Thursday, August 25, 2011

എംബഡട് ഡൊമൈന്‍



ആദ്യമായി ജോലിക്ക് കേറിയത്‌ ഒരു ചൈനീസ് കമ്പനിയില്‍ ആരുന്നു.. അത് എങ്ങനെയാ ഒന്ന് ഉച്ചരിക്കുന്നത് എന്ന് പഠിച്ചു വന്നപ്പം തന്നെ ഒരു വര്‍ഷം കഴിഞ്ഞു.. ആദ്യം കേട്ടത് ഹുവായി എന്നാരുന്നു.. പിന്നെ കേട്ട് ഹവായി .. അവസാനം മനസ്സിലായി.. ഹുആവെ എന്ന് ആണ് പറയണ്ടത് എന്ന്.. അങ്ങനെ ആദ്യമായി ഒരു പ്രോജക്ടിലേക്ക് ഇട്ടു.. അന്ന് വരെ കേക്കാത്ത ഒരു സംഭവം കേട്ടു.. നമ്മള്‍ ചെയ്യുന്നത് എംബഡട് ഡൊമൈന്‍ ആണത്രേ.. ഹോ സമ്മതിക്കണം.. ഇനി ആരേലും ചോദിച്ചാലും കുറച്ചു നിലയും വിലയും ഉള്ള ഒരു പേരായി.. അത് കഴിയുമ്പം മുതല്‍ നാട്ടില്‍ ഒക്കെ ചെല്ലുമ്പം ആരേലും ചോദിച്ചാലും വെച്ച് കീച്ചും..
മോനെ ശരിക്കും നീ എന്താ അവിടെ ചെയ്യുന്നേ?
അത്‌ അമ്മച്ചീ.. കുറെ താഴെ ഉള്ള ലയറിലാ പണി.. അപ്പം കേള്‍ക്കുന്നവര്‍ തിരിച്ചു പറയും.. ആ തല്ക്കാലം ഇങ്ങനെ അങ്ങ് പോട്ടെ മോനെ.. കുറച്ചു കഴിയുമ്പം നമുക്ക് മുകളിലോട്ടു കേറി വരം.. അയ്യേ... അതല്ല.. അമ്മാവാ..ഈ ഹാര്‍ഡ്‌വെയര്‍ ഇല്ലേ? ഏ??

അങ്ങനെ ആദ്യത്തെ പ്രൊജക്റ്റ്‌ കിട്ടി.. ഞാനും മറ്റു മൂന്നു പേരും.. ഒരുത്തന്‍ സൂരത്കല്‍ ആര്‍ഈസി.. ഞാന്‍ തൊടുപുഴ ഐഐടി .. പിന്നെ ഉള്ള രണ്ടു പേര് കുറച്ചു നാളായിട്ട് അവിടെ ഉള്ളതാ.. ആര്‍ഈസി മച്ചാന്‍ ആണേല്‍ ഒരു മൂന്നു നാല് മാസം മുന്നേ ജോയിന്‍ ചെയ്തു.. അത്‌ മാത്രം അല്ല.. നല്ല വിവരം ഉണ്ട് താനും... ഇവരുടെ ഇടയില്‍ കിടത്തി എന്നെ ബുദ്ധിമുട്ടിക്കല്ലേ എന്റെ കൃഷ്ണാ എന്ന് ഇടക്ക് ഇടക്ക് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. കുറെ എന്തൊക്കെയോ ചെയ്യാന്‍ പറഞ്ഞു.. ഇരുപതു ലൈന്‍ തികച്ചു എഴുതണ്ടാത്ത കോളേജിലെ ലാബ്‌ എക്സാമിന് ഒരു ഫുള്‍ ഔട്പുട്ട് ഒപ്പിക്കാന്‍ പാട് പെട്ടോണ്ട് ഇരുന്ന എന്നോട് ഒരു രണ്ടായിരം ലൈന്‍ അങ്ങ് എഴുതിക്കൊള്ളാന്‍.. ഒരു മടിയും കാണിച്ചില്ല.. വെച്ച് കാച്ചി.. പറഞ്ഞ സമയത്ത് തന്നെ ഞാന്‍ എഴുതി തീര്‍ത്തു... എന്താണ് അന്ന് അവിടെ ഇരുന്നു എഴുതിയത് എന്ന് ഇപ്പോഴും ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചാല്‍ അറിയില്ല.. മൊത്തം ഇരുന്നു എഴുതിയെങ്കിലും ഞാന്‍ ഒരു തവണ പോലും അതൊന്നു കമ്പൈല്‍ ചെയ്തില്ലാരുന്നു.. അവസാനം എല്ലാരുടെം പിന്നെ എന്റെം കൂടി മെര്‍ജ് ചെയ്തിട്ട് കമ്പൈല്‍ ചെയ്യാന്‍ ഒരു ശ്രമം നടത്തി.. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കണ്ടു.. മൊത്തം 180 വാണിംഗ് പിന്നെ ഒരു 180 എറര്‍.. ഹോ.. അത്‌ കഴിഞ്ഞു അതില്‍ ഒരു കുറിപ്പടി.. മാക്സിമം ഇത്രയും കാണിക്കാനേ പറ്റുള്ളൂ എന്ന്.. അത്‌ കഴിഞ്ഞു ബാക്കി കാണിക്കാം എന്ന്..അതിനു മുന്നേ ഞാന്‍ ചെയ്ത ഏറ്റവും വലിയ പ്രോഗ്രാം ഒരു ഡബ്ലി ലിങ്ക്ഡ് ലിസ്റ്റ് ആരുന്നു. അതില്‍ എങ്ങനെ ഒക്കെ ഞാന്‍ ശ്രമിച്ചാലും ഇത്രയും എററും വാണിങ്ങും ഒപ്പിക്കാന്‍ പറ്റത്തില്ല.. ഞാന്‍ കുറെ നേരം മെനക്കെട്ടിരുന്നു..അതിലെ കുറെ എണ്ണം ശെരി ആക്കി.. അതിനു ശേഷം കമ്പൈല്‍ ചെയ്താലും അടിയില്‍ കാണിക്കുന്ന കുറുപ്പിന് യാതൊരു വ്യത്യാസവും ഉണ്ടാവുന്നില്ല.. വീണ്ടും 180 , 180. വിഷ്വല്‍ സ്റ്റുഡിയോക്ക് ഈ എറര്‍ എല്ലാം കൂടി കാണിച്ചു വല്ല സ്ടാക് ഓവര്‍ഫ്ലോയും അടിച്ചിരുന്നേല്‍..അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്നേനെ.

എല്ലാം കഴിഞ്ഞു നമ്മള്‍ ഈ സാധനം റിലീസ് ചെയ്യാന്‍ പോകുന്നതിനു തൊട്ടു മുന്നേ ടീമിലെ മുതിര്‍ന്ന രണ്ടു അംഗങ്ങള്‍ വിട്ടു പോയി.. പിന്നെ ആകെ.. ഞാനും സൂരത്കല്ലും മാത്രം.ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചു സംഭവം റിലീസ് ചെയ്തു.. ടെസ്റ്റിംഗ് ടീം ആണേല്‍.. നമ്മുടെ ഈ സെറ്റപ്പ് ഒക്കെ കണ്ടു.. ആദ്യം തന്നെ അവരുടെ നാല് ടെസ്റ്റിംഗ് സൈകിളിലും കൂടി കിട്ടേണ്ട എററിന്റെ എണ്ണം നല്ല വണ്ണം അങ്ങ് കൂട്ടി വെച്ചു.. ടെസ്റ്റിംഗ് തുടങ്ങി.. രണ്ടാം ദിവസം തന്നെ നമ്മള്‍ അവരെ നിരാശരാക്കി. നാല് സൈക്കിളിലും കൂടി കിട്ടേണ്ട എറര്‍ രണ്ടാം ദിവസം ആദ്യത്തെ സൈക്കിള്‍ തുടങ്ങിയ പാടെ ക്രോസ് ചെയ്തു.. പിന്നെ വന്ന ഓരോ ദിവസവും അവരെ നമ്മള്‍ കഷ്ടപ്പെടുത്തി.. അവര്‍ ഒരിക്കലും എത്തില്ല എന്നുള്ള രീതിയില്‍ ഉള്ള ഒരു നമ്പര്‍ പ്ലാന്‍ ചെയ്യും.. രണ്ടാം ദിവസം അതും ക്രോസ് ചെയ്യും.. എല്ലാം കഴിഞ്ഞു നാല് സൈക്കിളും തീര്‍ന്നപ്പം ടെസ്റ്റിംഗ് ടീമിനും നമുക്കും അവാര്‍ഡ്‌. പ്രൊജക്റ്റ്‌ മാനേജര്‍ നമ്മളെ അടുത്തു വിളിച്ചിട്ട് പറഞ്ഞു.. പഹയാ.. വല്ലാത്ത കോഡിംഗ് തന്നെ അന്റെ.. ഞമ്മള്‍ ബിചാരിച്ചില്ല.. ഞ്ഞിങ്ങള്‍ ഈ എറര്‍ എല്ലാം കൂടി ഫിക്സ് ചെയ്യും എന്ന്.. ഏ.. അയ്യേ.. അതിനാരുന്നോ ഈ അവാര്‍ഡ്‌..

അങ്ങനെ എംബഡട് ഡൊമൈനില്‍ വര്‍ക്ക്‌ ചെയ്തു അല്‍പ സ്വല്പം വിവരം ഒക്കെ വെച്ച് വന്നു കൊണ്ടിരിക്കെ.. ടീം മൊത്തത്തില്‍ ഒരു രണ്ടു ദിവസത്തെ ടീം ബില്‍ഡിംഗ്‌ എന്ന് വിളിക്കുന്ന ഒരു പരുപാടിക്കു പോയി. ഭീമെശ്വരി ഫിഷിംഗ് ആന്‍ഡ്‌ നേച്ചര്‍ ക്യാമ്പ്‌ ആണെന്ന് ആണ് എന്റെ ഓര്‍മ. ഓഫീസില്‍ നിന്ന് രാത്രി ബസില്‍ തിരിച്ചു ഏകദേശം രാവിലെ അവിടെ എത്തി. കുളിച്ചു കുറി തൊട്ടു രാവിലെ തന്നെ ഇറങ്ങി.. ഓരോരോ പരിപാടികള്‍ കഴിഞ്ഞു രാത്രി ആയപ്പോഴേക്കും ഫുഡ്‌ അടി.. ചിക്കന്‍ കബാബും റൊട്ടിയും പിന്നെ എന്തൊക്കെയോ കറികളും..ഷീജിടേം മുദിത്തിന്റെം ഒക്കെ കഴിപ്പ്‌ കണ്ടാല്‍.. അന്ന ഹസാരെ കിടന്ന പോലെ പത്തു പന്ത്രണ്ടു ദിവസം പട്ടിണി കിടന്നിട്ടു വന്നു കഴിക്കുവാണെന്ന് തോന്നും..
ഷീജി ഈ ടീം ബില്ടിങ്ങിനു മൂന്നു നാല് മാസം മുന്നേ കുറെ നാള്‍ ചൈനയ്ക്കു പോയാരുന്നു.. അവിടെ ചെന്ന് ഫ്രീ ആയിട്ട് ഉള്ള ചപ്പും ചവറും എല്ലാം തിന്നു വന്നപ്പം സോഡാക്കുപ്പി പോലെ അകത്തോട്ടു ഇരുന്ന അവന്റെ കവിളിലെ കുഴികള്‍ ഒരു മാതിരി ടിപ്പെറില്‍ മണ്ണ് നറച്ചു കൂന കൂട്ടിയത് പോലെ ആയി.. അമ്മാതിരി തീറ്റ. ഇതു കഴിഞ്ഞു നാട്ടില്‍ വന്നിട്ടും ഈ തീറ്റ അവന്‍ അങ്ങ് തുടര്‍ന്നു. ഉച്ചക്ക് നമ്മള്‍ കേരള സ്പൈസ് എന്നൊരു അവിഞ്ഞ കടയില്‍ കുറച്ചു നാള്‍ കഴിക്കാന്‍ പോകുവാരുന്നു. അവിടെ ചെന്നിട്ടു ഒരു നാല് പേര്‍ ഉണ്ണുന്ന ചോറും ഉണ്ണും.. എന്നിട്ട് തിരിച്ചു വരുന്ന വഴി ബേക്കറിയില്‍ കേറി ഒരു ജൂസും.. ഇതിന്റെ കൂടെ ഒരു ഡയലോഗ് :- വയറു ചുമ്മാ കിടന്നാല്‍ ഗ്യാസ് കേറും അളിയാ..

ഇവന്റെ കൂട്ടുകാര്‍ പറഞ്ഞത് കേട്ടിട്ട് VLCC കാര്‍ ഇവനെ ഒരിക്കല്‍ കാണാന്‍ വന്നു.. ഇവന്റെ പണ്ടത്തെ പടവും ഇപ്പോഴത്തെ രൂപത്തില്‍ ഉള്ള പടവും "ബിഫോറും ആഫ്ടറും" "ആഫ്ടറും ബിഫോറും" ആക്കി ഓര്‍ഡര്‍ നേരെ തിരിച്ചു അവരുടെ വെയിറ്റ് ലൂസിംഗ് പ്രോഗ്രാമിന്റെ പരസ്യത്തില്‍ കൊടുക്കാം അതാരുന്നു അവരുടെ ഉദ്ദേശം.. ഇവന്റെ പഴയ പടവും ഇപ്പോഴത്തെ രൂപവും കൂടി കണ്ടപ്പം അവര് പറഞ്ഞു.. അല്പം കൂടി വിശ്വസനീയമായിരുന്നേല്‍ ഞങ്ങള്‍ ഇത് വാങ്ങിയേനെ.. ഇതൊരു മാതിരി ആനേം പാപ്പാനും പോലെ ഉണ്ടല്ലോ.. ഇത് ശെരി ആവില്ല.

ഷീജിയും മുധിത്തും മുടിഞ്ഞ തീറ്റ.. ഞാന്‍ അവരുടെ സൈഡില്‍ ഇരുന്നു.. പട്ടിണി കിടക്കരുതല്ലോ എന്ന് കരുതി മാത്രം എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി. ഇതിന്റെ ഒരു ഏകദേശ കണക്കു എടുക്കുവാണേല്‍.. ഷീജിയും മുധിത്തും കൂടി ഏകദേശം ഒരു നാല്‍പ്പതു റൊട്ടിയും ഒരു മുപ്പതു ചിക്കനും കഴിച്ചു കാണും.. ഞാന്‍ ഇത് രണ്ടും ഓരോന്ന്.. കഷ്ടകാലം പിടിക്കാന്‍ ആയിട്ട് എനിക്ക് ഈ രണ്ടു സാധനത്തില്‍ എന്തോ ഒന്ന് വയറ്റില്‍ പിടിച്ചില്ല.. രാത്രി ഒരു എട്ടു പത്തു തവണ പോയി ശര്‍ധിച്ചു.. അതെ താഴെക്കൂടെയും മുകളില്‍ കൂടെയും.. അവസാനം ഒക്കെ ആയപ്പോഴേക്കും എഴുന്നേറ്റു പോയി ശര്‍ധിക്കാന്‍ മേലാത്ത അവസ്ഥയില്‍ എത്തി.. രാവിലെ ഞാന്‍ എഴുന്നേറ്റു ഒരു ചായയ്ക്ക് വേണ്ടി അങ്ങനെ നോക്കി ഇരിക്കുമ്പം ഷീജി ഓടി പാഞ്ഞു പോകുന്നു.. വയറു വെറുതെ കിടന്നിട്ടു അവനു ഗ്യാസ് കേറുന്നത്രേ.. രാവിലെ കഴിക്കാന്‍ റെഡി ആയോ എന്നറിയാന്‍ ഓടുവാ.. എടാ.. അലവലാതീ.. നീ ഒക്കെ കഴിച്ചതിനു അനുഭവിക്കുന്നത് ഞാന്‍ ആടാ..
വെല്യ താമസം ഇല്ലാതെ അവന്റെ മറുപടി വന്നു.. ഹോ നിനക്കൊക്കെ എന്ത് സുഖം ആടാ.. എന്ത് കഴിച്ചാലും ദേഹത്ത് പിടിക്കില്ല.. എത്ര വേണേലും കഴിക്കാം..
അല്പം കഴിഞ്ഞു ഭയങ്കര സെന്റി ആയി ഷീജി നടന്നു തിരികെ പോകുന്ന കണ്ടു അവനോടു കാര്യം തിരക്കി..
ഓ അളിയാ.. രാവിലെ ഫുഡ്‌ ചിക്കെനാ .. എനിക്കാണേല്‍ അത് ഒട്ടും താല്പര്യം ഇല്ല..
ആ ഞാന്‍ ഇന്നലെ കണ്ടാരുന്നു.. ആര്‍ത്തി എന്ന് പറയുന്ന വാക്ക് ഇവനാണോ കണ്ടു പിടിച്ചത്??

രാവിലെ എല്ലാവരും കഴിക്കാന്‍ പോയി.. എനിക്കാണേല്‍ രണ്ടു മിനിറ്റ് പോലും അവിടുന്ന് മാറാന്‍ മേലാത്ത അവസ്ഥ.. വരുന്നു പോകുന്നു.. വീണ്ടും വരുന്നു.. പോകുന്നു.. ഇത് തന്നെ അവസ്ഥ..
രാവിലെ അവിടെ ഉള്ള ഏതോ മലയുടെ മുകളിലേക്ക് എല്ലാവരും ട്രെക്കിങ്ങിനു പോകാന്‍ ഒരുങ്ങി.. എന്റെ ഈ ദയനീയ അവസ്ഥ കണ്ടു എല്ലാവരും ആവുന്നത് പറഞ്ഞു.. നീ വരണ്ട.. കഴിഞ്ഞ പത്തു മിനിറ്റ് ആയിട്ട് റൂമില്‍ തന്നെ ഇരിക്കാന്‍ പറ്റിയ ധൈര്യത്തില്‍ ഞാന്‍ ചോദിച്ചു.. എന്താ ഞാന്‍ കൂടെ വന്നാല്? നേരത്തെ പറഞ്ഞിരുന്നതല്ലേ.. എല്ലാരും മല കേറാന്‍ പോകുമ്പം ഞാനും വരുമെന്ന്.. ഷീജി സുരേഷ് ഗോപി പറയുന്ന പോലെ തല രണ്ടു സൈഡിലേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.. പറഞ്ഞു.. നീ വരണ്ടാ....പറഞ്ഞു തീര്‍ന്നിട്ടും അവന്റെ കവിളുകള്‍ രണ്ടും വീണ്ടും വീണ്ടും ആടിക്കൊണ്ടിരുന്നു..

വിട മാട്ടെ!!! നീ എന്നെ ഇങ്ഗ നിന്ന് എന്ഗും അപ്പി ഇടാന്‍ പോക വിട മാട്ടെ? അയോഗ്യ നായെ.. എവ്വളവ് ധൈര്യം ഇരുന്താല്‍ എന്‍ മുന്നില്‍ ഇരുന്നു റൊട്ടിയും ചിക്കനും കഴിപ്പെന്‍?

അങ്ങനെ ഒരു ചെറിയ പ്ലാസ്റ്റിക്‌ കൂടും കെട്ടി വെച്ച് ഞാനും അവന്മാരുടെ കൂടെ മല കേറാന്‍ പോയി.. മല കേറി കേറി പകുതി ആയപ്പോള്‍ തന്നെ എനിക്കൊരു മലന്കോള് കിട്ടി.. ദൈവമേ.. ഒരു റൊട്ടിയും ഒരു കഷ്ണം ചിക്കെനും എന്റെ വയറ്റില്‍ കിടന്നു പെറ്റു പെരുകിയോ.. ഇതിനും മാത്രം സാധനം എവിടുന്നാ?
തപ്പിയും തടഞ്ഞും.. പ്ലാസ്റ്റിക്‌ കൂടില്‍ അമര്‍ത്തി പിടിച്ചും ഞാന്‍ ഒരു വിധത്തില്‍ തിരിച്ചു റൂമില്‍ എത്തി.. വന്ന വഴിക്ക് വീണ്ടും പോകാനും വരാനും ഉള്ള എന്റെ ധാര്‍മികം ആയ മൂല്യ ച്യുതി.. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ അന്നത്തെ ദിവസം മുഴുവനും ഞാന്‍ ഈ പരിപാടി ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ചെയ്തു ആനന്ദം കണ്ടെത്തി.. അങ്ങനെ തിരിച്ചു പോരാന്‍ ഉള്ള സമയം ആയി..
ഷീജി രണ്ടു വെല്യ ബിഗ്‌ ഷോപ്പര്‍ കവറും കൊണ്ട് ഓടി വന്നു.. ദൈവമേ.. ഇവന് ഇത്രക്കും സ്നേഹവോ?
എടാ.. ഞാന്‍ എന്റെ സാധനങ്ങള്‍ എല്ലാം എടുത്തു വെച്ചാരുന്നു..
പോഡെ പോഡെ.. അതിനൊന്നും അല്ല.. ഇത് നിന്റെ പുറകില്‍ വെച്ച് കെട്ടി തരാനാ..അല്ലേല്‍ ബസില്‍ കേറി നീ അലമ്പ് ആക്കിയാലോ?
ശവം..(ഇത് എന്റെ ആത്മഗതം)
അപ്പം മറ്റെ കവറോ?
ആ ഉച്ചക്കത്തെ കുറെ ചിക്കന്‍ മിച്ചം ഇരിപ്പുണ്ട്.. അത് പൊതിഞ്ഞു എടുക്കാനാ..അല്ലേല്‍ ഗ്യാസ് കേറും അളിയാ.. എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ..?
ശെരിയാ ശെരിയാ..
ഒരു വിധത്തില്‍ ബസില്‍ കേറി കിടന്നു.. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു.. എങ്ങനെ ഏലും ഒന്ന് ബാംഗ്ലൂര്‍ എത്തിച്ചു തരണേ.. അതിനുള്ളില്‍.. ബിഗ്‌ ഷോപ്പര്‍ ചീത്ത ആക്കാന്‍ ഇട വരുത്തരുതേ..എല്ലാം ഭംഗി ആയി കലാശിച്ചാല്‍ ബാംഗ്ലൂര്‍ ചെന്ന് കഴിയുമ്പം ഷീജിടെ ചിക്കന്‍ ബിഗ്‌ ഷോപ്പറും ഇതും കൂടി പരസ്പരം മാറ്റി.. ഷീജിക്ക് കൊടുത്തു വിട്ടു കൊള്ളാമെ..
ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല.. കുടിച്ചാല്‍ അതും താഴെ കൂടി ഇങ്ങു പോരും.. ഒരു വിധത്തില്‍ ലീല പാലസിന്റെ പുറകില്‍ വന്നു ഇറങ്ങി.. ഷീജി നേരെ എന്റെ റൂം മേറ്റ്‌ അലക്സനെ വിളിച്ചു വരുത്തി.. എന്നിട്ട് എന്നെ മണിപ്പാലിലേക്ക് കൊണ്ട് പൊക്കോള്ളാന്‍ പറഞ്ഞു..
ഞാന്‍ ചോദിച്ചു :- അതെന്താ... നീ വരുന്നില്ലേ.. എന്നെ ഈ അവസ്ഥയില്‍ ആക്കിയിട്ടു പോകാതെടാ..
എടാ.. അലക്സന്‍ ഇപ്പം വരും.. എനിക്ക് വയറു ചുമ്മാതെ കിടന്നിട്ടു ഗ്യാസ് കേറുന്നു..
ഓ.. നിന്റെ ചിക്കന്‍ ഉണ്ടല്ലോ അല്ലെ.. അത് തിന്നാന്‍ ആണോ?
അത് തീര്‍ന്നു അളിയാ.. ബസില്‍ കുറെ നേരം ചുമ്മാതെ ഇരുന്നപ്പം ബോര്‍ അടിച്ചു.. ഞാന്‍ എടുത്തു തിന്നു.. ഞാന്‍ മലബാര്‍ ബിരിയാണി തിന്നാലോ എന്നാലോചിക്കുവാ?

കുറച്ചു കഴിഞ്ഞു.. അലക്സന്‍ വന്നു.. ഞാനും അലക്സനും കൂടി നേരെ മണിപ്പാലിലേക്ക് കടന്നു.. മൊത്തം പതിനാറു തവണ ഞാന്‍ പല ഭാഗത്ത്‌ കൂടെ ശര്‍ദിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ ആശുപത്രിക്കാന്‍ എന്നെ കിടത്തി ആണ് കൊണ്ട് പോയത്.. നേരെ അഡ്മിറ്റ്‌ ആയി കൊള്ളാന്‍ ഉപദേശിച്ചു.. പിന്നെ പറഞ്ഞു.. കഞ്ഞി മാത്രമേ കുടിക്കാവൂ..

അലക്സന്‍ നേരെ മഞ്ജുവിനെ വിളിച്ചു.. എടീ.. അഖില്‍ കുറെ കഴിച്ച് മേലാണ്ടായി.. മണിപ്പാലില്‍ അഡ്മിറ്റ്‌ ആയി.. അത് കൊണ്ട് വൈകുന്നേരം ആകുമ്പോഴേക്കും രണ്ടു പ്ലേറ്റ് കഞ്ഞി കൊണ്ട് വരണം.
ഞാന്‍ പറഞ്ഞു.. എടാ ഞാന്‍ അല്ല കഴിച്ചത്.. ഷീജിയാ.. എനിക്ക് മേലാണ്ടായി എന്നെ ഉള്ളൂ

അല്പം കഴിഞ്ഞു.. ഡോക്ടര്‍ വന്നു.. പരിശോധന തുടങ്ങി.. ഡോക്ടര്‍ ചോദിച്ചു.. വല്ലോം കഴിച്ചരുന്നോ? ഞാന്‍ പറഞ്ഞു.. കഞ്ഞി കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.. ഏയ്‌ അതൊന്നും വേണ്ട.. നിങ്ങള്‍ക്കുള്ള ഫുഡ്‌ ഇവിടുന്നു തന്നെ കിട്ടും..
അലക്സന്‍ നേരെ മഞ്ജുവിനെ വീണ്ടും വിളിക്കുന്നു .. എടീ രണ്ടു കഞ്ഞി വേണ്ട.. ഒരെണ്ണം മതി..
മഞ്ജു:- ഏ ? അതെന്താഡാ.. നിനക്ക് വേണ്ടേ?
അലക്സന്‍ :- എനിക്ക് മാത്രം മതി.. അവനു ആശുപത്ത്രീന്നു കിട്ടും..
മഞ്ജു :- വിട്ടു പോടാ ചെക്കാ.. ആ കേരള സ്പൈസില്‍ എങ്ങാനും പോയി വല്ലോം കഴിക്കു..
അലക്സന്‍ :- എടി പ്ലീസ്‌... കുറെ നാളായി കഞ്ഞി കുടിച്ചിട്ട്.. ഇങ്ങനെ ഒക്കെ അല്ലെ അതിനു ഒരു അവസരം വരൂ..
മഞ്ജു:- ആ ശെരി.. ശെരി.. കരയാതെ... കൊണ്ട് വന്നു തരാം..
അലക്സന്‍ :- കൊണ്ട് വരുവോന്നും വേണ്ട.. ഞാന്‍ വന്നു വാങ്ങിച്ചോളാം

ഡോക്ടറിന്റെ ഇനിയുള്ള ചോദ്യം ഇംഗ്ലീഷില്‍ തന്നെ കൊടുക്കാം
ഡോക്ടര്‍ :- Do you have pain in your abdomen?
ABDOMEN - എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഞാന്‍ ഈ വാക്ക് കേക്കുന്നത്.. എനിക്ക് സംശയം ആയി.. ഡോക്ടര്‍ എന്താണ് ചോദിച്ചത് എന്ന്... സംശയം തീര്‍ക്കാന്‍ അയയി ഞാന്‍ ചോദിച്ചു
WHICH DOMAIN?
കാരണം ഞാന്‍ കേട്ടത്.. ABDOMAIN അങ്ങനെ എന്തോ ഒരു വാക്ക് ആരുന്നു.. ആകെ ഇത് വരെ കേട്ടിരിക്കുന്ന ഒരേ ഒരു ഡൊമൈന്‍ എംബഡട് ഡൊമൈന്‍ ആരുന്നു.. അത് പോലെ മറ്റെന്തോ ആണ് ഈ സാധനം എന്നാ ഞാന്‍ വിചാരിച്ചത്..
ഒരിക്കലും ഒരു പട്ടിക്കുറുക്കനേം ഫോണ്‍ വിളിക്കാത്ത അലക്സന്‍, അവന്റെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള എല്ലാവരെയും വിളിച്ചു ഇത് ഒരു കഥാ രൂപത്തില്‍ പറഞ്ഞു കേള്‍പ്പിക്കുന്നു..
എനിക്ക് മേലാതെ കിടക്കുവാരുന്നു.. അല്ലേല്‍ ഇത് അവന്റെ പേരില്‍ അടിച്ചു ഇറക്കി വിടാരുന്നു...അവനാണ് ഇത് പറഞ്ഞത് എന്ന് പറഞ്ഞാല്‍ ലോകം മുഴുവനും വിശ്വസിച്ചേനെ..
അങ്ങനെ ഷീജിയും മുധിത്തും കൂടി കുറെ റൊട്ടിയും ചിക്കനും തിന്നതിന്.. ഞാന്‍ നാല് ദിവസം അഡ്മിറ്റ്‌ ആയി.. മൊത്തം ഏഴായിരം രൂപ പോയി.. ഹോ.. ഒരു കാലിചായയില്‍ ഒതുങ്ങേണ്ട സാധനമാ.. ഏഴായിരം രൂപ..
ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതിന് ഞാന്‍ ഏഴു വര്‍ഷം തികക്കും..
വിച്ച് ഡൊമൈന്‍? എംബഡട് ഡൊമൈന്‍

8 comments:

അഖില്‍ ചന്ദ്രന്‍ said...

ഏഴു വര്‍ഷം എംബഡട് ഡൊമൈനില്‍ വര്‍ക്ക്‌ ചെയ്തതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഉള്ള പോസ്റ്റ്‌..
സര്‍ ഐ ഹാവ് ഗോട്ട് സെവെന്‍ ഇയെര്‍സ് ഓഫ് എക്സ്പീരിയന്‍സ് ഇന്‍ ദി എംബഡട് ഡൊമൈന്‍

sheeji said...

നീ ഫുള്‍ തള്ളിയതാണ് എങ്കിലും കഥ വായിക്കാന്‍ ഒരു രസം ഉണ്ടായിരുന്നു ...
എടാ അന്ന് ഫുഡ്‌ വലിച്ചു വാരി തിന്നതും പോരാ എന്നിട്ട് ബാകി ഉള്ളവേനു കുറ്റം .. വെറുതെ ആ മുധിതുമായ് കഴികുന്നതിനു മത്സരം വെച്ചേ ...
ഇതാണ് വയറു അറിഞ്ഞു കഴികേണം എന്ന് പറയുന്നത്.... നീ ഇര്‍ഫസിന്‍റെ വയറ എന്ന് വിചാരിച്ചു കഴിച്ചാല്‍ ഇങ്ങനെ സംഭവിക്കും ...

SureshG said...

ഒന്നും എല്ലാ, ഷീജീ ഇത്രയും കഴിക്കും എന്നുള്ളതിന് എനിക്ക് യാതൊരു സംശയവും ഇല്ല..എന്റമ്മോ , ചൈനയില്‍ വെച്ച് അവന്‍ എന്നാ കഴിപ്പായിരുന്നു ..അവസാനം അവര്‍ ഫ്രീ ഫുഡ്‌ നിര്‍ത്താന്‍ വരെ പ്ലാന്‍ ചെയ്തു .. അതും പോരാത്തതിന് ഈ തീറ്റ എല്ലാം കഴിഞ്ഞു പിന്നെ തട്ട് കടയിലേക്ക് ..പറയാതിരിക്കാന്‍ മേല, അവര്‍ക്ക് നല്ല ബിസിനസ്‌ ആയിരുന്നു ..

sheeji said...

എടാ പച്ചാളം നീ ഒക്കെ അവിടെ കഴിച്ചു മുടിപിച്ചിട്ടു പാവം എന്നെ കുറ്റപെടുതികോ ... ഞാന്‍ കുറച്ചു എന്തെങ്ങിലും കഴിച്ചാല്‍ പ്രശ്നം
... നിന്‍റെ കഴിപ് കണ്ടിടല്ലേ ചൈനകാരെന് double decker ട്രേ തന്നത് .... പിന്നെ നീ കഴിച്ചു തടി വെച്ചില്ല എന്ന് പറയാന്‍ പറ്റില്ല ....
ഫുഡ്‌ അടിച്ചു അടിച്ചു നീ ഒരു പന പോലെ ആയില്ലേ ..... എന്നാലും നീ നമ്മുടെ സരോജ് കുമാറിനെ(AKHIL ) സപ്പോര്‍ട്ട് ചെയെരുതായിരുനു....

Ajaykumar said...

അഖിലേ ഇനിയും എഴുത്.ആശംസകള്‍

Jo said...

good work macha..woloooooo!!

Jo said...

good work macha..kp writiing!!!...wooooooo!

Anonymous said...

Kalakki akhil-e....