Friday, September 16, 2016

ടീം ഔട്ടിങ് @ സക്ലേഷ്പൂർ

രണ്ടു വർഷം മുന്നേ നമ്മുടെ ടീമിലെ എല്ലാരും കൂടി ഇരുന്നു ഒരു ടീം ഔട്ടിങ് പ്ലാൻ ചെയ്തിരുന്നു. നമുക്കു ശ്രീ ലങ്കയിലേക്കോ അല്ലെങ്കിൽ വിയറ്റ്നാമിലേക്കോ വല്ലോം ടീം ഔട്ടിങ്ങിനു വിട്ടാലോ എന്ന്.. അതിന്റെ തൊട്ടു അടുത്ത ദിവസം ഒരു 156 പേരെ കമ്പനി പറഞ്ഞു വിട്ടു.. നമ്മുടെ കൂടെ ഡിസ്കസ് ചെയ്തിരുന്ന ഒരു പയ്യനും അതിലുണ്ടാരുന്നു.. അതിനു ശേഷം അങ്ങനെ ഒരു ഡിസ്കഷൻ നമ്മൾ നടത്തിയിട്ടില്ല.. പക്ഷെ ഇത്തവണ ടീമിൽ കുറെ ന്യൂ ജെൻ പയ്യന്മാരും, കുറെ എലൈറ്റ് കാറ്റഗറി മച്ചാന്മാരും ഉള്ളത് കാരണം വീണ്ടും മുടിഞ്ഞ പ്ലാനിംഗ്. പണ്ടത്തെ അനുഭവം ഉള്ളത് കാരണം ഞാൻ ഇതിൽ പങ്കെടുക്കാതെ മാറി നിന്നു .. നമുക്ക് എന്തും സമ്മതം എന്ന് നേരത്തെ പറഞ്ഞിരുന്നു..അവസാനം തിരഞ്ഞു പിടിച്ചു കാടുമക്കി എന്നൊരു റിസോർട് കണ്ടു പിടിച്ചു..എന്തൊക്കെ കുടിക്കാൻ വേണം, എന്തൊക്കെ കഴിക്കാൻ വേണം, ഓരോരുത്തരും എന്ത് മാത്രം കുടിക്കും, ഐസ് കൊണ്ട് പോകണ്ടേ.. തുടങ്ങി അതി ഭീകരം ആയ ഡിസ്കഷന്സ്..
അങ്ങനെ ഏതാണ്ട് എല്ലാം ഒക്കെ പ്ലാൻ ചെയ്തു റെഡി ആക്കി.. നമുക്ക് മൂന്നു വണ്ടിയിൽ ആയിട്ട് പോകാം, ഡയറക്ടർ സാറിനു ഒരു ഫോർച്യൂണർ ഉണ്ട്, എന്റെ ഡിസയർ, പിന്നെ ഒരു ജിമ്മൻ ഉണ്ട്, പുള്ളിടെ സ്വിഫ്റ്റ്.  ഫോർച്യൂണർ വരുന്നത് ഒരു മുപ്പതു കിലോമീറ്റർ ദൂരത്തു നിന്നായതു കൊണ്ട്  ആ പരിസരത്തു നിന്നുള്ളവർ മാത്രം കേറുന്നു.. പകുതി ദൂരം ആകുമ്പം ബ്രേക്ഫാസ്റ്റിനു നിർത്തുമ്പം മാറിക്കേറുന്നു..അതാണ് പ്ലാൻ. രാവിലെ ആറിനാണ് എന്റെ ആദ്യത്തെ പിക്കപ്പ്, ആറരക്ക് അവസാനത്തേതും നമ്മൾ  അധികം സമയം ലേറ്റ് ആകാതെ ആറേമുക്കാൽ ആയപ്പോഴേക്കും അഞ്ചു പേരും കേറി നേരെ ബ്രേക്ഫാസ്റ് പോയിന്റിലേക്കു പാഞ്ഞു. ഏകദേശം അമ്പതു കിലോമീറ്റർ ഉണ്ട് നെലമംഗലയിലേക്ക്, അവിടുത്തെ ഉഡുപ്പി ഹോട്ടൽ ആണ് നമ്മുടെ ലക്ഷ്യം. ഏഴു എട്ടു പേർക്ക് ഇരിക്കാവുന്ന ഫോർച്യൂണർ മൂന്നു പേരും ആയി അവിടെ എത്തി, ഒരു പത്തു മിനിറ്റിനുള്ളിൽ നമ്മളും എത്തി. ജിമ്മന്റെ വണ്ടി കാണുന്നില്ല, വിളിച്ചു ചോദിച്ചപ്പം അവർ രണ്ടാമത്തെ പിക്കപ്പ് ആവുന്നേ ഉള്ളൂ. ജിമ്മന് രാവിലെ പതിനഞ്ചു മോട്ടേടെ വെള്ള കഴിക്കണം, അതിൽ ഒരു മൂന്നു എണ്ണം കുറവുണ്ടാരുന്നു, അത് കൊണ്ട് കട തുറക്കുന്നത് വരെ അങ്ങേരു വെയിറ്റ് ചെയ്യുവാരുന്നു..ജിമ്മന് ഒരു കണ്ടൻ പൂച്ച ഉണ്ടാരുന്നു, ഇങ്ങേരു തിന്നുന്ന മോട്ടേടെ മഞ്ഞ പത്തു ദിവസം അതിനു കൊടുത്തു. ജിമ്മന്റെ ബൈസെപ്സ് വീർത്തു വരുന്ന പോലെ പൂച്ചേടെ ബോഡി പമ്പിങ്‌ പത്തു ദിവസം നടന്നു, അവസാനം അത് ചത്ത് പോയി.

ജിമ്മന്റെ സ്വിഫ്റ്റിലും അഞ്ചു പേരു കേറണം, അതിൽ ഏറ്റവും മെലിഞ്ഞ ഐറ്റം എൺപത്തഞ്ചു കിലോ ഉണ്ടു. അതാണ് അഞ്ചു പേരുടെ ഒരു ഏകദേശ തുക !!! അങ്ങനെ വെയിറ്റ്  ചെയ്തു ചെയ്തു അവസാനം ഒരു മണിക്കൂർ കഴിഞ്ഞപ്പം ഇഴഞ്ഞു ഇഴഞ്ഞു സ്വിഫ്റ്റ് എത്തി. രാവിലത്തെ കാപ്പി കുടി കഴിഞ്ഞു ഫോർച്യൂണറിൽ അഞ്ചു പേരും, എന്റേം ജിമ്മൻറേം വണ്ടിയിൽ നാല് പേര് വീതവും ആയി യാത്ര തുടർന്നു. ഫോർച്യൂണർ മിനിമം ഒരു നൂറ്റമ്പതു കിലോമീറ്ററിൽ വെച്ച് അലക്കുന്നു .. ഞാനും ഏകദേശം അതെ സ്പീഡിൽ പായുന്നു.. അടുത്ത സ്റ്റോപ്പിൽ നിർത്തി.. ജിമ്മനും കൂട്ടുകാർക്കും വേണ്ടി വെയിറ്റ് ചെയ്യുന്നു. ഒരു മണിക്കൂർ കഴിഞ്ഞു ജിമ്മൻ എത്തി, ചോദിച്ചപ്പം പറഞ്ഞു.. ഇടക്ക് മൊട്ട കഴിക്കാനും, പ്രോട്ടീൻ വെള്ളം കുടിക്കാനും ആയിട്ട് കുറെ സ്ഥലത്തു നിർത്തണ്ടി വന്നെന്നു. ഇതെല്ലാം കഴിച്ചിട്ടും, ഉച്ചക്ക് നമ്മൾ എല്ലാവരും തിന്നുന്നതിലും കൂടുതൽ അകത്താക്കി, അല്ലേൽ ഗ്യാസ് കേറും അത്രേ.. പാവം!!!

ഒടുവിൽ നമ്മൾ സകലേഷ്‌പൂറിൽ എത്തി. കാടുമക്കിയിലേക്കുള്ള വഴി ഫോർച്യൂണറിൽ  ഉള്ള കന്നഡ അറിയാവുന്ന ഒരുത്തൻ ചോദിച്ചു മനസ്സിലാക്കി. അവരു മുന്നേ പോയത് കാരണം അവനോടു ഫോൺ ചെയ്തു നമ്മളും വഴി ചോദിച്ചു, അവൻ പറഞ്ഞത് അനുസരിച്ചു, സുരഭി എന്നൊരു ബോർഡ് കാണും, അത് കഴിഞ്ഞു ഒന്നര കിലോമീറ്റർ പിന്നെ വലത്തോട്ടുള്ള വഴി..പണ്ട് മലബാറിൽ നിന്നുള്ള ഒരുത്തൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടീടെ  വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പം പറഞ്ഞു, ഒരു കുരിശുതൊട്ടി ഉണ്ട്, അവിടുന്ന് ഇടത്തോട്ട് വളയാൻ.. പുതുപ്പള്ളിയിൽ ചെന്നപ്പോൾ, ഒരോ വളവു കഴിയുമ്പോഴും വഴിടെ രണ്ടു വശത്തും കുരിശുതൊട്ടി..ഇതു അത്രയ്ക്ക് അങ്ങോട്ട് പോയില്ലേലും, നമ്മൾ സുരഭി എന്നുള്ള ഒരു പത്തു ബോർഡ് കണ്ടു. നാല് ഹോട്ടൽ, രണ്ടു പലചരക്കു കട, ഒരു ചിട്ടി കമ്പനി ..അവസാനം നമ്മൾ നമുക്ക് അറിയാവുന്ന "എഷ്ടൂ ദൂര, ഹോഗി , ഗൊത്താ "ഒക്കെ അടിച്ചു വഴി കണ്ടു പിടിച്ചു കാടുമക്കിയിൽ എത്തിപ്പെട്ടു.. അവസാനത്തെ അഞ്ചു കിലൊമീറ്റർ ദുരിതം ആരുന്നു. വഴി ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്..നമ്മൾ ചെന്നപ്പം ഡയറക്ടറും പിള്ളേരും കലാപരിപാടി തുടങ്ങി, അല്ലേൽ ഐസ് ബോക്സ് കൊണ്ട് വന്നത് വെറുതെ ആവില്ലേ..നമ്മളും കൂടി.. ഐസ് ഒക്കെ വെള്ളം ആയി, പിന്നെ നീരാവി ആയി, പിന്നെ അത് മഴ ആയി പെയ്തു തുടങ്ങിയപ്പം ജിമ്മനും പിള്ളേരും എത്തി.. വയറിൽ ഗ്യാസ് കേറാതെ ഇരിക്കാൻ ജിമ്മൻ എന്തൊക്കെയോ വലിച്ചു വാരി തിന്നു അനങ്ങാൻ മേലാതെ ഇരിക്കുന്നു.


Image result for kadumakki resorts
ജിമ്മൻ വന്ന വഴിക്കു അവിടെ കണ്ട ഒരു അരുവിടെ അടുത്തേക്ക് പാഞ്ഞു പോയി. ഒരു മിനിറ്റിനുള്ളിൽ നനഞ്ഞു കുളിച്ചു തിരിച്ചു വരുന്നത് കൊണ്ട് ചോദിച്ചപ്പം പറഞ്ഞു, അളിയാ ഫോൺ പോയി.. കഴിഞ്ഞ ആഴ്ച വാങ്ങിയ എച് റ്റി സി .. ജിമ്മൻ നേരെ ചെന്നതും തെന്നി വെള്ളത്തിലോട്ടു വീണു, ഫോൺ വെള്ളത്തിൽ പോയി..അത് എടുക്കാൻ ആയി കുനിഞ്ഞ വഴിക്കു വീണ്ടും വീണു. എല്ലാം ഒരു മിനിറ്റിനു ഉള്ളിൽ കഴിഞ്ഞു. ഫോൺ ചുമ്മാതെ റീസ്റ്റാർട് ആയികൊണ്ടേ ഇരിക്കുന്നു.

സമയം രാത്രി ആകാറായി, ജിമ്മന് ഫോൺ പോയതിൽ ഉള്ള വിഷമവും ഒക്കെ ആയി മൊത്തത്തിൽ പാമ്പ് ആകാൻ ഉള്ള മൂഡാണ്. ജഗന്നാഥന്റെ വാചകങ്ങൾ മനസ്സിൽ കുറിച്ചു - "തലയ്ക്കു ബോധവും, കാലിനു ബലവും ഉള്ള ഒരുത്തനും ഇവിടുന്നു പോകരുത്, അങ്ങനെ ഉണ്ടേൽ മാത്രം കുടിക്കുക, അല്ലേൽ കുടിക്കരുത്."
ബാക്കി ഉള്ളവർ ഒക്കെ ഒന്നും രണ്ടും പെഗ് വെച്ചു കുടിച്ചു തുടങ്ങുമ്പോഴേക്കും ജിമ്മൻ ഒരു എട്ടു ലാർജ് അകത്താക്കി. "മ്യൂസിക് വിത്ത് ബോഡി മസിൽസ്" എന്ന സംഭവം നമ്മൾ എല്ലാവരും നേരിൽ കണ്ടു..ആദ്യം ഒരു നൂറു പുഷ്അപ്, അത് കഴിഞ്ഞിട്ട് പറഞ്ഞു.. ഇപ്പം വാം അപ് ആയെന്നു..ഇത് കേട്ടതും ഡയറക്ടറുടെ ബോധം പകുതി പോയി..പിന്നെ എന്തൊക്കെയോ കാണിച്ചു കൂട്ടി. അവസാനം പാമ്പ് ആയെന്നു ഉറപ്പു വന്നപ്പം ജിമ്മൻ റൂമിലേക്ക് പോണം എന്ന് പറഞ്ഞു.. നമ്മൾ കീ കൊടുത്തു.. ജിമ്മൻ ആടി ആടി റൂമിലേക്ക് പോയി.. നമ്മൾ രണ്ടു പേരും കൂടെപോയി.. ഇത് കണ്ട ജിമ്മൻ നമ്മളെ തടഞ്ഞു.. എന്നിട്ടു വിശ്വ പ്രസിദ്ധമായ ആ ഡയലോഗ് പറഞ്ഞു.. "ഞാൻ ഫിറ്റ് അല്ലെടേ"..ജിമ്മന്റെ അവസ്ഥ മനസ്സിലായത് കാരണം കൂടെ ഉള്ള കുഞ്ഞു പാമ്പ് ജിമ്മനോട്  പറഞ്ഞു..ഡാ, ഞാൻ ഫിറ്റാ, നീ എന്നെ ഒന്ന് റൂമിലേക്ക് ആക്കു.. ജിമ്മനെ പറ്റിക്കാൻ നോക്കിയ കുഞ്ഞു പാമ്പിന്റെ കരണക്കുറ്റി നോക്കി ജിമ്മൻ ഒരെണ്ണം കൊടുത്തു.. പറ്റിക്കാൻ നോക്കുന്നോടാ പട്ടീ ..അവസാനം ജിമ്മന്റെ ഒരു കൈ അകലത്തിൽ നമ്മൾ പുറകെ നടന്നു..

ജിമ്മൻ റൂമിന്റെ അടുത്തെത്തി, കുറെ നേരം ആയിട്ട് പൂട്ട് തുറക്കാൻ നോക്കുന്നു.. അടി കിട്ടിയത് കാരണം പാമ്പിൻകുഞ്ഞു ഒന്നും മിണ്ടുന്നില്ല. അവസാനം ധൈര്യം സമ്മതിച്ചു ചോദിച്ചു.. 
ഞാൻ :- ഞാൻ തുറന്നു തരണോ ?
ജിമ്മൻ :- വേണ്ടാ, ഞാൻ തന്നെ തുറന്നോളം 
ഞാൻ :- കുറെ നേരം ആയില്ലേ നോക്കുന്നു.. ഇനി ഞാൻ തുറക്കാം 
ജിമ്മൻ:- നിനക്ക് ധൃതി ഉണ്ടേൽ കേറിപ്പോടാ, ഞാൻ വിളിച്ചോ നിന്നെ ഒക്കെ ?
ഞാൻ :- അങ്ങനെ ആണേൽ വലതു വശത്താ പൂട്ടു, ഈ ഇടതു വശത്തു ഇട്ടു തിരിച്ചോണ്ട് ഇരുന്നാൽ ഒന്നും കിട്ടില്ല 
ജിമ്മൻ:- ഇതാരാ അവിടെ കൊണ്ടേ വെച്ചെ ? നിനക്കിതു നേരത്തെ പറഞ്ഞു കൂടെ?

വീണ്ടും അഞ്ചു മിനിറ്റു കഴിഞ്ഞു ..

ഞാൻ :- ഞാൻ തുറന്നു തരണോ ?
ജിമ്മൻ :- വേണ്ടാ, ഞാൻ തന്നെ തുറന്നോളം 
ഞാൻ :- കുറെ നേരം ആയില്ലേ നോക്കുന്നു.. ഇനി ഞാൻ തുറക്കാം 
ജിമ്മൻ:- നിനക്ക് ധൃതി ഉണ്ടേൽ കേറിപ്പോടാ, ഞാൻ വിളിച്ചോ നിന്നെ ഒക്കെ ?
ഞാൻ :- ഡേയ്, അതിന്റെ അടിയിലാ കീഹോൾ, നീ അതിന്റെ നടുക്ക് കുത്തി കൊണ്ടിരുന്നാൽ അത്  തുറക്കില്ല..
ജിമ്മൻ :- വൃത്തികെട്ടവനേ നിനക്കിതു നേരത്തെ പറഞ്ഞു കൂടെ .. ഇനി നീ തന്നെ തുറക്ക് ..
അവസാനം ജിമ്മനെ കൊണ്ട് പോയി കിടത്തി പാമ്പും കുഞ്ഞും ഞാനും ബാക്കി എല്ലാരും കൂടി തിരിച്ചു വന്നു ജിമ്മൻ ഇല്ലാത്ത നമ്മുടെ പാമ്പാട്ടം തുടർന്നു ...ഇനി അടുത്ത വർഷം ശ്രീ ലങ്കയ്ക്ക് വിട്ടാലോ???

1 comment:

Anonymous said...

Who is the gym guy here btw? Clue, his name starts with 'A' & ends with 'L"