Monday, August 22, 2011

നള പാചകം - മുളകു ബജി

നള പാചകം എന്ന് കേട്ടിരുന്നതല്ലാതെ നേരിട്ട് ഇത് വരെയും അധികം ഒന്നും കണ്ടിരുന്നില്ല. ഏതേലും ഹോട്ടലില്‍ പോകുമ്പം അവിടുത്തെ ചേട്ടന്‍ പൊറോട്ട അടിക്കുന്നതും പിന്നെ വല്ല സദ്യക്ക് ഏതേലും ദേഹണ്ഡക്കാര്‍ വന്നു പത്തഞ്ഞൂറു പേര്‍ക്ക് വെച്ച് വിളമ്പുന്നതും മാത്രം ആണ് ഇതിനു മുന്നേ അടുത്തു കണ്ടിരിക്കുന്നത്.. ഇപ്പോള്‍ ഞാന്‍ തന്നെ ഓരോന്ന് ഓരോന്ന് ആയിട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം ആയി മുളക് ബജി ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തി.. മോശം പറയരുതല്ലോ.. കഴിക്കാവുന്ന അവസ്ഥയില്‍ സംഭവം ഉരുത്തിരിഞ്ഞു വന്നു.



ഇതിനു വേണ്ട സാധനങ്ങള്‍ 
കടലമാവ് :- ഒന്നര കപ്പ്‌ 
നീളത്തില്‍ നടുവേ കീറിയ മുളക് :- അഞ്ചു എണ്ണം കീറിയാല്‍ മൊത്തം പത്തു എണ്ണം കിട്ടും
ഉപ്പു, മുളകുപൊടി - ഇതൊക്കെ എല്ലാരും പറയുന്ന പോലെ ആവശ്യത്തിനു..ഈസ്ടെണിന്റെ കാശ്മീരി മുളക് പൊടി എന്നൊരു സാധനം കിട്ടും.. അല്പം എരുവ് കുറവാണേലും നല്ല കളര്‍ കിട്ടും.. കണ്ടാല്‍ ഒരു സുഖം കാണും  [ഇതൊന്നും ഇപ്പം കുറച്ചു കൂടുതല്‍ ആയാലും കുഴപ്പം ഒന്നും ഇല്ല.. നമ്മള്‍ തന്നെ തിന്നുവല്ലേ.. വേറെ ആര്‍ക്കും കൊടുക്കാതെ ഇരുന്നാല്‍ മതി. ]
ഇതേ വരെ  ഉണ്ടാക്കിയ മുളക് ബജികളില്‍ നിന്നും വ്യത്യസ്തത ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കുറച്ചു മഞ്ഞപ്പൊടി, കുറച്ചു ഗരം മസാല, അല്പം കുരു മുളക് പൊടി.. ഇവയും കരുതി വെക്കുക.

ഉണ്ടാക്കേണ്ട വിധം 
ആദ്യം കടലമാവ് എടുത്തു ഒരു പാത്രത്തില്‍ ഇടുക.. അതിലേക്കു കുറച്ചു ഉപ്പും മുളകുപൊടിയും ഇടുക.
 അതില്‍ കുറെ വെള്ളം ഒഴിക്കുക.. എന്നിട്ട് നല്ലവണ്ണം അങ്ങ് ഇളക്കുക.. ഇളക്കുംബം ശ്രദ്ധിക്കേണ്ട കാര്യം കൈ ഉപയോഗിച്ച് ഇളക്കാതെ ഇരിക്കുക എന്നാണു.. അല്ലേല്‍ ഈ സാധനം എല്ലാം കൂടി കയില്‍ ഒട്ടിപ്പിടിച്ചു ഇരിക്കും.. പിന്നെ കൈ കഴുകി അതില്‍ തന്നെ ഒഴിക്കണ്ടി വരും. ഒരു സ്പൂണ്‍ ഉപയോഗിച്ച് അങ്ങ് ഇളക്കി ഒരു മാതിരി കൊഴമ്പു പരുവം ആകണം.. കഴച്ചതു പാകം ആയോ.. അതോ ഓവര്‍ ആയോ എന്നറിയാന്‍.. മുന്നേ കീറി വെച്ചിരിക്കുന്ന ഒരു മുളക് എടുത്തു ഈ മാവില്‍ മുക്കി നോക്കുക.. രണ്ടു സൈഡിലും നന്നായി മാവ് ഒട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടെല്‍ പാകം ആയി എന്നര്‍ത്ഥം. അല്ലേല്‍.. കുറച്ചു പൊടി ഇടുകയോ.. അല്ലേല്‍ കുറച്ചു വെള്ളം ഒഴിക്കുകയോ എന്താണെന്നു വെച്ചാല്‍ മനോധര്‍മം അനുസരിച്ച് പ്രവര്‍ത്തിക്കാം. ഇതിനു ശേഷം ഇതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും മഞ്ഞപ്പൊടിയും കൂടി ചേര്‍ത്തിട്ടു വീണ്ടും കുഴക്കുക..

ഇത്രയും ആയിക്കഴിഞ്ഞാല്‍.. ഒരു ചീനച്ചട്ടി എടുത്തു അതിലേക്കു കുറച്ചു എണ്ണ ഒഴിക്കുക.. അത് ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യുക.. ചൂടായോ എന്നറിയാന്‍ കുറച്ചു മാവ് എടുത്തു അതിലേക്കു ഇട്ടു നോക്കാം.. ശൂ എന്നൊരു ശബ്ദം ഉണ്ടായാല്‍.. നമ്മുടെ പാത്ത്രത്തിലെ മുളകുകള്‍ ഓരോന്നോരോന്നു ആയി.. മാവില്‍ മുക്കി എടുത്തു നേരെ എണ്ണയിലേക്ക് ഇടുക.. നല്ല രീതിയില്‍ മുളകിന്റെ രണ്ടു വശത്തും മാവ് പിടിക്കുന്നില്ല എങ്കില്‍.. ഒരു സ്പൂണ്‍ എടുത്തു പറ്റാത്ത സ്ഥലങ്ങളില്‍ ഒക്കെ കോരി ഒഴിക്കുക.. തിരിച്ചും മറിച്ചും ഒന്ന് ഇട്ടേക്കുക.. 
സംഭവം തീര്‍ന്നു.. മുളക് ബജി റെഡി.. ഇനി അടുത്ത പ്രശ്നം.. വാങ്ങിച്ച മുളക് തീര്‍ന്നു.. പക്ഷെ കലക്കി വെച്ച കടല മാവ് തീര്‍ന്നില്ല എന്നതാണ്.. ഇതിനു വേണ്ടി.. ഒരു ഉരുളക്കിഴങ്ങ് എടുത്തു വട്ടത്തില്‍ അരിഞ്ഞു മാവില്‍ മുക്കി എണ്ണയിലേക്ക് ഇടുക.. അങ്ങനെ അതും റെഡി ആയി 




ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നതാണ് സ്വാധിഷ്ടം ആയ മുളക് ബജിയും ഉരുളക്കിഴങ്ങ് ബജിയും...  ഇനി ഇതെല്ലാം കൂടി ഏതേലും ഒരു പാത്ത്രത്തിലേക്ക് എടുത്തു വെച്ചിട്ട് സ്വയം കഴിച്ചു നോക്കുക.. സാധാരണ ഗതിയില്‍.. മറ്റാരെയും ഈ ഉദ്യമത്തില്‍ പങ്കെടുപ്പിക്കാതെ ഇരുപ്പിക്കുന്നതാരിക്കും ഉചിതം.. അതും കഴിഞ്ഞു നമുക്ക് ബോധ്യം വന്നാല്‍.. ബാക്കി വല്ലതും ഉണ്ടെങ്കില്‍.. വീട്ടില്‍ ഉള്ളവര്‍ക്കും കൊടുക്കാം..


നമ്മള്‍ സ്വയം ഉണ്ടാക്കുന്ന സാധനങ്ങള്‍ അതെത്ര ചവറായാലും നല്ല രുചി ആണെന്ന് നമുക്ക് മാത്രമേ അറിയൂ.. ഈ സാധനം വേറെ ആര്‍ക്കേലും കൊടുക്കുന്നുണ്ടെങ്കില്‍ അവരെയും ഈ പ്രപഞ്ച സത്യം പറഞ്ഞു മനസ്സിലാക്കി നിങ്ങളെ അഭിനന്ദിക്കാന്‍ പറയൂ 

1 comment:

manju said...

angane akhil mulakku baji undaakkan padichu!!

radhika-yude comments aanu ariyendathu..