുവോ അതും ഇല്ല.. ചുമ്മാതല്ല ഇപ്പം "IIM(A)" ഇല്‍ ഇരിക്കുന്നത്.. ദൈവമേ... അവനും നല്ലത് മാത്രം വരുത്തണേ... എല്ലാം ജയിച്ചു കേറി.. ഒറ്റ വര്ഷം പോലും പോകാതെ പഠിച്ചു ഇറങ്ങാന്‍ സഹായിക്കണേ..

അവസാനം നമുക്ക് ടെക്നിക് പിടി കിട്ടി, ഛെ ഇത് നേരത്തെ ചിന്തിക്കണ്ടാതാരുന്നു.. എന്താ വയറാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നെ?
വയറന്‍:- എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ!!

ഞാന്‍ :- ഡേയ് പയ്യന്‍സ്.. "we are looking for a LEAF type card.."
പയ്യന്‍:- എന്റെ ചേട്ടന്മാരെ ഇതങ്ങു നേരത്തെ പറഞ്ഞാല്‍ പോരാരുന്നോ.. ദാ പിടിച്ചോ..
ഞങ്ങള്‍ നോക്കി നിന്നപ്പം അവന്‍ ഒരു ഫയല്‍ തുറന്നിട്ട്‌ പല തരത്തില്‍ ഉള്ള ഇലകളുടെ കാര്‍ഡുകള്‍ എടുത്തിടുന്നു..
കുറെ എണ്ണം... ആലിന്റെ ഇല.. പിന്നെ.. പ്ലാവ്, മാവ്, തേക്ക്, ഈട്ടി.. അങ്ങനെ ലോകത്ത് ഉള്ള സകല വിധ ഇലകളും നിരന്നു വീണു.. നമ്മള്‍ നോക്കിയ താളിയോല ഒഴിച്ച് എല്ലാം ഉണ്ട് അതില്‍.. നമ്മള്‍ രണ്ടാളും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തു.. ഇനി ബാക്കി ഉള്ള ഇലകള്‍ വീഴാന്‍.. അവന്‍ പറഞ്ഞു.. ഇനി പെറുക്കി ഇടാന്‍ അവന്റെ കയില്‍ ഇല ഒന്നും ഇല്ലാന്ന്..

ഞാന്‍:- ഓക്കേ.. നമ്മള്‍ അടുത്ത് അടുത്ത് വരുന്നുണ്ട്.. ഇനി നമുക്ക് തെങ്ങിന്റെ ഇല വേണം.. "we are looking for coconut tree leaves..."
പയ്യന്‍ :- ഏ??? എന്തോന്നാ.. ??
ഞാന്‍:- പ്ലാവില എടുത്തു കാണിച്ചിട്ട്.. "ദിസ്‌ ഈസ്‌ പ്ലാവിന്റെ ഇല..", "ദിസ്‌ ഈസ്‌ ആലിന്റെ ഇല.." ഇനി.. "വെയര്‍ ഈസ്‌ തെങ്ങിന്റെ ഇല..?"
പയ്യന്‍:- തെങ്ങിന്റെ ഇലയോ? എന്റെ സാറെ.. അത് തീരെ ചെറുതാ..അത് തന്നെ അല്ല അതിന്റെ നടുക്ക് ഒരു ഈര്‍ക്കിലിം ഉണ്ട്.. അതില്‍ നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ പേര് പോലും എഴുതാന്‍ പറ്റില്ല.. ഒരു ഫുള്‍ കല്യാണക്കുറിക്ക് ഒരു ചൂല് ഉണ്ടാക്കാന്‍ ഉള്ള ഓല വേണം.. സാര്‍ എന്താ എന്നെ കളിയാക്കുവാണോ..ഇമ്മാതിരി പരിപാടീം ആയിട്ട് കേരളത്തില്‍ നടക്കുന്ന പോലെ ഇവിടെ വന്നു കളിക്കല്ലേ.. ഇത് സ്ഥലം വേറെയാ..
ഞാന്‍:- എന്റെ പൊന്നു അനിയാ.. ഞാന്‍ ഭയങ്കര സീരിയസ് ആയിട്ട് പറഞ്ഞതാ.. "Please don't misunderstand me.."
പയ്യന്‍:- സാറെന്നു വിളിച്ച നാക്ക്‌ കൊണ്ടു എന്നെ കൊണ്ടു വേറെ ഒന്നും വിളിപ്പിക്കല്ല്.. ഈ കിടക്കുന്ന ഏതേലും ഇല എടുത്തോണ്ട് പോടാ..
ഞാന്‍:- ഉയ്യോ.. ചേട്ടാ.. ഒരു അബദ്ധം പറ്റിയതാ..എന്തായാലും ഈ സാധനം ആയിട്ട് ചെന്നാല്‍ എന്നെ വീട്ടില്‍ കേറ്റില്ല..തന്നെയും അല്ല.. ഇമ്മാതിരി സാധനങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ കല്യാണക്കുറി ആയിട്ട് ഉപയോഗിക്കാറില്ല.. ഇതൊക്കെ വേണേല്‍ ഞാന്‍ കൊണ്ടു പോയി.. എന്റെ കല്യാണ പന്തലോ, അല്ലേല്‍ എന്റെ മണിയറയോ വല്ലോം വേണേല്‍ അലങ്കരിച്ചോളാം..
പയ്യന്‍:- പിന്നെ എന്നാ കാണിക്കാനാ രാവിലെ കുളിച്ചു ഒരുങ്ങി ഇങ്ങോട്ട് ഇറങ്ങിയത്‌?
ഞാന്‍:- ചൂടാവാതെ ചേട്ടാ.. നമുക്ക് കുറി വേണം.. ഇനി ഇപ്പം നമുക്ക് അസാധാരണത്വം ഇല്ലാത്ത കാര്‍ഡ്‌ മതി.. ചേട്ടാ.. വെള്ള കളറില്‍ ഗണപതിയുടെ പടം പുറത്തു ഉള്ള കാര്‍ഡ്‌ ഉണ്ടോ?
പയ്യന്‍:- ഡാ ഷിബൂ.. ഞാന്‍ പോയി ഒരു ചായ കുടിച്ചിട്ട് വരാം.. ഈ അലവലാതികള്‍ക്ക് വേണ്ടത് എന്നതാന്നു വെച്ചാല്‍ എടുത്തു കാണിക്കു..
അവന്‍ ചായ കുടിക്കാന്‍ തന്നെ ആണോ പോയത്.. അതോ വല്ല ഗുണ്ടകളേം വിളിക്കാന്‍ പോയത് ആണോ എന്നൊരു സംശയം നമ്മുടെ ഉള്ളില്‍ ബലപ്പെട്ടു.. അത് കൊണ്ടു ഷിബു എടുത്തു കാണിച്ച ആദ്യത്തെ കാര്‍ഡ്‌.. വെളുത്ത കളറില്‍.. ഗണപതിയുടെ പടം പുറത്ത് ഉള്ളത്.. നമ്മള്‍ക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു.. നമ്മള്‍ പറഞ്ഞു.. ഇനി ഒന്നും എടുക്കണ്ട.. നമ്മള്‍ ഇതില്‍ ഉറപ്പിച്ചു..
ഷിബു:- എത്ര എണ്ണം വേണം മൊത്തം?
ഞാന്‍:- ഒരു നാനൂറു എണ്ണം ഒക്കെ വേണം എന്ന് തോന്നുന്നു.. ഒരു മിനിറ്റ്.. ഞാന്‍ അമ്മയെ ഒന്ന് വിളിച്ചു നോക്കട്ടെ..
അമ്മയെ ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പം നാനൂറു എന്നത് ഇരുനൂറു ആയി ചുരുങ്ങി..
ഷിബു:- ഓ ഇരുനൂറു കാര്‍ഡ്‌ വാങ്ങാന്‍ ആരുന്നോ.. ഈ ഡെമോ എല്ലാം? ഞാന്‍ വിചാരിച്ചു വല്ല പത്തോ അയ്യായിരോ വല്ലോം ആരിക്കും എന്ന്..
ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഡാ അലവലാതി.. മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് അല്ല ഞാന്‍ വരുന്നത്.. ഒരു പ്രാരബ്ധക്കാരനാ.. ശമ്പളം ഒക്കെ കൂടി കിട്ടിയ കാലം മറന്നു.. വേറെ ഒരിടത്ത് ചെന്നാലും ജോലി കിട്ടതില്ലാത്തത് ഇപ്പോഴത്തെ കമ്പനിയുടെ ഭാഗ്യം..

അങ്ങനെ നമ്മള്‍ ഇരുനൂറു കാര്‍ഡും വാങ്ങി... അതും അവന്മാര്‍ പറഞ്ഞ വിലയും കൊടുത്തു... തറവാട്ടില്‍ പിറന്നു പോയി.. ചുമ്മാതെ കിടന്നു വാ ഇട്ടടിച്ചു.. പേശി കൊണ്ടു നിക്കാന്‍ താല്പര്യം ഇല്ല.. [അല്ലാതെ മറ്റേ പയ്യന്‍ ചായ കുടിച്ചിട്ട് വരുന്നതിനു മുന്നേ രക്ഷ പെടാന്‍ ഒന്നും അല്ല.. ]

വീട്ടില്‍ വന്നിട്ട്.. അമ്മെ.. നോക്കൂ.. എത്ര മനോഹരം ആയ കാര്‍ഡ്‌... അകത്തും പുറത്തും ഗണപതിയുടെ പടം.. ആഹഹ.. സുന്ദരം.. നയന ആനന്ദകരം..
അമ്മ:- നിനക്ക് എന്താ വല്ല തല്ലും കിട്ടിയോ? ഇങ്ങനെ ഒക്കെ പെരുമാരുന്നെ?
ഞാന്‍ മനാസില്‍:- ? ഇനി ഷിബു എങ്ങാനും അമ്മയെ വിളിച്ചോ? ഏയ്‌.. അതിനു നമുക്കിട്ടു തല്ലു കൊണ്ടില്ലല്ലോ.. കൊള്ളാന്‍ തുടങ്ങി അല്ലെ ഉള്ളൂ..
അമ്മ:- ഇതിനു എത്ര രൂപയാ മോനെ? രണ്ടു രൂപ ആണോ?
ഞാന്‍:- അമ്മെ.. നമ്മള്‍ ചുമ്മാതെ പേശികൊണ്ടോന്നും നിന്നില്ല.. നമ്മുടെ കുടുംബ മഹിമക്ക് ചേര്‍ന്നതാണോ? വില ഒന്നും അമ്മ അറിയണ്ട.. എന്നാലും അത്രയ്ക്ക് ഒന്നും ആയില്ല.. ഏതാണ്ട് ഒരു നാല് ഇരട്ടി ഇപ്പം പറഞ്ഞതിന്റെ..
അമ്മ ഒരു നെടുവീര്‍പ്പ് ഇട്ടു ആ കാര്‍ഡിലേക്ക്‌ നോക്കുന്നത് മാത്രം കണ്ടു...

വാലറ്റം :-
അവസാനം മഷിത്തണ്ടില്‍ പോയി നോക്കിയപ്പം താളിയോല എന്നതിന്റെ അര്‍ഥം:-
"Leaf of the Palmyra used for writing on" മണ്ടന്മാര്‍ അവന്മാര്‍ക്കും അറിയില്ല.. അപ്പം എന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ പോസ്റ്റിന്റെ മുകളില്‍ ഞാന്‍ ഒരു പടം കൊടുത്തിട്ടുണ്ട്‌.. ഏതാണ്ട് അത് പോലത്തെ ഒരു സാധനം ആരുന്നു എന്റെ മനസ്സ് നിറയെ..
ഹോ എന്തൊക്കെ ആരുന്നു... കല്യാണക്കുറി.. താളിയോല.. നാരായം, ലീഫ്.. അവസാനം പവനായി കുറിയായി