Thursday, October 20, 2011

അളിയാ ഔട്പുട്ട് കിട്ടി

സാധാരണക്കാരുടെ ലാബ്‌ എക്സാംസ് തട്ടിക്കൂട്ടലുകളിലും .. ഒരു പാര്‍ഷ്യല്‍ ഔട്പുട്ടിലും ഒതുങ്ങി കൊണ്ടിരുന്ന തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടായിരം മുതല്‍ രണ്ടായിരത്തി നാല് വരെയുള്ള കാലങ്ങള്‍.

ഭാഗം ഒന്ന് :- മത്തായി എന്ന ജീനിയസ്
ഏഴാമത്തെ സെമെസ്റ്ററില്‍ ആണെന്ന് തോന്നുന്നു.. നമുക്ക് ജാവയുടെ ലാബ്‌ എക്സാം ഉണ്ടാരുന്നത്. നമ്മുടെ ക്ലാസ്സില്‍ ഒരു മച്ചാന്‍ ഉണ്ടാരുന്നു.. പുള്ളി ക്ലാസ്സിലെ ബുജികളുടെ അടുത്ത് പോയി.. ഒരു മാതിരി ചോദിക്കാന്‍ സാധ്യത ഉള്ള എല്ലാ പ്രോഗ്രാമും അവരെ കൊണ്ട് തന്നെ എഴുതിച്ചു അതെല്ലാം കൂടി ഒരു ഫ്ലോപ്പി ഡിസ്കില്‍ ഇട്ടു കൊണ്ട് വന്നു എക്സാമിന്റെ തലേ ദിവസം എല്ലാ കംപ്യുട്ടെറിലും വിന്‍ഡോസ്‌ ഡയറക്ടറിക്ക് അകത്തു ബൂട്ട് അതിനകത്ത് ബി ബൂട്ട് എന്നൊരു ഫോള്‍ഡറില്‍ കൊണ്ട് വന്നു ഇടുക എന്നൊരു കര്‍മം മൂന്നാമത്തെ സെമസ്ടര്‍ മുതല്‍ മുടക്കില്ലാതെ ചെയ്തു പോന്നിരുന്നു.. അതെ വിവരം ക്ലാസ്സില്‍ ഉള്ള ബാക്കി ആളുകളെ അദ്ദേഹം അറിയിക്കുക കൂടി ചെയ്തത് കാരണം ഒരു പാര്‍ഷ്യല്‍ ഔട്പുട്ട് എങ്കിലും എല്ലാവര്‍ക്കും ഉറപ്പാരുന്നു.. അത് കൊണ്ട് തന്നെ മത്തായി എന്ന ജീനിയസ് ലാബ്‌ എക്സാമിന്റെ തലേ ദിവസം പോലും കാര്യമായിട്ട് ഒന്നും പഠിച്ചില്ല.. ആകെ അറിയാവുന്ന കാര്യം കമ്പ്യല്‍ ചെയ്ത് ഔട്പുട്ട് കാണിക്കും.. പക്ഷെ പ്രോഗ്രാം ബി ബൂട്ടില്‍ ഉണ്ടാവണം..ഈ ബൂട്ട് എന്നൊക്കെ ഫോള്ടെറിന്റെ പേര് ഇടുന്നത് കാരണം ലാബിലെ ചേട്ടന്മാരും ഇത് ഡിലീറ്റ് ചെയ്ത് കളയില്ല..

അങ്ങനെ മത്തായി ലാബില്‍ കേറി..ഒരു ചെറിയ ചാറ്റ് അപ്ലിക്കേഷന്‍ ചെയ്യാന്‍ ഉള്ള ചോദ്യം കിട്ടി.. ചെറിയ ചാറ്റ് അപ്ലിക്കേഷന്‍ എന്ന് വെച്ചാല്‍ ആകെ ഒരു ക്ലയന്റ് വിന്‍ഡോ വേണം..ഒരു സെര്‍വര്‍ വിന്‍ഡോ വേണം..രണ്ടും ചുമ്മാതെ ഡോസ് പ്രോമ്പ്റ്റ് മതി.. ഒന്നില്‍ ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിക്കുമ്പം മറ്റേതില്‍ കാണണം..അത്ര മാത്രം..

മത്തായിക്ക് സീറ്റ്‌ കിട്ടിയത് സാറിന്റെ തൊട്ടു അടുത്ത് തന്നെ.. സാര്‍ നോക്കി ഇരിക്കുന്നത് കാരണം എന്ത് ചെയ്തിട്ടും ബി ബൂട്ട് വരെ എത്തിപ്പെടാന്‍ പറ്റുന്നില്ല.. അത് കൊണ്ട് അറിയാവുന്ന ജാവ സാധനങ്ങള്‍ എല്ലാം തിരിച്ചും മറിച്ചും ഒരു നോട്ട്പാഡ് എടുത്തു വെച്ച് എഴുതുന്നതായിട്ടു അഭിനയിച്ചു.. സാര്‍ എപ്പം നോക്കിയാലും മത്തായി മരണ ടൈപ്പിംഗ്‌ ..എല്ലാം കൂടി അമ്പതു ലൈന്‍ കോഡ് എഴുതണ്ട പ്രോഗ്രാം മത്തായി എഴുതി എഴുതി ഒരു അഞ്ഞൂറ് ലൈന്‍ ആയി.. അങ്ങനെ ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞു.. വേറെ ആരോ ഔട്പുട്ട് കാണിക്കാന്‍ സാറിനെ വിളിച്ചു കൊണ്ട് പോയ സമയം നോക്കി.. മത്തായി ബി ബൂട്ടില്‍ കേറി ചാറ്റ് എന്ന് കണ്ട ഒരു പ്രോഗ്രാം എടുത്തു കൊണ്ട് വന്നു പഴയ നോട്ട്പാടിലേക്ക് ഇട്ടു..ഒന്ന് കമ്പയില്‍ ചെയ്ത് ഔട്പുട്ട് നോക്കിയ മത്തായി ഞെട്ടി..
യാഹൂ മെസ്സഞ്ചര്‍ പോലെ ഒരു സാധനം മുന്നില്‍.. ആരൊക്കെ ചാറ്റ് ചെയ്യാന്‍ ഉണ്ടെന്നു കാണിക്കുന്ന ഒരു സ്ക്രീന്‍, ക്ലയന്റ് വിന്‍ഡോയില്‍ ചാറ്റ് ചെയ്യുന്നതിന് മുന്നേ യൂസര്‍ നെയിം ചോദിക്കുന്ന ഒരു സെക്ഷന്‍, ടൈപ്പ് ചെയ്തിട്ട് എന്റര്‍ അടിക്കുന്നതിനു പകരം.. സെന്‍റ് എന്നൊരു ബട്ടണ്‍, ഒരു പത്തു ഇമോട്ടികോന്‍സ് അയക്കാന്‍ ഉള്ള സെറ്റപ്പ്, സെര്‍വര്‍ വിന്‍ഡോ നീല കളറിലും.. ക്ലയന്റ് വിന്‍ഡോ പച്ച കളറിലും.. ആകെ മൊത്തം ഒരു ഒന്നൊന്നര സംഭവം...

മത്തായി കോഡ് മൊത്തത്തില്‍ ഒന്ന് ഓടിച്ചു നോക്കി .. ഇല്ല രക്ഷ ഇല്ല.. എന്ത് സാധനം കമന്റ്‌ ചെയ്‌താല്‍ ഇതിന്റെ കളര്‍ പോകും എന്നോ.. ഇതിലെ സെന്‍റ് ബട്ടണ്‍ പോകുമെന്നോ ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല.. തന്നെയും അല്ല.. ഏതേലും ലൈന്‍ എടുത്തു കമന്റ്‌ ചെയ്‌താല്‍ ഇത് പിന്നെ വര്‍ക്ക്‌ ചെയ്യുവോ എന്നും അറിയില്ല.. അവസാനം മത്തായി രണ്ടും കല്‍പ്പിച്ചു സാറിനെ ഔട്പുട്ട് കാണിച്ചു.. സാര്‍ ഞെട്ടിത്തരിച്ചു ചോദിച്ചു.. ഇതെന്തിനാ ഇത്രയും ഭീകര സാധനം ചെയ്തെക്കുന്നെ? അഞ്ചു മിനിറ്റ് മുന്നേ വരെ ടൈപ്പ് ചെയ്തോണ്ട് ഇരുന്നിട്ട് ഇയാള്‍ കമ്പയില്‍ ചെയ്തപ്പം ഒരു എറര്‍ പോലും വന്നില്ലേ? ഹോ !!
മത്തായി :- ഓ ആദ്യം കിട്ടിയ ചോദ്യം ചല്ലെന്ജിംഗ് അല്ലാരുന്നു സാര്‍. ഭയങ്കര സിമ്പിള്‍ ആരുന്നു


ഭാഗം രണ്ടു :- പാമ്പിന്റെ പാര്‍ഷ്യല്‍ ഔട്പുട്ട്
മൂന്നാമത്തെ സെമസ്ടരില്‍ ഒരു നമ്പര്‍ പ്രൈം ആണോ അല്ലയോ എന്ന് കണ്ടു പിടിക്കുന്ന പ്രോഗ്രാം എഴുതാന്‍ വന്നു.. പാമ്പിന്റെ പ്രോഗ്രാമില്‍ എന്ത് നമ്പര്‍ കൊടുത്താലും ഉത്തരം പ്രൈം നമ്പര്‍ അല്ല എന്ന് കാണിക്കും.. പാമ്പിനു പാര്‍ഷ്യല്‍ ഔട്പുട്ട്.. പ്രൈം അല്ലാത്ത നമ്പറുകള്‍ കൊടുത്താല്‍ പ്രോഗ്രാം കറക്റ്റ് ആയി വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ..

ഭാഗം മൂന്നു:- മിനി പ്രൊജക്റ്റ്‌
അഞ്ചു ആറു പേര് കൂടി ഒരു ഗ്രൂപ്പ് ആയിട്ട് ആരുന്നു മിനി പ്രൊജക്റ്റ്‌.. പതിവ് പോലെ വെല്യ വെല്യ പ്ലാനിങ്ങില്‍ ആരുന്നു ഇവന്മാര്‍ എല്ലാരും.. ഫിന്ഗര്‍ പ്രിന്റ്‌ ഐടന്റിഫിക്കെഷന്‍ ചെയ്യാം എന്ന് ഇവന്മാര്‍ ആദ്യം തീരുമാനിച്ചു.. പിന്നെ ഉള്ള ആറു മാസം ഇതിനെക്കുറിച്ച്‌ മറന്നു പോയത് പോലെ നടന്നു.. അവസാനം ഡെമോ കാണിക്കുന്നതിന്റെ ഒരു ആഴ്ച മുന്നേ എല്ലാരും വീണ്ടും തീരുമാനം മാറ്റി.. ഫിന്ഗര്‍ പ്രിന്റ്‌ സംഭവം പാടാണ്, വേറെ ഹാര്‍ഡ്‌വെയര്‍ ഒക്കെ വേണം.. വെബ്‌ക്യാം വെച്ച് ഫേസ് റെക്കഗ്നിഷന്‍ ചെയ്യാം.. കൂട്ടത്തില്‍ അത്യാവശ്യം വെളിവുള്ള ഒരുത്തന്‍ പറഞ്ഞു.. എവിടുന്നേലും അത്യാവശ്യം വര്‍ക്ക്‌ ചെയ്യുന്ന ഒരു കോഡ് കിട്ടിയാല്‍.. ഞാന്‍ അത് റെഡി ആക്കി എടുത്തോളാം..എവിടുന്നോ കാശു കൊടുത്തു വര്‍ക്ക്‌ ചെയ്യും എന്ന് അവര്‍ അവകാശപ്പെട്ട ഒരു സാധനം ഡേമോയുടെ തലേ ദിവസം വാങ്ങിച്ചു..ചെയ്ത് നോക്കിയപ്പം ഒരാളെ പോലും അത് മര്യാദക്ക് റെക്കഗ്നൈസ് ചെയ്യുന്നില്ല.. പണി പാളി.
അന്ന് രാത്രി മുഴുവന്‍ റെഡി ആക്കം എന്ന് ഏറ്റവന്‍ കുത്തി ഇരുന്നു പണിതു.. രാവിലെ ആയപ്പം എല്ലാരോടും പറഞ്ഞു.. അളിയാ സംഭവം വര്‍ക്ക്‌ ചെയ്യും.. പക്ഷെ ചെറിയ കുറച്ചു കണ്ടീഷന്‍സ് ഉണ്ട്.. ഒരു കറുത്ത തുണി, പിന്നെ നമുക്ക് ആറു പേര്‍ക്കും.. നല്ല കാവടി കളറില്‍ ഉള്ള ആറു നിറങ്ങളില്‍ ഉള്ള ഒറ്റ കളര്‍ ഷര്‍ട്ട് വേണം...

അന്ന് ലാബില്‍ ഡെമോ :- ആദ്യം ഒരുത്തന്‍ കയറി വന്നു.. കടും പച്ച ഷര്‍ട്ടും കയില്‍ ഒരു വെബ്‌ക്യാമും, പുറകെ കടും ചുവപ്പ് ഷര്‍ട്ടും ഒരു കറുത്ത തുണിയും ആയി രണ്ടാമത്തവന്‍, പിന്നാലെ മഞ്ഞ, നീല, വെള്ള, ഓറഞ്ച് ഇങ്ങനെ മഴവില്ല് പോലെ എല്ലാരും വന്നു നിന്നു. ഡെമോ സമയത്ത് ഒരുത്തന്‍ കറുത്ത തുണിയും പിടിച്ചു നില്കും. ഓരോരുത്തര്‍ ആയിട്ട് ആ തുണിയുടെ മുന്നില്‍ വന്നു പോസ് ചെയ്യും.. ഇതെല്ലാം ഡേറ്റബേസില്‍ സ്റ്റോര്‍ ചെയ്യും. പിന്നീട് അതില്‍ ആരു വന്നു ഫോട്ടോ എടുത്തു ചെക്ക് ചെയ്താലും അത് കറക്റ്റ് ആയിട് ഡേറ്റബേസില്‍ നിന്നു അതെ ആളുടെ ഫോട്ടോ എടുത്തിട്ട് മാച്ച് ആയി എന്ന് മെസ്സേജ് കാണിക്കും..
ടീച്ചര്‍ വൈവക്കു ചോദിച്ചു.. ഐടന്റിക്കല്‍ ട്വിന്‍സ് ആണേല്‍ ഇത് ഡിട്ടക്റ്റ് ചെയ്യുവോ?
തള്ളാന്‍ വേണ്ടി മാത്രം ഈ ഭൂമിയില്‍ അവതാരം എടുത്തവന്‍ ചാടി കേറി പറഞ്ഞു :- ഇത് വരെയുള്ള ഫേസ് റെക്കഗ്നിഷന്‍ പ്രോഗ്രാംസ് എല്ലാം 92 ശതമാനം അക്കുറസി ആണ് തരുന്നത്.. നമ്മുടെ ഈ സാധനം, 98.42 ശതമാനം അക്കുറസി തരും.. അത് കൊണ്ട് എന്തായാലും ഡിട്ടക്റ്റ് ചെയ്യും.
ഡെമോ കഴിഞ്ഞു പുറത്ത് ഇറങ്ങി ഇവന്മാര്‍ രഹസ്യം പുറത്തു വിട്ടു.. പ്രോഗ്രാം മുഖം നോക്കുന്നെ ഇല്ല.. നല്ല കട്ട കളര്‍ ഉള്ള ഭാഗത്ത്‌ ഓരോ പിക്സലും എടുത്തു.. അതിലെ റെഡ് ഗ്രീന്‍ ബ്ലൂ വാല്യു എടുക്കും.. അത് വെച്ച് മാച്ച് ചെയ്ത് നോക്കും.. നീല ഇട്ടോണ്ട് ആരു വന്നാലും.. ഡേറ്റബേസിലെ നീല ഫോട്ടോ എടുത്തു കാണിക്കും..അങ്ങനെ അതിനും ഫുള്‍ ഔട്പുട്ട്