Tuesday, February 17, 2009

ദേശാടനം

അങ്ങനെ കുറെ കാലങ്ങള്‍ക്കു ശേഷം ദേശാടനം എന്ന സിനിമ വീണ്ടും കണ്ടു. അത് കാണാന്‍ ആയി നേരത്തെ തന്നെ ഓഫിസില്‍ നിന്നു ഇറങ്ങിയാരുന്നു. പരിചയം ഉള്ള കുറച്ചു പേരോട് ഇങ്ങനെ ഒരു സിനിമ ഉണ്ട് പോയി കാണണം എന്നും പറഞ്ഞിരുന്നു. ഇതു പണ്ടു തീയറ്ററില്‍ പോയി കണ്ടതാരുന്നു. അന്ന് പക്ഷെ ഏകദേശം 13 വയസ്സ് മാത്രമെ പ്രായം ഉണ്ടാരുന്നുള്ളൂ. അന്ന് സിനിമ ഇഷ്ടപ്പെട്ടു എങ്ങിലും ഇത്രക്കും ഇഷ്ടപ്പെട്ടില്ലാരുന്നു. ജയരാജ് എന്ന സംവിധായകനെക്കാളും ഒരു പക്ഷെ ഇതു മാടമ്പ് കുഞ്ഞു കുട്ടന്‍ എന്ന ജീനിയസിന്റെ അല്ലെങ്കില്‍ കൈതപ്രം എന്ന ഗാന രചയിതാവിന്റെ അല്ലെങ്കില്‍ സംഗീത സംവിധായകന്റെ വിജയം എന്ന് പറയാം.
ജയരാജിന്റെ ഇതിന് മുന്നേ ഉള്ള പൈതൃകം സോപാനം എന്നീ സിനിമകള്‍ നിരൂപക പ്രശംസ നേടിയെങ്ങിലും വാണിജ്യ പരമായി ഒരു വിജയം ആയിരുന്നില്ല. വെറും 10 ലക്ഷം രൂപ മുടക്കി ആണ് ഈ സിനിമ അന്ന് ജയരാജ് പൂര്‍ത്തിയാക്കിയത്. 100 ദിവസത്തിന് മുകളില്‍ ഓടുകയും ചെയ്തു. ഇന്നത്തെ കാലത്തു ഒരു നടന് മാത്രം കൊടുക്കണം അതിലും കൂടുതല്‍ തുക പ്രതിഫലം ആയിട്ട്.

ദേശാടനം പരമേശ്വരന്‍ അല്ലെങ്ങില്‍ പാച്ചു എന്ന ഒരു ബാലന്റെ കഥ ആണ് പറയുന്നതു. അതി സമര്‍ത്ഥന്‍ ആയ ഒരു ബാലന്‍ ചെറു പ്രായത്തിലെ സന്യാസം സ്വീകരിക്കേണ്ടി വരുന്നതും അത് ഒരു മഹാ ഭാഗ്യമായി ലോകം മുഴുവനും വാഴ്ത്തുന്നതും അതിനെ തടയാന്‍ ആവാതെ വരുന്ന മാതാപിതാക്കളുടെ നിസ്സഹായതയും ആണ് സിനിമയുടെ ഇതിവൃത്തം. പാച്ചു ആയിട്ട് വന്നത് കുമാര്‍ എന്ന ഒരു തമിഴ് ബാലന്‍ ആണ്. തരക്കേടില്ലാത്ത അഭിനയം കാഴ്ച വെക്കാന്‍ പാച്ചുവിന് കഴിഞ്ഞിട്ടും ഉണ്ട്. പാച്ചുവിന്റെ അച്ഛനും ഒരു കഥകളി നടനും ആയി വിജയരാഘവന്‍ ഒന്നാംതരം അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്‌. സ്വന്തം മകനെ സന്യസിക്കാന്‍ ഉള്ള അനുമതി കൊടുത്തിട്ട് വന്ന അച്ഛന്റെ അടുത്ത് അത് വേണ്ട എന്ന് എതിര്‍ത്ത് പറയാന്‍ പറ്റാതെ വരുമ്പോള്‍ ഉള്ള ആ നിസ്സഹായതയും മകനെ നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദനയും വളരെ മനോഹരം ആയിട്ടാണ് അഭിനയിച്ചു ഫലിപ്പിചിരിക്കുന്നത്. പാച്ചുവിന്റെ അപ്പൂപ്പന്‍ ആയിട്ട് വന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കൈതപ്രം തിരുമേനിയുടെ ഭാര്യാപിതാവ് ആണ് . അദ്ധേഹത്തിന്റെ ആദ്യ സിനിമ ആണ് അത് എന്ന് കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും മനസ്സിലാവില്ല.. അത്രയ്ക്ക് ഒരു ഒഴുക്ക് ആ അഭിനയത്തിന് ഉണ്ടാരുന്നു. ചിത്രത്തിന് കഥ എഴുതിയ മാടമ്പ് ശാസ്ത്രികള്‍ ആയി അഭിനയിക്കുകയും ഓതിക്കന്‍ ആയിട്ട് അഭിനയിച്ച ആള്‍ക്ക് ശബ്ദവും കൊടുത്തു.
പക്ഷെ പാച്ചുവിന്റെ അമ്മയായിട്ട്‌ അഭിനയിച്ച മിനി നായര്‍ ശെരിക്കും നിരാശപെടുത്തി. എന്ത് കൊണ്ടാണ് ജയരാജ് ഇത്രക്കും അഭിനയ സാധ്യത ഉള്ള ഒരു വേഷം മിനി നായരെ പോലെ ഉള്ള ഒരു നടിയെ ഏല്‍പ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. സ്വന്തം മകന്‍ സന്യസിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിയുമ്പോള്‍ ഉണ്ടാകുന്ന ആ ഭാവ പ്രകടനവും പിന്നീട് മകന്‍ യാത്ര പറയുമ്പോള്‍ ഉണ്ണീ എന്ന് വിളിക്കുമ്പോള്‍ കാണിക്കുന്ന ഭാവ പ്രകടനവും എന്തോ അരോചകം ആയിട്ട് തന്നെ തോന്നി. പാച്ചുവിന്റെ കളിക്കൂട്ടുകാരിയായി അഭിനയിച്ച ബാലികയും നല്ല അഭിനയം തന്നെ കാഴ്ച വെച്ചു, പ്രത്യേകിച്ചും ഗാന രംഗങ്ങളില്‍.

ശങ്കരാചാര്യരുടെ ശിഷ്യ പരമ്പരയില്‍ പെട്ട മൂപ്പില്‍ സ്വാമിയാരുടെ പിന്തുടര്‍ച്ചാ അവകാശിയായിട്ടാണ് പാച്ചു സന്യാസം സ്വീകരിക്കുന്നത്‌. അത് തറവാടിന്റെ സുകൃതം എന്ന് കരുതുന്ന മുത്തച്ചനും ആകെ ഉള്ള ഒരു പുത്രനെ നഷ്ടപ്പെടുന്ന വേദനയില്‍ മാതാപിതാക്കളും കളിച്ചു ഉല്ലസിച്ചു നടന്ന ബാല്യം പെട്ടെന്ന് നഷ്ടപ്പെടുന്ന വേദനയില്‍ പാച്ചുവും സാധാരണ പ്രേക്ഷക മനസ്സിലേക്ക് കടക്കുന്നു. സ്വാമിയാര്‍ മടതിലേക്ക് പാച്ചുവിനെ യാത്രയാക്കുന്ന വളരെ ഹൃദയ സ്പര്‍ശി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ണുകളെ ഈരനനിയിക്കാന്‍ ഉള്ള രീതിയില്‍ തന്നെ ആണ് കൈതപ്രം നമ്പൂതിരി ഇതിന് സംഗീതം നല്കി ഇരിക്കുന്നത്. ആരും കാണാതെ സന്യാസി മഠത്തില്‍ നിന്നും ഓടി പോരുന്ന പാച്ചുവിനെ പൂര്‍വാശ്രമത്തില്‍ ഉള്ള എല്ലാരും സ്വീകരിക്കാന്‍ ആവാതെ തിരിച്ചു മടക്കി അയക്കുന്നിടത് സിനിമ തീരുന്നു.

എടുത്തു പറയേണ്ട ഒരു കാര്യം ഇതിലെ ഗാനങ്ങള്‍ ആണ്. കൈതപ്രം എന്ന ഗാന രചയിതാവിനെ മലയാളികള്‍ക്ക് അതിന് മുന്നേ തന്നെ പരിചയം ഉണ്ടാരുന്നു. പക്ഷെ അധെഹതിലെ സംഗീത സംവിധായകനെ അന്ന് ആദ്യം ആണ് മലയാളി പ്രേക്ഷകന് അനുഭവിക്കാന്‍ ഇടയാകുന്നത്. 6 ഗാനങ്ങള്‍ ആണ് സിനിമയില്‍ കാണിക്കുന്നത്. നാവ മുകുന്ദ ഹരേ എന്ന കീര്‍ത്ത്നത്തില്‍ തുടങ്ങുന്നു ഇതു. പിന്നീട് നീല കാര്‍മുകില്‍ വര്‍ണ്ണന്‍ എന്ന സന്ധ്യാ നാമവും എങ്ങിനേ ഞാന്‍ ഉറക്കെണ്ടൂ എന്ന താരാട്ട് പാട്ടും, വേട്ടക്കൊരു മകന്‍ എന്ന ഭക്തി ഗാനവും വരുന്നൂ. പാച്ചു യാത്ര പറയുന്ന അവസരത്തില്‍ കാണിക്കുന്ന യാത്രയായി എന്ന ഗാനം ഇവയില്‍ ഏറ്റവും മികച്ചത് എന്ന് പറയാം. ദാസേട്ടന്‍ തന്റെ മാസ്മരികമായ ശബ്ദത്തില്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം ആരുടേയും മനസ്സിലേക്ക് കടന്നു ചെല്ലുന്നത് തന്നെ ആണ്. അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ.. പോകാന്‍ അനുവദിക്കൂ എന്ന വരി കേട്ടിട്ട് ഒരു മാതിരി എല്ലാ അമ്മമാരുടെം കണ്ണ് നിറയും എന്ന് തോന്നുന്നു. പാച്ചുവിന്റെ പിറന്നാളിന് പോയിട്ട് സ്വന്തം മകനെ കാണാനോ ഒരു നുള്ള് ചോറ് വാരി കൊടുക്കാനോ കഴിയാതെ വരുന്ന അവസ്ഥയില്‍ തിരിച്ചു വരുമ്പോള്‍ ഉള്ള കളിവീട് ഉറങ്ങിയല്ലോ എന്ന ഗാനവും മികച്ചു തന്നെ നില്ക്കുന്നു.

അങ്ങനെ മൊത്തത്തില്‍ ഒരു വളരെ നല്ല സിനിമ കണ്ടു എന്ന ഒരു ആശ്വാസം ദേശാടനം കണ്ടു കഴിയുമ്പോള്‍ ഒരു പ്രേക്ഷകന് ലഭിക്കുന്നു എന്നത് തന്നെ ആണ് ആ സിനിമയുടെ വിജയവും.
1996 ഇല്‍ ഇറങ്ങിയ ഈ സിനിമക്കു കേരളത്തിലെ മികച്ച സംവിധായകന്‍ , മികച്ച രണ്ടാമത്തെ നടി, മികച്ച ബാല താരം, മികച്ച ചിത്രീകരണം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചു.
Best Director Jayaraj
Second Best Actress Mini Nair
Child Artist Master Kumar
Best Photography Radhakrishnan
Best Sound Recordist Krishnanunni

1 comment:

Eccentric said...

pattukal kalipp thanne. prithyekichum lyrics.

"karayunna thiramaalakale
chirikkunna pookkale
ariyilla ningalkkente
adangaatha janmadukham"