Monday, January 25, 2016

പൊരിഞ്ഞ പോരാട്ടം അല്ലാരുന്നോ!!!

ജീവിതത്തിലെ ഏകദേശം എട്ടര വർഷങ്ങൾ ഒരേ ഓഫീസിൽ തന്നെ വന്നു പോകുന്നു.. ഇത്രയും നീണ്ട  കാലയളവ്‌ എന്ന് വെച്ചാൽ എന്റെ ജീവിതത്തിന്റെ ഏകദേശം നാലിലൊന്നും അല്ലേൽ അതിലും കൂടുതൽ ഞാൻ ഇവിടെ ചിലവഴിച്ചു എന്ന് സാരം.. എല്ലാ വർഷവും എന്തേലും തരത്തിൽ ഉള്ള കലാ കായിക പരിപാടികൾ ഇവിടെ മുടങ്ങാതെ നടക്കാറുണ്ടെങ്കിലും.. ഞാൻ അതിൽ ഒരിക്കലും പങ്കെടുത്തിട്ടില്ല.. ഇത്തവണ അവർ കമ്പനി ക്രിക്കറ്റ്‌  പ്രീമിയർ ലീഗ് വെച്ചു ...നമ്മുടെ ടീമിൽ കുറച്ചു യുവരക്തങ്ങൾ ജോയിൻ ചെയ്തതിനാലും.. അവരുടെ മുന്നില്.. നമ്മൾ ഒരു വയസ്സൻ ആയില്ല എന്ന് കാണിക്കണ്ടതിനാലും അതിനെക്കാളൊക്കെ മുകളിൽ നമ്മൾ പണ്ട് ഒരു വൻ സംഭവം ആരുന്നു എന്ന് നമുക്ക് തന്നെ ഒരു തോന്നൽ ഉള്ളതിനാലും.. ഞാനും കളിയ്ക്കാൻ ഉണ്ട് എന്ന് ന്യൂ ജനറേഷൻ പിള്ളേരോട് പറഞ്ഞു.1983 കണ്ടപ്പം മുതലാണ് ഇങ്ങനെ ഒരു ആഗ്രഹം തോന്നിയത് എന്ന് തോന്നുന്നു..

കുറച്ചു ഓഫ്‌ ടോപ്പിക്ക് ആണ്.. എന്നാലും പറയാം - പുതിയ പിള്ളേരുടെ ജോലിക്ക് വേണ്ടിയുള്ള റെസ്യൂമെ കാണുമ്പം ഒരു ഉള്ക്കിടിലം ആണ്.. പുതിയ പിള്ളേര് ജനിച്ച വര്ഷം 1994 ഒക്കെ ആണ്...ഹോ 94 ഇൽ ജനിച്ച ഒരു പയ്യന് ഇപ്പം 22 വയസ്സായി. ഏകദേശം അതാണ്‌ ഞാൻ മുന്നേ പറഞ്ഞ ന്യൂ ജനറേഷൻ പിള്ളേര്...അപ്പം നമുക്കൊക്കെ എന്ത് പ്രായം ആയെന്നാ? ആ...

പിന്നീട് അറിഞ്ഞു.. ഏകദേശം 20 ടീമുകൾ കളിക്കാൻ ഉണ്ട്.. എല്ലാ ടീമിലും ഏകദേശം 15 കളിക്കാരും.. ആകെ ബാംഗ്ലൂർ ഓഫീസിൽ 500 പേരു കാണും ജോലിക്ക്.. അതിൽ 300 പേരും ക്രിക്കറ്റ്‌ കളിക്കാൻ ഉണ്ട്... ഈ ഇരുപതു ടീമുകളിൽ ഏകദേശം നാലു ടീമുകളിൽ കളി അറിയാവുന്ന / കളിക്കാൻ ആരോഗ്യം ഉള്ള കുറച്ചു പയ്യന്മാർ ഉണ്ട്.. അത് കൊണ്ട് അതി ഭീകരം ആയ ഒരു തോൽവി ആദ്യത്തെ റൗണ്ടിൽ നേരിടാൻ മറ്റു പല ടീമുകൾക്കും താല്പര്യം ഇല്ലാരുന്നു.. അത് കൊണ്ട് ആ നാല് ടീമുകൾ ഡയറക്റ്റ് ക്വാർടർ ഫൈനൽ കളിക്കട്ടെ.. ബാക്കി ഉള്ള 16 ടീമിൽ നിന്നും നല്ല നാല് ടീമുകൾ അവർക്കെതിരെ കളിക്കട്ടെ എന്നുള്ള ഒരു തീരുമാനത്തിൽ എത്തി.. പക്ഷെ നമ്മുടെ ടീമിലെ.. തല മുതിർന്ന ചേട്ടന്മാർക്ക് അതിനോട് യോജിക്കാൻ സാധിച്ചില്ല..നമ്മൾ ബഹളം ഉണ്ടാക്കി... 2007 ഇലെ വേൾഡ് കപ്പിൽ ഇന്ത്യ ആദ്യത്തെ റൌണ്ട് തോറ്റു പുറത്തായതും..


ഒക്കെ ചേർത്ത് ഒരേ അലക്കു.. HR ന്റെ കുരു പൊട്ടി.. അവസാനം അവർ അവന്മാരെയും ചേർത്ത് കളികൾ തീരുമാനിച്ചു..അങ്ങനെ പ്രാക്ടീസ് , സ്ട്രാറ്റജി മുതലായ ഒരു അലങ്കാരങ്ങളും ഇല്ലാതെ നമ്മൾ ഗോദയിൽ നേരിട്ട് പാക്കലാം എന്ന് തീരുമാനിച്ചു.. പിന്നെ ഡെമോക്ക് കുറവ് വരണ്ട എന്ന് കരുതി.. എല്ലാവര്ക്കും ഓരോ ടി ഷർട്ട്‌ വാങ്ങിക്കാൻ തീരുമാനിച്ചു ..ഒരു ന്യൂ ജനറേഷൻ എല്ലാരുടേം സൈസ് ഒക്കെ നോട്ട് . ചെയ്തു.പൈസ ഒക്കെ വാങ്ങിച്ചു.. സാധനം എത്തിച്ചു..ആത്മാർഥതയുടെ പ്രതിരൂപം ആയ അവൻ തന്നെ എല്ലാവർക്കും സൈസ് നോക്കി സംഭവം കൊണ്ട് വന്നു തന്നു...

അങ്ങനെ ആ മഹത്തായ ദിവസം എത്തി... ജനുവരി 18, 2016. നമ്മുടെ ടീമിൻറെ കളി ഉച്ച കഴിഞ്ഞിട്ട് ആരുന്നു.. ഞാൻ വീട്ടിൽ പോയി ഫുഡ്‌ ഒക്കെ കഴിഞ്ഞു തിരിച്ചു ഓഫീസിൽ എത്തിയപ്പം ന്യൂ ജനറേഷൻ വക ഒരു മെയിൽ കിടപ്പുണ്ട്.. അധികം വാരി വലിച്ചു കഴിക്കരുത്.. ക്ഷീണം വരും... സാമദ്രോഹിക്ക് ഇത് നേരത്തെ അറിയിക്കാൻ മേലാരുന്നോ? ജീവിക്കുന്നത് തന്നെ 'തിന്നുക' എന്ന പുണ്യ പ്രവര്ത്തിക്ക് വേണ്ടി ആണെന്ന് വിശ്വസിക്കുന്ന  എന്നെ പോലെ ഉള്ള ഒരു പറ്റം എലൈറ്റ് (മുപ്പതു വയസ്സ് കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പറയാം) കാറ്റഗറി ആളുകൾ ഉള്ള ടീം ആണ് നമ്മുടേത്‌.. ബാക്കി ഉള്ള എലൈറ്റ് കാറ്റഗറി ആളുകളെ തിരക്കിയപ്പം എല്ലാരും ഗ്രൌണ്ടിലേക്ക് പോയിന്നു പറഞ്ഞു.. സത്യത്തിൽ ഞാൻ ഞെട്ടി.. കളി തുടങ്ങാൻ ഇനീം ഒരു മണിക്കൂർ എങ്കിലും ഉണ്ട്.. ഇവന്മാർ ആരേലും ഇനി പ്രാക്ടീസ് എന്ന കടുംകൈ ചെയ്യുവോ എന്നുള്ള പേടി തോന്നിയെങ്കിലും...നേരത്തെ ചെന്നില്ലേൽ ന്യൂ ജനറേഷൻ കളിപ്പിചില്ലെങ്കിലോ എന്ന് പേടിച്ചു.. നേരെ ടി ഷർട്ട് ഇട്ടോണ്ട് താഴോട്ട് പോകാൻ തീരുമാനിച്ചു..

ബാത്ത്റൂമിൽ പോയി ഇട്ടതു കൊണ്ട് മാനം പോയില്ല.. ഒരു വിധത്തിൽ ആണ് അത് ഇറങ്ങി പോയത്..അത് ഇട്ടു കഴിഞ്ഞപ്പം ഞാൻ ഡിങ്ക ഭഗവാനെ ഓർത്തത്‌..യാദൃശ്ചികം ആയിരുന്നില്ല.. ഉള്ള എയർ മുഴുവൻ പിടിച്ചു.. വയറു അകത്തേക്ക് ആക്കിയിട്ടും ഞാൻ അദ്ധേഹത്തെ പോലെ ഇരുന്നത് കൊണ്ടാണ്..
ആത്മാർഥതയുടെ പ്രതിരൂപം ആയ ന്യൂ ജെൻ എനിക്കിട്ടു പണിതു.. ടീമിൽ ഒരു പെണ്കുട്ടി വേണം.. നമ്മുടെ കൂടെ ഉള്ള കുട്ടി.. ഒരു 10 കിലോയുടെ അരിച്ചാക്കും കൂടെ എടുത്തോണ്ട് നിന്നാൽ ഒരു 40 കിലോ കാണും.. അത്രക്കും ചെറിയ പാർട്ടി.. അതിനു വേണ്ടീട്ടു ഓർഡർ ചെയ്ത എക്സ്ട്രാ സ്മോൾ സൈസ് ഉള്ള ടി ഷർട്ട് അവൻ ഈ പന പോലെ വളര്ന്നു നിക്കുന്ന എനിക്ക് തന്നേക്കുന്നു.. ശ്വാസം വിടാൻ ശരിക്കും ബുദ്ധി മുട്ടിയെങ്കിലും ഞാൻ ഒരു വിധത്തിൽ ഡിങ്കനെ പോലെ ഗ്രൌണ്ടിലേക്ക് ചെന്നു ..പോകുന്ന വഴിയിൽ തലയിൽ വെക്കേണ്ട തൊപ്പി.. ഞാൻ എന്റെ ശരീര ഭാഗങ്ങൾ മറച്ചു പിടിക്കാൻ ഉപയോഗിച്ചു ... ഗ്രൗണ്ടിൽ എത്തിയപ്പം ലാര്ജ് സൈസ് ഉള്ള ടി ഷർട്ടിൽ 30 കിലോ ഉള്ള പെൺകുട്ടി ഒഴുകി നടക്കുന്നു.. രണ്ടു സ്റ്റെപ് നടന്നാലേ പുള്ളിക്കാരി.. ആ ടി ഷർട്ടിന്റെ മുൻ വശത്ത് എത്തുകയുള്ളൂ.. നേരെ ചെന്നു ന്യൂ ജെന്നോട് കാര്യം പറഞ്ഞു.. ചൂടായില്ല.. ചൂടായാൽ അവൻ കളിക്കാൻ കൂട്ടാതെ ഇരുന്നാലോ? അവസാനം ഷർട്ടുകൾ എക്സ്ചേഞ്ച് ചെയ്തു.. എനിക്ക് ശ്വാസം വിടാം എന്നുള്ള അവസ്ഥ എത്തി..

കളിക്കാരുടെ പേരു എഴുതി കൊടുക്കാൻ ഉള്ള അറിയിപ്പ് വന്നു.. മിസ്സ്‌ ആയാലോ എന്ന് കരുതി ന്യൂ ജന്റെ അടുത്ത് എത്തിയ എന്നെ അവൻ വീണ്ടും തോല്പ്പിച്ചു.. കളിക്കാൻ ആകെ ഉള്ളത്.. ഞാനും കൂടെ കൂട്ടി... 9 പേരു ...അവനെ ചീത്ത വിളിക്കാൻ കിട്ടിയ അവസരം കൈ വിട്ട നിരാശ.. ഹോ ...അവസാനം TCS,  NIT ഇൽ പോകുന്ന പോലെ ഒരു ബോർഡ്‌ വെച്ചു "Trespassers will be recruited!!!" അങ്ങനെ വേറെ ഒരു ടീമിലും കളിക്കാൻ ഇടം കിട്ടാത്ത രണ്ടു പേരെ ഞങ്ങൾ ചായേം കടീം വാങ്ങിത്തരാം, ഓപ്പണർ ആക്കാം, ആദ്യത്തെ ഓവർ ബോൾ ചെയ്യിക്കാം എന്നൊക്കെ ഉള്ള മോഹന വാഗ്ദാനങ്ങൾ നല്കി.. ടീമിൽ കേറ്റി ..പിന്നീട് അറിഞ്ഞു.. എതിർ ടീമും ഇതേ അവസ്ഥ.. എന്റെ പഴേ ഓർമ്മകൾ അയവിറക്കി.. "കോമൺ ഫീൽഡിംഗ് " എന്നൊരു കലാ പരുപാടി സജസ്റ്റ് ചെയ്തു.. നടത്തിപ്പുകാരുടെ തല്ലു ഒഴിവാക്കാൻ ആയി.. അത് ന്യൂ ജൻ പുറത്താരോടും പറഞ്ഞില്ല..അവസാനം രാവിലെ നടന്ന കളിയിൽ വേറെ ടീമുകളിൽ കളിച്ചു തോറ്റ രണ്ടെണ്ണതിനെ എതിർ ടീമിനും കിട്ടി...

ടോസിനായിട്ടു ന്യൂ ജെൻ പോകുന്നതിനു മുന്നേ നമ്മളോട് അഭിപ്രായം ചോദിച്ചു.. ടോസ് കിട്ടിയാൽ ബാറ്റിങ്ങോ ബോളിങ്ങോ... പോത്തിന് എന്ത് ഏത്തവാഴ..എന്തായാലും നമുക്ക് പിടിക്കാം.. നീ ടെൻഷൻ അടിക്കാതെന്നു പറഞ്ഞു..അവസാനം എതിർ ടീമിന് ടോസ് കിട്ടി.. അവരു ബാറ്റിംഗ് തിരഞ്ഞെടുത്തു .. അല്ലേലും പണ്ട് പറമ്പിൽ കളിച്ചപ്പോഴെല്ലാം ടോസ് കിട്ടിയവർ ബാറ്റിംഗ് മാത്രമേ എടുത്തിട്ടുള്ളൂ ..ഇനി ഇപ്പം ഒരു ലക്ഷ്യബോധത്തോടെ രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങാവല്ലോ ... 

കളി തുടങ്ങി.. നമ്മുടെ കൂടെ ഉള്ള ന്യൂ ജെൻ എല്ലാം ഡയലോഗ് മാത്രമേ ഉണ്ടാരുന്നോള്ളൂ എന്ന നഗ്ന സത്യം എലൈറ്റ് ഗ്രൂപിന് മനസ്സിലായി..ന്യൂ ജെൻ ഓടി വന്നു എറിയുന്നു.. ഒന്നുകിൽ വൈഡ്, അല്ലേൽ നോ ബോൾ, അതും അല്ലാതെ അബദ്ധത്തിൽ എങ്ങാനും നേരെ ഒരെണ്ണം ചെന്നാൽ അത് ഗ്രൌണ്ട് ഒക്കെ കഴിഞ്ഞു.. അപ്പുറത്തെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ..ചെന്നു വീഴും... ബോൾ എടുക്കാൻ ഓടി ഓടി മേലാണ്ടായി.. അവസാനം ബാറ്റ് ചെയ്യുന്ന അലവലാതിയോടു ഞാൻ ചെന്ന് പറഞ്ഞു.. ഇനി പാർക്കിംഗ് ഏരിയയിൽ അടിച്ചാ ഔട്ട്‌...ദയ തോന്നി അവൻ ഔട്ട്‌ ആയി..പിടിച്ചതിലും വെലുതാരുന്നു അളേൽ ഉള്ളത് എന്ന അവസ്ഥയിൽ വരുന്നവന്മാരെല്ലാം ഇത് തന്നെ പരുപാടി..ന്യൂ ജെൻ തല്ലുകൊണ്ട് മടുത്തപ്പം എന്നോട് എറിഞ്ഞു നോക്കാൻ പറഞ്ഞു..

അതി ഭീകരം ആയ ബുദ്ധി ഞാൻ പ്രകടിപ്പിച്ചു... ലെഗ് സൈഡിലോട്ടു ആണ് ഇവന്മാരെല്ലാം അടിക്കുന്നത്. കുറെ ഫീൽഡർമാരെ ഞാൻ അവിടെ കൊണ്ട് ചെന്ന് നിരത്തി..എന്നിട്ട് ഒരു ബോൾ എറിഞ്ഞു.. അമ്പയർ നോ ബോൾ വിളിച്ചു.. ഞാൻ തർക്കിച്ചു .. കാൽ ഞാൻ വര ക്രോസ് ചെയ്തിട്ടില്ലല്ലോ..പിന്നെ എന്ത് നോ ബോൾ..? അപ്പോൾ ആണ് ഞാൻ .അറിഞ്ഞത്. ബൈബിൾ പോലെ ഇതിലും പുതിയ നിയമം ഉണ്ട്.. രണ്ടാം വാക്യം... മാക്സിമം 5 പേരെ ലെഗ് സൈഡിൽ ഫീല്ഡ് ചെയ്യാൻ പാടുള്ളൂ അത്രേ...എന്തൊക്കെ നിയമങ്ങൾ ആണ് ഭഗവാനെ...ഫ്രീ ഹിറ്റ്‌ ... അങ്ങനെ ആദ്യമായിട്ട്..പുതിയ ബോൾ എടുത്തു.. മറ്റേ ഫ്രീ ഹിറ്റ്‌ ബോൾ എറിഞ്ഞത്  പയ്യൻ ഒരു ചെറിയ അലക്കു അലക്കി ചെന്ന് വീണത്‌ ഏതോ ബസിനകത്താ...ഒന്ന് രണ്ടു ബോൾ വെല്യ കുഴപ്പം ഇല്ലാതെ പോയി... നാലാമത്തെ ബോളിൽ വീണ്ടും നോ ബോൾ... പുതിയ നിയമം തിരക്കി ചെന്നപ്പം അറിഞ്ഞു.. അകത്തെ സർക്കിളിനു അകത്തു വേണ്ട മിനിമം ഫീല്ടെഴ്സ് ഇല്ലെന്നു.. ഇത്രയും നേരം ഉണ്ടാരുന്നത് പെട്ടെന്ന് എങ്ങനെ ഇല്ലാണ്ടായി എന്ന് ഞാൻ ചോദിച്ചു.. അന്നേരം അമ്പയർ ചോദിച്ചു.. നിങ്ങടെ കൂട്ടത്തിൽ ഉണ്ടാരുന്ന ഒരുത്തൻ എവിടുന്ന്... ആ എലൈറ്റ് മഹാനുഭാവലു ആരോടും പറയാതെ വെള്ളം കുടിക്കാൻ ഇറങ്ങിപോയിരിക്കുന്നു...ഈസ്വരാാാ....വീണ്ടും ഫ്രീ ഹിറ്റ്‌..ആ ബോൾ അടിച്ചത് ഒരുത്തന്റെ അടുത്ത് കൂടി പോയി.. അര കല്ലിനു കാറ്റു പിടിച്ചത് പോലെ നിന്ന അവൻ അത് .കണ്ടില്ല.  അവസാനം ഒരു വിധത്തിൽ നമ്മൾ എല്ലാ ഓവറും എറിഞ്ഞു തീർത്തു ...ജയിക്കാൻ 9 ഓവറിൽ 94 റണ്സ് മാത്രം...

വെള്ളം കുടിക്കാൻ ഇറങ്ങിപോയ മഹാനുഭാവലു.. ആദ്യം ബാറ്റ് ചെയ്യാൻ പോയി.. അത്രേം നേരം ബാറ്റിംഗ് പിച്ചാരുന്ന അവിടം.. ചാത്തൻ സേവ കൊണ്ടെന്ന പോലെ..ബോളിംഗ് പിച്ചായി മാറി സുഹൃത്തുക്കളെ...എല്ലാവരും പോകുന്നു.. വരുന്നു.. തിരിച്ചു വന്നു പഴം, സ്നാക്ക്സ് ഒക്കെ കഴിക്കുന്നു.. കളി വിലയിരുത്തുന്നു...ഞാനും ഇറങ്ങി... എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്.. ഞാൻ 2-3 ഫോറും കുറച്ചു സിന്ഗിളും ..ഒരു ഡബിളും ഒരു മൂന്നും എടുത്തു... അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടിയതോട് ..കൂടി.ശരീരം പ്രതികരിച്ചു... ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ..അനക്കാതെ കൊണ്ട് നടന്ന കാലു എന്നോട് പരിഭവിച്ചു...എവിടെ ഒക്കെയോ കൊളുത്തി പിടിച്ചു.. ഓടാൻ മേലാത്ത അവസ്ഥ.. നാണക്കേട്‌ ഓർത്തു ബൈ റണ്ണറെ വിളിച്ചില്ല...അവസാനം ഔട്ട്‌ ആയി തിരിച്ചു പോന്നു.. രാജകീയമായ വരവേല്പ്...ഏറ്റവും അധികം റണ്സ് എടുത്ത മഹാൻ.. വെറും 20 ഓളം റണ്സ് എടുത്ത എനിക്ക് സ്ടാണ്ടിംഗ് ഒവേഷൻ കിട്ടി... അന്നേരം തന്നെ ഞാൻ എൻറെ റിട്ടയർമെന്റ് ഉറപ്പിച്ചു.. സൌണ്ട് നന്നാകുംബം പാട്ട് നിര്ത്തുക..നമ്മൾ 85 റണ്സ് അടിച്ചു... ചെറിയ ഒരു തോൽവ്വി ഏറ്റു വാങ്ങി..

തോറ്റു തുന്നം പാടി വീട്ടിൽ എത്തി.. അമ്മേടെ പിണ്ട തൈലം എടുത്തു തേച്ചു കുളിച്ചു.. .ഭാര്യയോട്‌ ഭീകരം ആയ എന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞു...വൻ വിശപ്പാണെന്നും പറഞ്ഞു.. സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ചപ്പാത്തി തട്ടിക്കേറ്റി ...7:30  ആയപ്പം കിടന്നതും ഓർമയുണ്ട് പിന്നെ പിറ്റേ ദിവസം 8:30 ആയപ്പം ആണ് ഉണര്ന്നത്..ദേഹം മുഴുവനും വേദന ആയതു കൊണ്ട് അന്ന് ഓഫീസിൽ പോയില്ല... അതിന്റെ പിറ്റേ ദിവസം ഓഫീസിൽ ചെന്നപ്പോൾ ഇടിത്തീ പോലെ വേറൊരു വാർത്ത‍... നമ്മൾ പൊരുതി കീഴടങ്ങിയ മറ്റേ ടീം.. അടുത്ത റൌണ്ടിൽ.. ആദ്യം പറഞ്ഞ നല്ല ഒരു ടീമിനോട് കളിച്ചു.. 20 റൺസിനു ഓൾ ഔട്ട്‌ ആയി.. മറ്റവന്മാർ ആദ്യത്തെ ഓവറിൽ അത് അടിച്ചെടുത്തു.. കളി ജയിച്ചു...ദൈവം ഒരിക്കലും ഇത്രയും ക്രൂരൻ ആവാൻ പാടില്ല...

കളി കഴിഞ്ഞുള്ള നമ്മുടെ ആഹ്ലാധപ്രകടനവും ഫോട്ടോ എടുക്കലും കണ്ടപ്പോൾ.. നടത്തിപ്പ് കാർക്കും എതിർ ടീമിനും മൊത്തത്തിൽ എല്ലാർക്കും കണ്ഫ്യുഷൻ ...ഇനി ഇവന്മാര്ക്ക് തോറ്റെന്ന് പോലും മനസ്സിലായില്ലേ?

എന്തൊക്കെ പറഞ്ഞാലും പൊരിഞ്ഞ പോരാട്ടം ആരുന്നു.. ഇനി ചെസ്സ്‌.. അതാകുംബം എന്റെ മണ്ട മാത്രം ഉപയോഗിച്ചാൽ മതിയല്ലോ...ഇനി ഈ വർഷം കൊണ്ട് മത്സരം എല്ലാം നിർത്തുവാണെന്നു  എങ്ങാനും കമ്മറ്റിക്കാര് തീരുമാനിച്ചാൽ....