Sunday, October 12, 2025

തലയ്ക്കു വെളിവും കാലിനു ബലവും ഉള്ള ഒരുത്തനും പാലറ്റിൽ നിന്നും അന്ന് പോയില്ല !!!

മൊത്തം ഒരു ഫാന്റസി ആണ്.. ഇതിൽ ചിലതൊക്കെ നടന്നതും.. കൂടുതലും നടക്കാത്തതും ആണ്..




ഇപ്പോഴത്തെ കമ്പനിയിൽ കുറെ മലയാളി ഫ്രണ്ട്‌സ് ഉണ്ട്.. ഇടക്ക് എവിടേലും കൂടും .. പഴേ കാര്യങ്ങൾ ഒക്കെ അയവിറക്കുക, ഓഫീസ് ഗോസ്സിപ് പറയുക, നല്ല ഫുഡ് അടിക്കുക, അടിച്ചു ഓഫ് ആകുക.. ഇത്ര മാത്രം.

ഓഫീസിനു അടുത്ത് പാലറ്റ് എന്നൊരു പബ് ഉണ്ട്.. ഒരു വൈകുന്നേരം ഒരു നാല് മണിക്ക് ഇറങ്ങി.. ഞാൻ, അജേഷ്, ടിറ്റോ, ലിജോ, സുകേഷ്, നമ്പൂതിരി, ജെകെ .. ഇതിൽ 40 വയസ്സിനു താഴെ ഉള്ള ഒരുത്തനും ഇല്ല.. മൊത്തം ഒരു ജെൻസി ക്രൗഡ് .. യോ യോ .. 

ചെന്നു കേറിയ പാടെ.. സുകേഷിനേം, ജെകെയെം, നമ്പൂതിരിയേം കണ്ട വെയ്റ്റർ ബംഗാളി പയ്യൻ.. ഹലോ സേട്ടാന്നു..ഹോ, ബാംഗ്ലൂർ ആണ്.. അത്യാവശ്യം പോഷ് പബ് ആണ്.. 

ടിറ്റോ  : മൂഡ് പോയി, മൂഡ് പോയി..ഡാ, ലിജോ വേഗം എന്തേലും ഓർഡർ ചെയ്തേ.. 

അജേഷ്  : ഇവിടു ബീഫ്  ഉലർത്തിയത് ഉണ്ടോ?

ഞാൻ: അജേഷേ.. ഇത് കൈരളി ഹോട്ടൽ അല്ല.. പബ്ബാ .. (മനസ്സിൽ : എവിടെ പോയാലും.. ബീഫ് ബീഫ്..വീട്ടിൽ എന്നും ഇത് ഇതന്നെ.. എന്നാലും ആർത്തി മാറീട്ടില്ല ..)

നമ്പൂതിരി - ഇവിടെ നല്ല കൂർഗ് പോർക്ക് കിട്ടും...

ലിജോ - (ഞെട്ടി) ഏ !!! നമ്പൂതിരി തന്നെയല്ലേ? നിങ്ങൾ ഇതൊക്കെ കഴിക്കുവോ?

നമ്പൂതിരി - നോം സാധാരണ വെജ് ആണ്..വീട്ടിൽ ഈ സാധനം കേറ്റില്യ!! ...പക്ഷെ വെള്ളം അടിക്കുമ്പം ഇത് അങ്ങ് സ്മൂത്ത് ആയി ഇറങ്ങിപ്പോണേൽ നോൺ വെജ് നിർബന്ധാ ..

ലിജോ എന്തൊക്കെയോ വലിച്ചു വാരി ഓർഡർ ചെയ്യാൻ ബംഗാളി പയ്യനെ വിളിച്ചു.. ആദ്യം തന്നെ അവനു ഒരു 500 രൂപ ടിപ്പ് കൊടുത്തു..എല്ലാവരും കൂടെ ഒരുമിച്ചു ചോദിച്ചു.. എന്തിനാ ഇപ്പോഴേ ടിപ്പ്? അതും ഇത്രേം കൂടുതൽ?

ലിജോ - ഇനി നോക്കിക്കോ .. അവൻ ഈ ടേബിൾ വിട്ടു പോവില്ല..

ലിജോ ഓർഡർ ചെയ്ത ഒരു നാല് സാധനം ഇപ്പം ഇവിടില്ല എന്നു പയ്യൻ പറഞ്ഞു..

ലിജോ - (വളരെ നിരാശൻ ആയി) - ഇതെന്നാ പൂട്ടാൻ പോകുവാണോ?

സുകേഷ് - ഡേയ് മിണ്ടാതിരിയഡേ .. ഇന്നാളു നീ ഇങ്ങനെ ചോദിച്ചിട്ടാണ് 'കിടിലം' ഹോട്ടൽ പൂട്ടിപോയതു .. നല്ല ബീഫ് കിട്ടുന്ന കടയാരുന്നു .. ഓഫീസിൽ വരാൻ ഉള്ള മെയിൻ മോട്ടിവേഷൻ .. അത് പൂട്ടിയതിനു ശേഷം.. അജേഷ് എന്നും വർക്ക് ഫ്രം ഹോം ആണ്..

ലിജോ കുടിക്കാനും കഴിക്കാനും എന്തൊക്കെയോ ഓർഡർ ചെയ്തു.. വീണ്ടും ചെയ്തു..ഇതിങ്ങനെ ഒരു ലൂപ്പിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു ..

വൈകിട്ട് 4 മണിക്ക് തുടങ്ങിയ കലാപരുപാടി രാത്രി ഒരു 11 വരെ തുടർന്നു..

അതിനിടക്ക് റ്റിറ്റോക്കു ഡാൻസ് കളിക്കണം. ഡാൻസിൽ അവൻ ഒരു മമ്മൂക്ക ആണ്‌ .. എന്തൊക്കെയോ ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ട്.. പക്ഷെ പറ്റുന്നില്ല.. പക്ഷെ അവൻ അവിടെ കിടന്നു ഡാൻസ് ചെയ്തു മെഴുകി.. അവൻ ഓരോ ടേബിളിലും പോയി.. അവരേം മോട്ടിവേറ്റ് ചെയ്തു.. അടങ്ങി ഒതുങ്ങി ഇരുന്നു കുടിച്ചും കഴിച്ചും ഇരുന്ന പാലറ്റ് മുഴുവൻ ഡാൻസ്.. അതും ഇവൻ സെന്റ്ററിലും ജനം മുഴുവനും അവൻ്റെ ചുറ്റിലും.. എല്ലാരും ഇവന്റെ ഊള സ്റെപ്സ് ഫോളോ ചെയ്യുന്നു.. ഹൃതിക് റോഷന്റെ സ്റ്റെപ് ഇവൻ കളിക്കുന്നത് പുള്ളി എങ്ങാനും കണ്ടാൽ.. പാലെറ്റിന്റെ ഡാൻസ് ഫ്ലോറിൽ ഒരു കുഴി കുത്തി അവിടെ കിടന്നു ഒരു റീത്ത് എടുത്തു നെഞ്ചത്ത് വെച്ചേനെ ..ഹോ അടിച്ച സാധനത്തിന്റെ കിക്ക്‌ പോയി ഇവന്റെ ഡാൻസ് കണ്ടിട്ട്..

ഇടക്ക് ഒന്നു ബാത്റൂമിൽ പോയപ്പോൾ.. ടിറ്റോ അവിടെ ക്ലീനിങ്ങിനു നിന്നിരുന്ന ഒരു പയ്യന്... 200 രൂപ ടിപ്പ് കൊടുക്കുന്നു.. എന്നിട്ടു ഒരു രാജാവിനെ പോലെ അവിടുന്ന് ഇറങ്ങി വരുന്നു.. 

ക്ലീനിങ് പയ്യൻ - (മനസ്സിൽ) - എന്തോരോ മഹാനു ഭാവലു...

ഞാനും പയ്യനും കൂടെ ബാത്റൂമിന് അകത്തേക്ക് കേറി.. ഇപ്പം കാര്യം മനസ്സിലായി.. ടിറ്റോ അവിടെ പൂക്കളം വാരി വിതറി മെഴുകി വെച്ചു .. അത് ക്ലീൻ ചെയ്യാൻ ഉള്ള അഡ്വാൻസ് ആരുന്നു.. നേരത്തെ ടിപ്പ് രൂപത്തിൽ കൊടുത്ത്..

ക്ലീനിങ് പയ്യൻ - (മനസ്സിൽ) - ശവം... എന്ത് വിധിയിതു ...

അതിനിടക്ക് ആർക്കോ വേണ്ടി ആരോ ഓർഡർ ചെയ്ത ഫുഡും ഡ്രിങ്ക്‌സും ആയി ബംഗാളി വെയ്റ്റർ ഏതോ ടേബിളിലേക്കു പോകുന്നു.. 
സുകേഷ് - ഡാ മോനെ.. അതിവിടെ വെച്ചേച്ചു പോടാ.. 
പയ്യൻ - യെ ആപ് കേലിയെ നഹീ ഹേ..
സുകേഷ്  - അതൊന്നും കുഴപ്പം ഇല്ലെടാ.. അതിവിടെ വെച്ചേക്കടാ 
പയ്യൻ സേട്ടനെ സമാധാനിപ്പിക്കാൻ പകുതി സാധനങ്ങൾ അവിടെ വെച്ചിട്ടു ബാക്കി ആയിട്ട് പോയി..

ഒരു 11 മണി ആകാറായപ്പം ജെകെയും നമ്പൂതിരിയും കൂടെ പോകാൻ തയാറെടുത്തു ..ഞാനും അവരെ അനുഗമിച്ചു.. ബാക്കി സുകേഷ്, ലിജോ, അജേഷ്  ഒക്കെ റ്റിറ്റോയും അവൻ്റെ ഡാൻസും കണ്ടോണ്ടു ഡാൻസ് ഫ്ലോറിൽ ..ഞാൻ ഇവരുടെ പുറകെ പോകുമ്പം.. നമ്പൂതിരി നടക്കുന്നത് ഒരു പ്രത്യേക സ്റ്റൈലിൽ ആണ്.. പണ്ട് ടീവിയിൽ അയ്യപ്പ ബൈജു ചെയ്തിരുന്ന ഒരു കലാരൂപം ഓർമ്മ വന്നു..നമ്പൂതിരിയുടെ അര മുതൽ താഴോട്ടു മുൻപോട്ടും .. അര മുതൽ മുകളിലോട്ടു പുറകോട്ടും ആണ് പോകുന്നത്.. എങ്ങനെയൊക്കെയോ നടന്നു ബൈക്കിന്റെ അടുത്തെത്തി.. ജെകെ ജാക്കറ്റിൽ നിന്നും കീ എടുക്കുന്നു.. ബൈക്ക് അൺലോക്ക് ചെയ്യാൻ നോക്കുന്നു.. ഒരു 10 മിനിറ്റ് ജെകെ ആ കീ തിരിക്കാൻ നോക്കി.. അവസാനം.. നമ്പൂതിരി അത് കണ്ടു പിടിച്ചു.. ജെകെ ഇട്ടു തിരിക്കുന്നത് ഓഫീസിലെ ഡ്രോയർ കീ ആരുന്നു.. 
എന്നാ കുരിശൊക്കെ ആണോ എന്തോ? 

കുറച്ചു ബോധം വന്നപ്പം ജെകെ ഓർത്തു.. ബൈക്കിന്റെ കീ സുകേഷിന്റെ കൈയിൽ ആണെന്ന്..
ഞാൻ സുകേഷിനെ വിളിച്ചു.. ഡാൻസ് ഫ്ലോറിൽ നിന്നും ഊള സ്റെപ്സ് ഇടുന്നതിനു ഇടയിൽ.. സുകേഷ് ഫോൺ എടുത്തു.. നമ്മൾ കാര്യം പറഞ്ഞു.. സുകേഷ് ആ ഓക്കേ.. ഒരു രണ്ടു മിനിറ്റു .. നമ്മൾ ഒരു 10 മിനിറ്റു വെയിറ്റ് ചെയ്തു.. ആരും വന്നില്ല.. അവസാനം നമ്പൂതിരി ടിറ്റോയുടെ ഡാൻസ് ഫ്ലോറിൽ എത്തി.. 
സുകേഷ് പറയുവാ.. അയ്യോടാ.. ഞാൻ ഫോൺ വെച്ചിട്ടു വീണ്ടും ഡാൻസ് ചെയ്യാൻ പോയി.. നിങ്ങൾ വിളിച്ച കാര്യം മറന്നു പോയി.. അവസാനം കീ ഒക്കെ ആയി വന്നു.. നമ്പൂതിരിയും ജെകെയും വീട്ടിലേക്കു പോയി.. ഞാൻ കുറച്ചു നേരം പുറകെ പോയി.. അവരുടെ ബൈക്ക് ആണോ.. അതോ എന്റെ ബൈക്ക് ആണോ സിഗ് സാഗ്  പോലെ പോകുന്നത് എന്ന് ഇപ്പോഴും എനിക്കൊരു ക്ലാരിറ്റി കിട്ടിയില്ല.. ഏതോ ഒരു ബൈക്ക് അങ്ങനെ പോയത് ആണ് എന്റെ ഓർമ്മ..വഴിയുടെ ലെഫ്റ്റിൽ നിന്നും റൈറ്റിലേക്കു അത് പോലെ തിരിച്ചും.. ഇതിങ്ങനെ പൊയ്ക്കൊണ്ടേ ഇരുന്നു 

ലിജോയെ വീട്ടിൽ കൊണ്ടാക്കാൻ അജേഷ് പോയി.. ലിജോ താക്കോൽ ഇട്ടു കുറെ തിരിച്ചു.. എന്ത് ചെയ്തിട്ടും ഡോർ തുറക്കുന്നില്ല.. കൊണ്ടാക്കാൻ പോയ അജേഷും നോക്കി.. ഒരു രക്ഷയും ഇല്ല.. അവസാനം 10 മിനിറ്റു കഴിഞ്ഞപ്പോൾ അവിടുത്തെ സെക്യൂരിറ്റി വന്നു പറഞ്ഞു.. സാറേ ലോക്ക് ലെഫ്റ് സൈഡിൽ അല്ല.. റൈറ്റ് സൈഡിലാ .. നിങ്ങൾ കീ ഇടുന്നതു മറ്റേ സൈഡിലാ .. 
ലിജോ - ഹോ നമ്മൾ രണ്ടും ഓഫ് ആണല്ലോ.. എന്നിട്ടാണോ നിങ്ങൾ എന്നെ കൊണ്ടാക്കാൻ വന്നേ..

അജേഷ് വീട്ടിൽ എത്തി.. എന്ത് ചെയ്തിട്ടും.. ടി ഷർട്ട് ഊരാൻ പറ്റുന്നില്ല.. കഴിച്ചും കുടിച്ചും വയർ കുറച്ചു വീർത്തു.. പക്ഷെ ഇത് തല വഴി ഇറങ്ങി വരുന്നില്ല.. അവസാനം ഭാര്യ വന്നു അജേഷിനോട് പറഞ്ഞു.. 
എഡോ മനുഷ്യാ.. നിങ്ങൾ ഹെൽമെറ്റ് ഊരീട്ടില്ല .. അത് ഊരി മാറ്റിട്ടു ടി ഷർട്ട് ഊരു ..

അവസാനം ടിറ്റോ വീട്ടിൽ എത്തി.. ബാത്റൂമിലേക്ക് കയറി.. എല്ലാം നോക്കീം കണ്ടും ചെയ്യുന്നതിന്റെ ഭാഗം ആയി നമ്പൂതിരി റ്റിറ്റോയെ വിളിച്ചു നോക്കി.. സേഫ് ആയിട്ട് എത്തിയോ എന്നറിയാൻ..ടിറ്റോ ഫോൺ എടുത്തു.. ടിറ്റോ പറയുന്നത് നമ്പൂതിരിക്കോ നമ്പൂതിരി പറയുന്നത് റ്റിറ്റോക്കോ കേക്കാൻ പറ്റുന്നില്ല..കുറച്ചു കഴിഞ്ഞപ്പം വെളിവ് വന്നു..അവൻ ഫോൺ എടുത്തു വെച്ചത്.. ഹെൽമെറ്റിന്റെ മുകളിൽ കൂടി ആരുന്നു.. 

അങ്ങനെ ദേവാസുരത്തിൽ പറയുന്ന പോലെ.. തലയ്ക്കു വെളിവും.. കാലിനു ബലവും ഉള്ള ഒരുത്തനും പാലറ്റിൽ നിന്നും അന്ന് പോയില്ല..പക്ഷെ ഇതിൽ ഒരാൾ അന്ന് കുടി നിർത്തി.. ചെറിയൊരു അബദ്ധം..
അന്ന് വെഡ്‌ഡിങ് ആനിവേഴ്സറി ആരുന്നു.. ഡിന്നർ പ്ലാൻ ഉണ്ടാരുന്നു.. അത് മറന്നു പോയി.. ഡിവോഴ്സ് ഒഴിവാക്കാൻ കുടി നിർത്തി ..