Saturday, June 7, 2014

വീണ്ടും സ്‌പെയിൻ

ബാലിയിൽ ഏകദേശം ഏഴു വര്ഷം തികയ്ക്കാറായി. ഇവിടെ വന്നതിനു ശേഷം രണ്ടാമത്തെ ഫുട്ബോൾ വേൾഡ് കപ്പ്‌ ആണ് വരുന്നത്. കഴിഞ്ഞ തവണ സ്പെയിൻ ജയിച്ചു.
ആ, അപ്പം പറഞ്ഞു വന്നത് - ഇവിടെ എന്തൊക്കെയോ യൂസർ ഗൈഡ് മൊഴിമാറ്റം നടത്താൻ ആയി രണ്ടു സ്പാനിഷ് അറിയാവുന്ന ആളുകളെ വേണം എന്ന് പരസ്യം ചെയ്തു. രണ്ടു പേർ ഒരു മാസം മുന്നേ ജോയിൻ ചെയ്തു. ഒരാണും ഒരു പെണ്ണും. ഒരു ദിവസം ഊണ് കഴിഞ്ഞു തിരിച്ചു വരുമ്പം ലിഫ്റ്റിൽ വെച്ച് അതിലെ ആണിനെ കണ്ടു.

നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ മുടിഞ്ഞ തള്ള് - സ്പാനിഷ് മച്ചാനു മനസ്സിലാകാതെ ഇരിക്കാൻ വേണ്ടി കടുകട്ടി മലയാളത്തിൽ ആണ് സംസാരം.
തള്ളുന്നവന്റെ പേര് രാകേഷ്. തള്ളു കേക്കുന്നവർ എല്ലാരും കൂടി ഒറ്റ ഗ്രൂപ്പ് - മറ്റുള്ളവർ.

രാകേഷ് - ഈ നിക്കുന്ന മച്ചാൻ ഇപ്പോഴത്തെ ലോക കാല്പന്തുകളി ജേതാക്കളുടെ നാട്ടിൽ നിന്നാ

മറ്റുള്ളവരിൽ കുറച്ചു പേർക്കു മാത്രം രാജ്യം മനസ്സിലായി. ബാക്കി ഉള്ളവർ ജീ കെ ഉണ്ടെന്നു അവകാശപ്പെടുന്നവരോട്  ചോദിച്ചു കാര്യം മനസ്സിലാക്കി. മൊത്തത്തിൽ ഉള്ള ആറു പേരിൽ രണ്ടു പേര്ക്ക് മാത്രം മനസ്സിലായി രാജ്യം സ്പെയിൻ ആണെന്ന്. ജീ കെ ഉള്ളവര പറഞ്ഞു കൊടുത്തത് അർജെന്റീന, ഫ്രാൻസ്  എന്തൊക്കെയോ  ആരുന്നു എന്നു പുറത്തു ഇറങ്ങി കഴിഞ്ഞപ്പം എല്ലാര്ക്കും മനസ്സിലായി.

മറ്റുള്ളവർ - അതെങ്ങനെ നിനക്കറിയാം? മച്ചാനെ കണ്ടിട്ട് ഒരു ഇന്ത്യൻ ച്ഛായ ആണല്ലോ?
രാകേഷ് - പുതിയതായിട്ട് കേറിയ രണ്ടു പേരും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടതല്ലേ? മൊത്തം മറ്റേ ഭാഷ
മറ്റുള്ളവർ - മറ്റേ ഭാഷയോ?
രാകേഷ് - ഡേയ്, ഞാൻ പറഞ്ഞില്ലേ.. കാല്പ്പന്തുകളി, ലോകകപ്പ്‌ , രാജ്യം, അവിടുത്തെ ഭാഷ
മറ്റുള്ളവർ - ചെലപ്പം ഇവിടെ ജനിച്ചു വളർന്ന ടീം ആരിക്കും.. അല്ലേൽ മാതാപിതാക്കളിൽ ആരേലും ഒരാള് ഭാരതീയൻ ആരിക്കും . അത് കൊണ്ടാ ഒരു നാടൻ ച്ഛായ!
രാകേഷ് - ഒന്നു പോടാപ്പ! ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും. അത് തന്നെ അല്ല.. ഇവരുടെ പേര് ഞാൻ കണ്ടു.. നാല് അഞ്ചു വാക്കുണ്ട്. ഒര്തിരിക്കാൻ പോലും പറ്റത്തില്ല. ഏതാണ്ട് റൊസാരിയോ എസ്ബെർഗ് അങ്ങനെ ഏതാണ്ടാ !!
മറ്റുള്ളവർ - ഇതൊക്കെ നീ എപ്പം പോയി കണ്ടു പിടിച്ചു?
രാകേഷ് - ഇന്നലെ മറ്റേ മെക്സിക്കൻ ഹോട്ടലിൽ വെള്ളമടിക്കാൻ പോയപ്പം സായിപ്പും മദാമ്മേം അവിടെ ഉണ്ടാരുന്നു. അവിടെ വെച്ച് ഒന്ന് ചെറിയ രീതിയിൽ പരിചയപ്പെട്ടു.
മറ്റുള്ളവർ - നീ ചോദിച്ചോ പുള്ളീടെ അച്ഛനോ അമ്മയോ ആരേലും ഇവിടുന്നു ഉള്ളതാണെന്ന്?
രാകേഷ് - എന്തിനു? ഒരു ചെറിയ ച്ഛായ നിനക്കൊക്കെ ചുമ്മാതെ തോന്നുന്നതാ

ഒന്ന് രണ്ടു ദിവസം കഴിഞ്ഞു. മറ്റുള്ളവരിൽ പെട്ട ഒരുത്തന്റെ സീറ്റിന്റെ അരികിലേക്ക് സായിപ്പും മദാമ്മയും സീറ്റ്‌ മാറി.
മദാമ്മയുടെ പേര് രാകേഷ് പറഞ്ഞത് പോലെ തന്നെ - മൊത്തം നാല് അഞ്ചു വാക്ക് - ഓർത്തിരിക്കാൻ പറ്റുന്നില്ല. സത്യമാണ് സ്പെയിന്കാരി!!

സായിപ്പിന്റെ പേരിലും ഉണ്ട് മൂന്നു വാക്ക് - രതീഷ്‌ രാമചന്ദ്രൻ നായർ !!! 
മലയാളി, പാലക്കാട്ടുകാരൻ.
ഇത് കണ്ടതും മറ്റുള്ളവരിലേക്ക് രാകേഷിന്റെ തള്ള് എത്തിക്കാൻ അവൻ ഓടി - എല്ലാവരുടെയും മനസ്സിൽ പാടുപെട്ടു പറഞ്ഞ കടുകട്ടി മലയാള സംഭാഷണങ്ങൾ വീണ്ടും വീണ്ടും മുഴങ്ങുന്നു .
അന്ന് രാജ്യം മനസ്സിലാകാതെ ഇരുന്ന ഒരുത്തനു ഇത്തവണ ഉത്തരം കിട്ടി. അപ്പം പാലക്കാട്  ആരുന്നല്ലേ ലോകകപ്പ്‌ ജേതാക്കൾ !!!

മച്ചാൻ ഒരു മെക്സിക്കനെ കല്യാണം ഒക്കെ കഴിച്ചു പതിനഞ്ചു വർഷത്തിനു മേലെ ആയി.. അവിടെ തന്നെ ആണ് താമസം. ഇവിടെ കൊണ്ട്രാക്ടിൽ നാല് മാസത്തേക്ക് വന്നിരിക്കുന്നു. ഇടയ്ക്കു ഫോണ്‍ വിളിക്കുന്നത്‌ കേക്കാം.."അമ്മെ.. രാത്രി അങ്ങോട്ട്‌ വിളിക്കാം" !!!

1 comment:

manju said...

ithu kaanan lesham vaiki :)
kurachu naalaayallo updates kandittu ennu vichaarichu irikkukayaayirunnu.