Showing posts with label Akhil marriage kalyanakkuri wedding. Show all posts
Showing posts with label Akhil marriage kalyanakkuri wedding. Show all posts

Thursday, April 29, 2010

ഒരു വിശറി ആരുന്നു നല്ലത്

ഇതിനു മുന്നേ എഴുതിയ താളിയോലയില്‍ ഉള്ള കല്യാണക്കുറിയുടെ അനുബന്ധ സംഭവങ്ങള്‍ ആണ് താഴെ കുറിച്ചിരിക്കുന്നത്.
താളിയോലയിലെ കല്യാണക്കുറി തപ്പി നടന്നിട്ട് അവസാനം കന്നഡ ചെറുക്കന്മാരുടെ തല്ലു കൊള്ളാതെ ഒരു വിധത്തിലാ തിരിച്ചു വീട്ടില്‍ എത്തിയത്.. എന്നിട്ട് അതിനു പകരം അവിടുന്ന് ഒരു ചെറിയ കല്യാണക്കുറി തപ്പി എടുത്താരുന്നു. തൂ വെള്ള നിറത്തില്‍ ഗണപതിയുടെ പടം ഒക്കെ വെച്ച് ഒരു സംഭവം.. ഒരു വെല്യ ബാഗ്‌ എടുത്താല്‍ മേല്പറഞ്ഞ സാധനം ഒരെണ്ണം വെക്കാം.. സ്മോള്‍ പീസ്‌ ..ഒരു മാതിരി മുറം ഒക്കെ പോലെ ഇരിക്കും.. എന്നിട്ട് അത് മലയാളത്തില്‍ പ്രിന്‍റ് ചെയ്യണം എന്നും പറഞ്ഞു കുറെ നടന്നു.. എവിടെ ഒക്കെ ചോദിച്ചിട്ടും അതില്‍ കൊടുക്കണ്ട നല്ലൊരു മാറ്റര്‍ കിട്ടുന്നില്ല.. എന്റെ  മനസ്സില്‍ മുഴുവന്‍ കടു കട്ടി മലയാളം അമ്മാനം ആടുന്ന ഒരു കാര്‍ഡ്‌ ആരുന്നു.. ഒരു സാമ്പിള്‍ ഞാന്‍ വീട്ടുകാരെ കാണിച്ചു.. "നാട്ടകം പഞ്ചായത്തില്‍ മൂലവട്ടം കരയില്‍ ശ്രീമാന്‍ അഖില്‍ ചന്ദ്രന്റെ മാങ്കല്യം തം തുനാനേന" എന്നൊക്കെ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ഒരു കിടിലന്‍ പീസ്‌.. കണ്ട വഴിയെ അമ്മ പുച്ചിച്ചു തള്ളി.. ഒരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആണേല്‍ ഇമ്മാതിരി എഴുത്ത് ശൈലി  ഓക്കേ ആണത്രേ.. പിന്നെ കിട്ടിയത് എല്ലാം ഒരു മാതിരി.. എന്റെ മകന്‍ വിവാഹിതന്‍ ആകുന്നു.. താങ്കളുടെ കുടുംബസമേധം ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു എന്നൊക്കെ... അത് കണ്ടാല്‍ അതിനു യാതൊരു പ്രത്യേകതയും ഇല്ല.. ഞാനും പുച്ചിച്ചു തള്ളി.. അങ്ങനെ നമ്മള്‍ ഇംഗ്ലീഷിലേക്ക്  തന്നെ തിരിച്ചു ചെന്നു.. ജോലി കിട്ടാന്‍ വേണ്ടി പഠിച്ചപ്പോള്‍ ആണ് അവസാനം ആയി ഡിക്ഷനറി എടുത്തത്‌.. അതിനു ശേഷം ഈ സമയത്തും... ഞാന്‍ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ട് കഴിഞ്ഞാല്‍ ഞെട്ടുന്ന കുറെ സാധനങ്ങളും ആയി ഒരു നാലഞ്ചു സെന്‍ടെന്‍സ് ഉണ്ടാക്കി കൊണ്ട് ചെന്നു..
അമ്മ :- ഒന്നാമതെ ഈ വൃത്തികെട്ട കുറിക്കു തന്നെ നല്ല ഭാരവും വലിപ്പവും ഉണ്ട്.. ഇനി നീ ഒരു ഡിക്ഷനറി കൂടി ഇതിന്‍റെ കൂടെ കൊടുക്കുന്നുണ്ടോ എല്ലാര്‍ക്കും? എന്താ ഇതില്‍ എഴുതി പിടിപ്പിച്ചെക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാന്‍?
ഞാന്‍ :- അല്പം ഓവര്‍ ആയി അല്ലെ?
അമ്മ:- അല്പവോ? നല്ല ഓവര്‍ ആയി..
ഞാന്‍ :- എന്നാ വേണ്ട.. ക്രിയെടിവ് റയ്ടിങ്ങിനു കേരളത്തില്‍ ഇത്രയ്ക്കു സ്കോപ് ഇല്ലേ? [ആത്മഗതം:-"അടുത്ത സന്തതി പരമ്പരകളെ എങ്കിലും രക്ഷ പെടുത്താം.. കേരളത്തിലേക്ക് ഇനി ഇല്ലേ ഇല്ല"]
അമ്മ :- എന്‍റെ മോനെ, ശെരിക്കും എന്താ നിന്റെ പ്രശ്നം? എല്ലാരും ചെയ്യുന്ന പോലത്തെ ഒരു കാര്‍ഡ്‌ പോരെ..അതിന്റെ ആവശ്യം അല്ലെ ഉള്ളൂ? സെലെബ്രിടി വെഡിംഗ് ഒന്നും അല്ലല്ലോ?
ഞാന്‍:- എന്നാല്‍ ശെരി.. ഞാന്‍ ആയിട്ട് ഇനി ഒന്നും പതിവില്ലാത്തത് ചെയ്യുന്നില്ല..
അങ്ങനെ വെറും സാധാരണമായ വാചകങ്ങളും ആയി ഒരു കാര്‍ഡ്‌ പ്രിന്‍റ് ചെയ്യാന്‍ ഞാന്‍ പോയി.. എന്നാലും മനസ്സിന് അപ്പിടി ഒരു വിഷമം.. ഒരു ചെറിയ ഡെമോ എങ്കിലും ഇല്ലെങ്കില്‍ എന്ത് കല്യാണക്കുറി ?
അങ്ങനെ വീട്ടുകാര്‍ അറിയാതെ സംസ്കൃതത്തില്‍ നിന്ന് ഒരു ശ്ലോകം തപ്പി എടുത്തു.. അഥര്‍വവേദത്തില്‍ നിന്നും ഒപ്പി എടുത്ത ഒരു ചെറിയ സാധനം..
इहेमाविन्द्र सं नुद चक्रवाकेव दम्पती ।
प्रजयौनौ स्वस्तकौ विस्वमायुर्व्यऽशनुताम् ॥
ഇതിന്‍റെ അര്‍ഥം ആയിരുന്നില്ല എനിക്കു പ്രധാനം... ആളുകള്‍ കുറി കണ്ടു കഴിയുമ്പം ശെടാ.. ഇവന്‍ കൊള്ളാല്ലോ.. എന്ന് പറയണം.. അത്ര മാത്രം..  ഈ സാധനം പ്രിന്‍റ് ചെയ്യാന്‍ കൊണ്ടു കൊടുത്തു കഴിഞ്ഞപ്പം.. പ്രസ്സിലെ ചേട്ടന്‍ ഞെട്ടിയില്ല.. ചേട്ടന്‍ മാത്രം അല്ല.. ഇത് കണ്ടവരാരും ഇത് വരെ ഞെട്ടിയില്ല.. ഞാന്‍ മാത്രം ഇടക്ക് ഇടക്ക് എടുത്തു അതില്‍ ദുഖഭാരത്തോടെ നോക്കി ഒന്ന് ഞെട്ടും..

അങ്ങനെ ഞാന്‍ എന്റെ ആദ്യത്തെ വിവാഹ ക്ഷണ കര്‍മത്തിലേക്ക് കടന്നു. ജീവിതത്തിലെ നല്ല മൂന്നു നാല് വര്‍ഷങ്ങള്‍ ചിലവഴിച്ച തൊടുപുഴ തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ യാദൃശ്ചികം ആയിരിക്കാം.. നഷ്ടപ്പെട്ട പല നല്ല ഓര്‍മകളും, മനസ്സില്‍ നല്ല ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകളും തരുന്ന തൊടുപുഴ.. നാല് വര്‍ഷം ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച ബിന്ദു ചേച്ചിയുടെ വീട്ടില്‍ തന്നെ വേണം ആദ്യത്തെ കുറി കൊടുക്കാന്‍.. ഇത്രയും ക്ഷമാശീലം ഉള്ള ഒരു ചേച്ചിയെ ഞാന്‍ അടുത്തെങ്ങും കണ്ടിട്ടില്ല.. അല്ലെങ്കില്‍ പത്തു പതിനഞ്ചു കാടാമുട്ടന്മാര്‍ അവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ എത്രയോ രാത്രികളില്‍ കുടിച്ചു കൂത്താടി ചീട്ടും കളിച്ചു ബഹളം വെച്ചിരിക്കുന്നു.. ഒരു വാക്ക് ചീത്ത ആയി ഇത് വരെ പറഞ്ഞിട്ടില്ല..അത് മുകളിലത്തെ നിലയില്‍ നിന്ന് ബഹളം വരാത്തത് കൊണ്ടൊന്നും അല്ല.. എന്റെ അമ്മ അവിടെ കുറെ നാള്‍ താമസിച്ചു മോനും മോന്റെ സുഹൃത്തുക്കളും വളരെ നല്ലവര്‍ ആണെന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയത് കൊണ്ട് മാത്രം ആണെന്ന് തോന്നുന്നു..

എന്തൊക്കെ ആയാലും ബിന്ദു ചേച്ചിക്ക് ഞാന്‍ എന്റെ കടിഞ്ഞൂല്‍ കല്യാണക്കുറി കൊടുത്തു..
ബിന്ദു ചേച്ചി അത് വാങ്ങിച്ചു നോക്കീട്ടു
ബിന്ദു ചേച്ചി:- ഹോ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ലാ..
ഞാന്‍ :- ഏ??? അതെന്താ ബിന്ദു ചേച്ചി അങ്ങനെ പറയുന്നേ? എനിക്കൊരു പെണ്ണ് കിട്ടും എന്ന് ബിന്ദു ചേച്ചിക്ക് പോലും വിശ്വാസം ഇല്ലാരുന്നോ?
ബിന്ദു ചേച്ചി:- അതല്ല കൊച്ചുമോനെ.. എന്ത് പെട്ടെന്നാ സമയം പോകുന്നത്.. ഇന്നലെ ഇവിടുന്നു പോയ പോലെ തോന്നുവാ.. കല്യാണം ഒക്കെ കഴിക്കാന്‍ ഉള്ള പ്രായം ഒക്കെ ആയി അല്ലെ..?
ഞാന്‍:- ഹോ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇത് വരെ കണ്ടവര്‍ എല്ലാരും പറഞ്ഞത് ഒരു മാതിരി പന്നി പോലെ വളര്‍ന്നല്ലോടെ എന്നാ.. ഇതിപ്പം ആദ്യമായിട്ടാ ഇങ്ങനെ.
ബിന്ദു ചേച്ചി:- അല്ല അത് അങ്ങനെ ഒക്കെ തന്നെയാ.. എന്നാലും സമയം പോയത് എന്ത് പെട്ടെന്നാ?
ഞാന്‍:- ഓ അങ്ങനെ..  ആ അതൊക്കെ പോട്ടെ.. ബിന്ദു ചേച്ചി ആ കാര്‍ഡ്‌ ഒന്ന് നോക്കിക്കേ.. ഞെട്ടിക്കാന്‍ ഒരു സാധനം ഞാന്‍ അതില്‍ വെച്ചിട്ടുണ്ട്..
ബിന്ദു ചേച്ചി:- ആ അഖില്‍ എന്നുള്ള പേരല്ലേ.. ഞാന്‍ ഞെട്ടി..
ഞാന്‍:- അയ്യേ.. ഇതെന്താ ഇങ്ങനെ.. അതല്ല.. ആ കാര്‍ഡിന്റെ മുകളില്‍ ഒരു രണ്ടു ലൈന്‍..
ബിന്ദു ചേച്ചി:- എ? ഇതെന്താ ഹിന്ദിയോ? കൊച്ചുമോനെ പണി പറ്റിച്ചോ? പെങ്കൊച്ചു ഹിന്ദിക്കാരിയാണോ?
ഞാന്‍:- അയ്യേ.. അത് ഹിന്ദി അല്ല.. സംസ്കൃതം.. കേട്ടിട്ടില്ലേ പണ്ട് പഠിച്ചിരിക്കുന്നത് സംസ്കൃതം ഏക്‌ ദേവ നാഗരി ഭാഷ ഹേ...പിന്നെ ഇതി വാര്‍ത്താഹ..എന്നൊക്കെ..
[എന്നാലും എനിക്കൊരു ഹിന്ദിക്കാരി പെങ്കൊച്ചിനെ പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉള്ള ഗെറ്റപ്പ് ഒക്കെ ആയി എന്ന് ബിന്ദു ചേച്ചി വിചാരിച്ചു കളഞ്ഞല്ലോ.. ഈ ബിന്ദു ചേച്ചിടെ ഒരു കാര്യം.. ]
ബിന്ദുചേച്ചി:- ഇതെന്താ ഈ കാര്‍ഡിന് ഇത്രക്കും വലിപ്പം?
ഞാന്‍:- നമ്മള്‍ ഒരിക്കലും മോശക്കാര്‍ ആവരുതല്ലോ.. അത് കൊണ്ട് അവിടെ ഉള്ളതില്‍ ഏറ്റവും തികഞ്ഞത് നോക്കി എടുത്തതാ..എങ്ങനെ ഉണ്ട്?
ബിന്ദുചേച്ചി:- ആ ചൂടുകാലം ഒക്കെ അല്ലെ.. ഇത്രയും വലിപ്പം ഉള്ളത് കൊണ്ട് വീശാന്‍ കൊള്ളാം..
ഞാന്‍:- [ആത്മഗതം: എന്നാല്‍ പിന്നെ ഒരു വിശറി പോലത്തെ കാര്‍ഡ്‌ ഉണ്ടാക്കി തരാം.. ഇരുന്നു വീശിക്കോ..  ഇത്രയും കാശും കൊടുത്തു സംസ്കൃതവും അടിച്ചു കൊണ്ട് വന്ന കാര്‍ഡാ.. വീശാന്‍ കൊള്ളാം അത്രേ..]


ബിന്ദു ചേച്ചി:- ആ ഞാന്‍ എന്തായാലും പോയി ഒരു ചായ എടുത്തോണ്ട് വരം.. നിങ്ങള്‍ ഇരിക്ക്..

ഞാനും കൂടെ വന്ന ശ്രീജിത്തും അവിടെ ഇരുന്നു.. ശ്രിജിത് എന്റെ കൈയില്‍ ബാക്കി ഉണ്ടാരുന്ന ഒരു കുറി എടുത്തു സംസ്കൃതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഉള്ള തീവ്ര ശ്രമം.. എവിടുന്നു.. ഇത് കോപ്പി അടിച്ചു വെച്ച എനിക്കിത് വരെ മനസ്സിലായിട്ടില്ല എന്താണ് ശെരിക്കും അര്‍ഥം എന്ന്.. പിന്നെയാ ഇനി ഇവന്‍.. ഒന്ന് പോടാ ചെക്കാ.. ബിന്ദു ചേച്ചി ചായയും ആയി വന്നപ്പോഴേക്കും ശ്രിജിത് ആദ്യത്തെ ഒരു വാക്ക് വായിച്ചു.. ബിന്ദു ചേച്ചി പറഞ്ഞു.. ചായ കുടിക്കു..
ശ്രിജിത് ചായ ഊതി ഊതി ഭയങ്കര കുടി.. ഹരികൃഷ്ണന്‍സ് സിനിമ കണ്ടതില്‍ പിന്നെ ഇവന്‍ ഇങ്ങനെയാ.. അതില്‍ മീര പറയുന്നുണ്ടല്ലോ.. ഗുപ്തന് ചായ ഊതി ഊതി കുടിക്കുന്നതാ ഇഷ്ടം എന്ന്..
ബിന്ദു ചേച്ചി:- ശ്രിജിത്തേ കൊച്ചിന് പേരിട്ടോ?
ശ്രിജിത്:- ഇല്ല, ഒന്ന് രണ്ടു പേര് ഇങ്ങനെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്.. അഫിനവ്, അഫിമന്യു, അഫിജിത് .. ഇതൊക്കെയാ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടത്.. പക്ഷെ ഞാന്‍ വേറെ ഒരെണ്ണം കണ്ടു പിടിച്ചു വെച്ചിടുണ്ട്.. "മോഹിനി വര്‍മ".
ബിന്ദു ചേച്ചി:- എ? അതിനു ആണ്‍കുട്ടി അല്ലെ..
ശ്രിജിത്:- ശെരിക്കും മോഹിനി വര്‍മ ആണാരുന്നല്ലോ..
ബിന്ദു ചേച്ചി:- ഏതു മോഹിനി വര്‍മ?
ശ്രിജിത്:- ഹരികൃഷ്ണന്‍സ് സിനിമ ബിന്ദു ചേച്ചി കണ്ടില്ലേ? അതിന്റെ കുഴപ്പമാ ഇതെല്ലാം. ശെരിക്കും മോഹിനി വര്‍മ കുഞ്ഞ്ജാക്കോ ബോബന്‍ ആരുന്നു.

എന്റെ ബിന്ദു ചേച്ചി.. ഇവന്‍ ചുമ്മാ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഞാന്‍ ഇനി എന്റെ ഔദ്യോദികം ആയ കല്യാണം വിളി നടത്തട്ടെ..

ഞാന്‍:- കലിയുഗം തുടങ്ങി 1185 സംവത്സരങ്ങള്‍ കഴിഞ്ഞു ഇടവ മാസം ഒന്‍പതാം തീയതി സൂര്യോദയം കഴിഞ്ഞു ആറു നാഴികയും 57 വിനാഴികയും ആവുന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ അഗ്നിസാക്ഷിയായി ഇലത്താലി അണിയിക്കാന്‍ ഉള്ള സുദൃടമായ തീരുമാനം കൈകൊണ്ടിരിക്കുന്നു.. തഥവസരത്തില്‍ ..
ബിന്ദു ചേച്ചി:- കൊച്ചുമോനെ..എനിക്കൊന്നും മനസ്സിലായില്ല.. കല്യാണം വിളിച്ചത് തന്നെ ആണോ? അതോ ജാതകതിന്റെം ആദ്യത്തെ കുറച്ചു ഭാഗം വായിച്ചു കേള്‍പ്പിച്ചതാണോ?
ഞാന്‍:- അത് ബിന്ദു ചേച്ചി.. കല്യാണക്കുറിയില്‍ കുറച്ചു കടുകട്ടി മലയാളം വാക്ക് ഇടണം എന്ന് ആഗ്രഹിച്ചിട്ടു അമ്മ സമ്മതിച്ചില്ല.. അത് കൊണ്ടാ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്..
ബിന്ദുചേച്ചി :- ഇത് കാണാതെ പഠിച്ചു പറയുവാണോ?
ഞാന്‍:- ഏയ്‌... അല്ല.. എല്ലാം നന്നായി മനസ്സിലാക്കി സമയം എടുത്തു പഠിച്ചു പറയുന്നതാ..
ബിന്ദുചേച്ചി :- അല്ല ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കേലും എന്തേലും മനസ്സിലാകുവോ?
ഞാന്‍:- ആ അത്രയുവേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.. കേള്‍ക്കുമ്പം ഒന്ന് ഞെട്ടണം..
ബിന്ദുചേച്ചി:- ആ ഞാന്‍ ഞെട്ടി. വന്നു കേറിയപ്പം മുതലേ ഒരു ഞെട്ടല്‍ ഉണ്ടാരുന്നു.. ഇപ്പം പൂര്‍ത്തിയായി.. ശെരിക്കും കല്യാണം ആയോ? സാധാരണ കല്യാണക്കുറി ഇങ്ങനെ അല്ല.. കല്യാണം വിളിക്കുന്നതും ഇങ്ങനെ അല്ല.. അത് കൊണ്ട് ചോദിച്ചതാ..
ഞാന്‍:- ഉയ്യോ.. ഇത്രക്കും വെല്യ ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചില്ല.. ഞാന്‍ കല്യാണം പിന്നീട് അമ്മയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചോളാം. ശെരി ബിന്ദു ചേച്ചി.. ഞങ്ങള്‍ ഇറങ്ങുവാ.. ഇനി കുറെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ഉള്ളതാ..
ബിന്ദു ചേച്ചി:- അത് വേണോ കൊച്ചുമോനെ?

വാല്‍ക്കഷ്ണം:- പിന്നീട് ഫോണില്‍..
ഞാന്‍:- അമ്മെ.. ആരെയും ഞെട്ടിക്കാതെ എങ്ങനെയാ കല്യാണം വിളിക്കുക? എല്ലാവരും ചെയ്യുന്ന പോലത്തെ സിമ്പിള്‍ ആയിട്ടുള്ള സാധനങ്ങള്‍ മാത്രം മതി.. മനസ്സിലാകാത്ത വാക്ക് ഒന്നും വേണ്ട..
അമ്മ:- എ? നീ ഇതിലെ പറഞ്ഞോണ്ട് നടന്ന സാധനങ്ങള്‍ ഏതേലും വീട്ടില്‍ ചെന്ന് പറഞ്ഞോ? അത് നീ അപ്പം തമാശക്ക് പറഞ്ഞോണ്ട് നടന്നതല്ലേ? എന്റെ കൃഷ്ണാ.. എന്താ ഇവന്‍ ഇങ്ങനെ?...